കഞ്ചാവ് കച്ചവടം; പ്രധാനിയായ യുവാവ് കിളിമാനൂർ പോലീസിന്റെ പിടിയിൽ

കഞ്ചാവ് കച്ചവടം; പ്രധാനിയായ യുവാവ് കിളിമാനൂർ പോലീസിന്റെ പിടിയിൽ

നിലമേൽ മിന്ന് വളയിടം സൂര്യ വിലാസം വീട്ടിൽ ഹരികൃഷ്ണൻ (25) ആണ് പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥികൾ അടക്കമുള്ള ആവശ്യക്കാർക്ക് കഞ്ചാവ് പൊതികളായി വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി രാശിത്ത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, രാജീ കൃഷ്ണ, ഷാഡോ ടീം അംഗങ്ങളായ എസ് ടി പി ഒ അനൂപ്, സി പി ഒ വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതി മുൻപും കേസുകളിൽ പ്രതിയായിരുന്നുവെന്നും, പ്രതിയ്ക്കെതിരെ കോടതിയിൽ അറസ്റ്റ് വാറുണ്ട് നിലവിലുള്ളതായും ഇൻസ്പെക്ടർ സനൂജ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

ട്വിറ്ററിൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു; വൈറലായി സച്ചിൻ ടെൻഡുൽക്കറിന്റെ പ്രതികരണം

ട്വിറ്ററിൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു; വൈറലായി സച്ചിൻ ടെൻഡുൽക്കറിന്റെ പ്രതികരണം

പരമ്പരാഗത ബ്ലൂ വെരിഫിക്കേഷൻ ടിക്ക് മാർക്കുകൾ ഒഴിവാക്കാനുള്ള ട്വിറ്ററിന്റെ ശ്രമം തിരിച്ചടിയായത് സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റികൾക്ക്. വ്യാജ അക്കൗണ്ടുകളിൽ ചെറുക്കുന്നതിനാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ ബ്ലൂ ടിക്ക് നൽകിയിരുന്നത്. എന്നാൽ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ തുടർന്ന് പരമ്പരാഗത ബ്ലൂ ടിക്കറ്റുകൾ ഒഴിവാക്കുകയും ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്തവർക്ക് മാത്രം വെരിഫിക്കേഷൻ മാർക്ക് നൽകുകയും ചെയ്തു.

ഈ നീക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെയും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടിരുന്നു. വിഷയത്തിൽ സച്ചിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. #AskSachin എന്ന ഹാഷ്ടാഗിൽ ഇന്നലെ സച്ചിൻ ട്വിറ്ററിൽ നടത്തിയ ഓൺലൈൻ ചോദ്യോത്തര സെഷനിൽ ഒരാൾ ബ്ലൂ ടിക്ക് ഇല്ലാത്ത ഈ അക്കൗണ്ട് യാഥാർത്ഥമായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചു. അതിന് മറുപടിയായി, കൈ ഉപയോഗിച്ച് ടിക് മാർക്ക് കാണിക്കുന്ന തന്റെ ഒരു ചിത്രം പങ്കു വെച്ചുകൊണ്ട് സച്ചിൻ മറുപടി നൽകി.

അതിന് തലക്കെട്ടായ്, ‘ഇപ്പോൾ, ഇതാണ് എന്റെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ’ എന്ന വാക്കുകളും അദ്ദേഹം കുറിച്ചിരുന്നു. ചിത്രം നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ലെഗസി ബ്ലൂ ടിക്ക് മാഞ്ഞതോടെ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവരുടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനും നീങ്ങി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് വെരിഫൈഡാണ്. ബ്ലൂ ടിക്കിന് പകരം വെരിഫൈഡ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിനായി ചാരനിറത്തിലുള്ള അടയാളമാണ് നൽകിയിരിക്കുന്നത്. കായിക താരങ്ങളായ വിരാട് കൊഹ്ലി, രോഹിത് ശർമ മുതലായവരുടെ ട്വിറ്റർ അക്കൗണ്ടുകളും ഇപ്പോൾ വെരിഫൈഡല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്

കൊച്ചി: കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒരാഴ്ച മുൻപ് ഊമക്കത്ത് ലഭിച്ചത്. കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം നടന്നു വരികയാണ്. നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി കേരളത്തിൽ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കൂടുതൽ സുരക്ഷയൊരുക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.

നാളെ വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെയ്ക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്, ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ

കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്, ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ

കാസർകോട്; കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. 150 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ വണ്ടിയിൽ നിന്ന് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

കർണാടക രജിസ്ട്രേഷൻ കാറിലാണ് എംഡിഎംഎ വിറ്റത്. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് ഇവർ. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർകോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്. മറ്റു രണ്ട് പേർ ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.

ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: രാത്രി വരെ ഉയർന്ന തിരമാലയും കടലാക്രമണവും, ജാ​ഗ്രത നിർ​ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.