by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: അപകീർത്തി കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. സെൻട്രൽ ഡൽഹിയിലെ തുഗ്ലക് ലെയ്നിലുള്ള വസതി ഇന്ന് രാവിലെ ഒഴിയുമെന്നാണ് വിവരം. സാധനങ്ങൾ ഇന്നലെയോടെ ഇവിടെനിന്ന് നീക്കി. എങ്ങോട്ടേക്കാകും രാഹുൽഗാന്ധി മാറുക എന്നകാര്യത്തിൽ വ്യക്തതയില്ല.
മാർച്ച് 27നാണ് വസതി ഒഴിയാനാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചത്. ഞായറാഴ്ചവരെയാണ് ലോക്സഭാ ഹൗസിങ് പാനൽ വസതി ഒഴിയാൻ രാഹുലിന് സമയം നൽകിയിട്ടുള്ളത്. 2004ൽ എംപി ആയ രാഹുൽഗാന്ധി 2005 മുതൽ ഇതേ വസതിയിലാണ് താമസിക്കുന്നത്.
അപകീർത്തി പരാമർശത്തിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി വ്യാഴാഴ്ച്ച തള്ളിയിരുന്നു. രാഹുൽ കുറ്റക്കാരനാണെന്ന വിധി സെഷൻസ് കോടതി സ്റ്റേ ചെയ്തില്ല. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.
by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലാവലിൻ കേസ് സുപ്രിം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രിം കോടതി കേസ് പരിഗണിച്ചിരുന്നില്ല.
അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്.
by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് മറ്റൊരു പെരുന്നാൾ കൂടി. കൊവിഡ് ഭീതി പടിയ്ക്കലെത്തിയെങ്കിലും കൂടിച്ചേരലുകൾ വിലക്കാത്തതുകൊണ്ട് തന്നെ ഇത്തവണ വിവിധിയിടങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ഈദ് ഗാഹുകളും പ്രാർത്ഥനകളും നടക്കും. ശവ്വാൽ ചന്ദ്രിക ദൃശ്യമായതോടെ പെരുന്നാളിന് തുടക്കമായി.
30 ദിവസത്തെ കഠിന വ്രതത്തിന് സമാപനം കുറിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസികൾ പെരുന്നാൾ തിരക്കിലേക്ക് വഴിമാറും. രാത്രിയിൽ മൈലാഞ്ചി അണിഞ്ഞും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാളിന്റെ വരവറിയിക്കും. ഒപ്പം വിശന്നിരിക്കുന്ന നിർധനരായ സഹോദരങ്ങൾക്ക് അരിയും ഭക്ഷ്യസാധനങ്ങളുമായി ഓരോ വിശ്വാസിയും എത്തും. ഫിത്വർ സക്കാത്ത് (ഭക്ഷണധാന്യം ദാനം ചെയ്യുന്ന ചടങ്ങ്) എന്നാണ് ഇതിന് പറയുക. വീട്ടിലെ ഓരോ അംഗങ്ങളുടേയും പേരിൽ 2.400 കിലോഗ്രാം വീതം ധാന്യം നൽകേണ്ടതുണ്ട്. കേരളത്തിൽ പ്രധാനമായി നൽകുന്നത് അരിയാണ്.രാവിലെ തക്ബീറുകളാൽ മുഖരിതമാകും അന്തരീക്ഷം.
രാവിലെ തന്നെ പുത്തൻ വസ്ത്രം ധരിച്ച് കുടുംബത്തിലെ മുതിർന്നവർ മറ്റ് കുടുംബാംഗങ്ങൾക്ക് പെരുന്നാൾ പണം നൽകും. പിന്നാലെ കുടുംബമൊന്നിച്ച് ഈദ് ഗാഹിൽ പങ്കെടുക്കും.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കുടുംബമൊത്ത് കഴിച്ച് തീരുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾ അവസാനിക്കും.
by Midhun HP News | Apr 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടായതിനു ശേഷം പൊതുവെ ഉയർന്നു വരുന്ന പ്രധാന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ പിഇടിജി കാർഡിലേക്ക് മാറ്റാം എന്നുള്ളത്. നിലവിലുള്ള കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാൽ പിഇടിജി കാർഡ് ലൈസൻസുകൾ വീട്ടിലെത്തും. അടുത്തു തന്നെ എന്തെങ്കിലും സർവീസുകൾ (ഉദാഹരണത്തിന് ,പുതുക്കൽ, വിലാസംമാറ്റൽ, ഫോട്ടോ സിഗ്‌നേച്ചർ തുടങ്ങിയവ മാറ്റൽ, ജനന തീയതി മാറ്റൽ, ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ ) ചെയ്യാനായുള്ളവർക്ക് പിഇടിജി കാർഡിലേക്ക് മാറാൻ പ്രത്യേകമായി അപേക്ഷ തിരക്കിട്ട് നൽകേണ്ടതില്ല.
കൂടാതെ പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലും ഉള്ള ലൈസൻസുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാൻ ബാക്കിയുള്ളവർ അതത് ആർ ടി ഒ / സബ് ആർ ടി ഓഫീസുകളിൽ ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത് പുതിയ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. സാരഥി സോഫ്റ്റ് വയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വന്ന ഉടനെ ഈ സേവനം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസിൽ ലൈസൻസ് മാറ്റി നൽകുകയുള്ളൂ. അതിനു ശേഷം കാർഡ് രൂപത്തിലേക്ക് മാറാൻ നിലവിൽ പ്രാബല്യത്തിലുള്ള ഫീസ് (ഡൂപ്ലിക്കേറ്റ് ലൈസൻസിനുള്ള ഫീസ്) ഒടുക്കണം.
by Midhun HP News | Apr 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മൂവാറ്റുപുഴ: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭാ വൈദികനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനായ ശെമവൂൻ റമ്പാനെ (77) മൂവാറ്റുപുഴ ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു.
ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടി പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ വൈദികൻ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയിൽ താൽക്കാലിക ചുമതലയുമായെത്തിയത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലകളിൽ നിന്ന് സഭ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തിൽ അന്വേഷണത്തിനായി ഓർത്തഡോക്സ് സഭ മൂന്നംഗ സമിതിയെ നിയമിച്ചു. സമിതി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ നൽകിയ നിർദ്ദേശം. ആരോപണ വിധേയനെ സംരക്ഷിക്കില്ലെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു.
by Midhun HP News | Apr 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരന്റെ വിഫലശ്രമം. ഒരു ബ്ലോക്കിന്റെ മതിൽ ചാടി എത്തിയത് അടുത്ത ബ്ലോക്കിൽ. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതിൽ ചാടി പഴയ ബ്ലോക്കിലെത്തി. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാവേലിക്കര കോടതി റിമാൻഡ് ചെയ്ത മോഷണക്കേസ് പ്രതിയായ യുവാവാണ് ജയിൽ ചാടാൻ ശ്രമിച്ചത്. ഇയാൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. അവധി ദിവസമായതിനാൽ ഇന്ന് തടവുകാർക്ക് ടിവി കാണാനുൾപ്പടെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇയാൾ തടവുചാടാൻ ശ്രമം നടത്തിയത്.
ഏഴടിപ്പൊക്കമുള്ള മതിൽ ചാടിക്കടന്നപ്പോളാണ് അബദ്ധം മനസിലായത്. സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് തിരക്കിയിറങ്ങിയ വാർഡൻമാരാണ് അടുത്ത ബ്ലോക്കിൽ ഈ തടവുകാരൻ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോൾ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. തടവുകാരൻ മതിൽ ചാടാനുള്ള ശ്രമം നടത്തിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.
Recent Comments