by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി. പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശയാണ് ഹൈക്കോടതി അംഗീകരിച്ചത്. ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കി. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളതെന്നും വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്.
പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിന് പുറമേ അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ആന ഇതിനോടകം തന്നെ പ്രയാസത്തിലാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.
റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ, ഹൈക്കോടതി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിന് ഇത് തടസ്സമല്ലെന്നും ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അരുണ്‍ സക്കറിയ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു.
മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് നസീഫിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർവതിപുരം കൃഷിഭവന് സമീപം സുരേഷ് ഭവനിൽ സുരേഷ് (41) മരണപ്പെട്ടു. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് തായ്‌ലാന്‍ഡ് കഞ്ചാവുമായി യുവതിയും സുഹൃത്തും അറസ്റ്റില്‍. കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹൈബ്രീഡ് ഇനത്തില്‍പ്പെട്ട 15 ഗ്രാം തായ്‌ലാന്‍ഡ് കഞ്ചാവ് കണ്ടെടുത്തു. കരമനയിലെ ഒരു യുവാവിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയാണ് വിനിഷ. പിടിയിലായ വരുണ്‍ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്ത് വരികയായിരുന്നു പ്രതികള്‍. പരശുവയ്ക്കലില്‍ പാറശ്ശാല സി.ഐ യുടെ നേതൃത്വത്തില്‍ പൊലീസും, ആന്റി നാര്‍ക്കോട്ടിക് സംഘവും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ബസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കരമനയില്‍ പെണ്‍വാണിഭം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനിഷ. ഇവരുടെ ഭര്‍ത്താവ് കേസിലെ ഒന്നാം പ്രതിയാണ്. ഇയാള്‍ നിലവില്‍ കാപ്പാ കേസില്‍ കുടുങ്ങി ജയിലില്‍ ആണ്. ഒരു വര്‍ഷം മുമ്പായിരുന്നു കൊലപാതകം.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എലത്തൂരില്‍ ടെയിനില്‍ തീവെയ്പിനിടെ മരിച്ച മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്. കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്.
ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനില്‍കുമാര്‍ എന്നലാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തീവെപ്പില്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം അരങ്ങേറിയത്. രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിനൊടുവില്‍, നാലുദിവസത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടി.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതി വിധിച്ചത്.
ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയൈാണ് പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാര്‍ ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവാണ് വിധിച്ചതെങ്കിലും ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍, 500 രൂപ പിഴയൊടുക്കി മോചിതനാവാം.
പതിനാറു പ്രതികളില്‍ രണ്ടു പേരെ ഇന്നലെ കോടതി വെറുതെവിട്ടിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.
അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനാണ് മധു. 2018 ഫെബ്രുവരി 22ന് കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പൊലീസ് മധുവിനെ അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.
Recent Comments