എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോടേക്കാണ് പൊലീസ് എത്തിച്ചത്. അതിനിടെ ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്ന വാഹനം വഴിയിൽ പഞ്ചറായി. കണ്ണൂർ കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഡൽഹി സ്വദേശിയായ ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

കേരള പൊലീസിന് പ്രതിയെ കൈമാറിയതിനു പിന്നാലെയാണ് ഇയാളെ കോഴിക്കോടേയ്ക്ക് എത്തിച്ചത്. മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെയാണ് സ്വകാര്യ കാറിൽ പ്രതിയെ കോഴിക്കോട് എത്തിക്കുന്നത്.

ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളിൽ ചിലർ ഡൽഹിയിൽ കസ്റ്റഡിയിലുണ്ട്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചിരുന്നു.

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

ഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നും മുടങ്ങിയേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്കാണ് സഭ ചേരുക. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്. ഇന്നലെ അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം തുടർന്നതിനാൽ പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും സമ്മേളനം ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ബഹളം തുടങ്ങിയതോടെ അധ്യക്ഷൻമാർ രണ്ടു മണി വരെ സഭകൾ നിർത്തിവച്ചു. രണ്ടു മണിക്ക് ബഹളം തുടർന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ പാർലമെന്ററി സമിതികളുടെ അടക്കം റിപ്പോർട്ടുകൾ സഭയിൽ വച്ച ശേഷമാണ് പിരിഞ്ഞത്.

അതേസമയം ലോക്‌സഭയിൽ ബഹളത്തിനിടെ കോസ്റ്റൽ അക്വാ കൾച്ചർ അതോറിട്ടി ഭേദഗതി ബിൽ അവതരിപ്പിച്ചു. 2016ൽ അമ്രേലിയിലെ ബിജെപി എംപി ബിക്കാഭായ് കച്ചാഡിയയെ മൂന്നുവർഷം തടവിന് ശിക്ഷിച്ചിട്ടും ലോക്‌‌സഭാംഗത്വം റദ്ദാക്കാതിരുന്ന നടപടി ചൂണ്ടിക്കാട്ടി ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അനാവശ്യ ധൃതി കാട്ടിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

കവലയൂർ ശ്രീ മഹാദേവൻ – മഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം നാളെ മുതൽ

കവലയൂർ ശ്രീ മഹാദേവൻ – മഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം നാളെ മുതൽ

ആറ്റിങ്ങൽ: കവലയൂർ ശ്രീ മഹാദേവൻ – മഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം 6 മുതൽ 15 വരെ നടക്കും. 6 ന് ഉച്ചയ്ക്ക് 12.10 ന് മേലേടം ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് , രാത്രി 8 ന് കീഴേടം ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ്.

7 ന് രാവിലെ 10.15 ന് കീഴേടം ക്ഷേത്രത്തിൽ നാഗരൂട്ടും പുള്ളുവൻ പാട്ടും, വൈകിട്ട് 6.15 ന് മേലേടം ക്ഷേത്രത്തിൽ ലക്ഷ്മി നാരായണ പൂജ. 8 ന് വൈകിട്ട് 5.40 ന് സമൂഹനീ രാഞ്ജനം. 9 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9 ന് കഥാപ്രസംഗം. 10 ന് രാത്രി 7.30 ന് മാനസ ജപ ലഹരി. 11 ന് രാത്രി 9.30 ന് മേജർ സെറ്റ് കഥകളി. 12 ന് രാത്രി 9 ന് ഗാനമേള. 13 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9.30 ന് നൃത്ത നൃത്യങ്ങൾ. 14 ന് വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, രാത്രി 7 ന് നാദസ്വരം, 8.30 ന് സിംഗിൾ ഡാൻസ്, 9 ന് കാക്കാരശി നാടകം. 15 ന് വൈകിട്ട് 6 ന് തിരു ആറാട്ട് എഴുന്നള്ളത്ത്, 8 ന് തൃക്കൊടിയിറക്ക്.

ഉത്സത്തിനെത്തിയ യുവാവിന്‍റെ ചെവി ലാത്തികൊണ്ട് അടിച്ചുതകർത്തു; പൊലീസിനെതിരെ പരാതി

ഉത്സത്തിനെത്തിയ യുവാവിന്‍റെ ചെവി ലാത്തികൊണ്ട് അടിച്ചുതകർത്തു; പൊലീസിനെതിരെ പരാതി

നെടുമ്പന: കൊല്ലത്ത് ക്ഷേത്രോത്സവത്തിനെത്തിയ യുവാവിന്‍റെ ചെവി പോലീസ് ലാത്തി കൊണ്ട് അടിച്ചു തകർത്തെന്ന് പരാതി. സാരമായി പരിക്കേറ്റ നെടുമ്പന സ്വദേശി അതുൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണനെല്ലൂര്‍ പൊലീസിനെതിരെയാണ് ആരോപണം. അതേസമയം ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽപ്പെട്ടവരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും മറ്റാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് കണ്ണനെല്ലൂർ പോലീസിന്റെ വിശദീകരണം.

നെടുമ്പന മരുതൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉത്സവത്തിനെത്തിയവര്‍ തമ്മിലടിച്ചതോടെ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ സംഘര്‍ഷത്തിൽ ഇല്ലാതിരുന്ന യുവാവിനേയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതുലിന്റെ ചെവിക്ക് ലാത്തിയടിയേറ്റു. ചെവിയിൽ നിന്നും ചോര വന്നതോടെ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ഉത്സവം കാണാനെത്തിയ നിരവധി പേരെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം കണ്ണനല്ലൂർ പൊലീസ് തള്ളി. ഇരു ചേരികളായി തിരിഞ്ഞു വലിയ സംഘര്‍ഷമാണ് ഉത്സവത്തിനിടയുണ്ടായിതെന്നും ഇത് തടയാൻ മാത്രമാണ് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കണ്ണനല്ലൂർ പൊലീസ് അറിയിച്ചു.

ജില്ലയിലെ ആദ്യ നഗരസഭാ തല മോഡൽ സി ഡി എസ് കുടുംബശ്രീ 25 ആം വാർഷികോദ്ഘാടനം നാളെ

ജില്ലയിലെ ആദ്യ നഗരസഭാ തല മോഡൽ സി ഡി എസ് കുടുംബശ്രീ 25 ആം വാർഷികോദ്ഘാടനം നാളെ

ആറ്റിങ്ങൽ: ജില്ലയിലെ ആദ്യ നഗരസഭാ തല മോഡൽ സി ഡി എസ് കുടുംബശ്രീ 25 ആം വാർഷികോദ്ഘാടനം നാളെ നടക്കും. നഗരസഭാ അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക സമുദായ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിയ്ക്കും. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻന്റെ 206 സംരംഭകർക്കുള്ള ബൾക്ക് ലോണിന്റെ വിതരണം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിയ്ക്കും. ഒപ്പം 41 ആശ്രയ ഗുണഭോക്താക്കൾക്കായുള്ള ആനുകൂല്യ വിതരണം അഡ്വ. എസ് കുമാരിയും നിർവഹിയ്ക്കും. ചടങ്ങിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദും ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.നജീബ് വൈഖരിയും മുഖ്യപ്രഭാഷണം നടത്തും.

നഗര സഭ വൈസ് ചെയർ മാൻ ജി. തുളസീധരൻ പിള്ള, സുമ ഒ, എ നജാം, രമ്യ സുധീർ, അവനവഞ്ചേരി രാജു, ഗിരിജ സി, ഉണ്ണികൃഷ്ണൻ, സന്തോഷ്, കെ അരുൺ, റീജ എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയായ സുനില്‍കുമാറിനെയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്‌ഐമാരായ ദില്‍ജിത്ത്, ഷെഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.