ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്നു‌. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ എൻ. എസ്. എസ്. ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ:ഭാസ്കരൻനായരുടെയും (കൊല്ലം), അഡ്വ.പാറുക്കുട്ടിയമ്മയുടെയും (ആറ്റിങ്ങൽ ബാറിലെ ആദ്യകാല അഭിഭാഷക) മകനാണ്.

1983ൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. വിരമിച്ച ശേഷം സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. നിലവിൽ ബഫർ സോൺ വിഷയം പഠിക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒട്ടേറെ ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട അദ്ദേഹം ശ്രദ്ധപിടിച്ചു പറ്റി.

വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ കനത്ത മഴയത്തു തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാകാൻ കൈക്കോട്ടുമായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണണൻ രംഗത്തിറങ്ങിയത് വലിയ വർത്തയായിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമർശനം ചർച്ചയായിരുന്നു.

അപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിലെത്തി അപ്പീൽ നൽകും

അപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിലെത്തി അപ്പീൽ നൽകും

ന്യൂഡൽഹി: അപകീർത്തി കേസിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ച വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. രാഹുൽ കോടതിയിൽ നേരിട്ടെത്തി വിധിയിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെടും. മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാർ രാഹുലിനൊപ്പമുണ്ടാകും എന്നാണ് വിവരം. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് ശിക്ഷ വിധിച്ചത്. പിന്നാലെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.

കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുറാലിക്കിടെ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് വിവാദമായത്. ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി സിജെഎം കോടതിയിൽ നൽകിയ പരാതിയിലാണ് ശിക്ഷ വിധിച്ചത്. പട്നയിൽ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ സമാനകേസിൽ ഏപ്രിൽ 12-ന് ഹാജരായി മൊഴി നൽകണമെന്നാവശ്യപ്പെട്ടും രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബിഹാറിലെ കത്യാറിലും കേസ് ഉണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,760 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തിയതാണ് കഴിഞ്ഞമാസം വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്താന്‍ കാരണം.

പതിവ് തെറ്റിക്കാതെ മുംബൈ, തുടക്കം തോൽവിയോടെ; ആർസിബി എട്ട് വിക്കറ്റിന് ജയിച്ചു

പതിവ് തെറ്റിക്കാതെ മുംബൈ, തുടക്കം തോൽവിയോടെ; ആർസിബി എട്ട് വിക്കറ്റിന് ജയിച്ചു

ബംഗളൂരു: ആദ്യ മത്സരത്തില്‍ തോൽവിയെന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മുംബൈ തോൽവി സമ്മതിച്ചത്. മുംബൈ ഉയർത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. വിരാട് കോഹ്‍ലിയും ഫാഫ് ഡുപ്ലസിസും ചേർന്ന് 141 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി. 43 പന്തില്‍ 73 റണ്‍സ് നേടിയാണ് ഫാഫ് പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ദിനേശ് കാർത്തിക്ക് വിക്കറ്റിന് മുന്നിൽ കുടുങ്ങി. വിരാട് കോഹ്‍ലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു.

49 പന്തില്‍ 82 റൺസാണ് കോഹ്‍ലിയുടെ സംഭാവന. മാക്‌സ്‌വെൽ മൂന്ന് പന്തിൽ 11 റൺസ് അടിച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് കൂട്ടത്തകർച്ചയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ അർധസെഞ്ചുറിയാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തിലക് 46 പന്തില്‍ ഒൻപത് ഫോറും നാല് സിക്‌സും സഹിതം 84* റണ്‍സെടുത്തു.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. 2 പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു.
ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും.

തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണു സാധ്യത. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാൽ വന്ദേഭാരത് കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളിൽനിന്നു വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാൻ വന്ദേഭാരതിനു കഴിയുമെന്നതിനാൽ ശരാശരി വേഗം 65ന് മുകളിൽ നിലനിർത്താൻ കഴിയും. കൂടുതൽ സ്റ്റോപ്പുകൾ നൽകുന്നതു വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്.