by Midhun HP News | Apr 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിച്ച് വാമനപുരം നദിയിലെ പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രാഥമികാംഗീകാരം ലഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. മണ്ണ് പരിശോധന, ഡിസൈൻ അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും. 7 കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.
വിശദമായ ഡിസൈൻ പൂർത്തിയായ ശേഷം നിർമ്മാണത്തിനുള്ള ഭരണാനുമതി, സാങ്കേതിക അനുമതി, ടെന്ററിംഗ് എന്നീ നടപടികൾ പൂർത്തീകരിച്ച് സാധ്യമായ പരമാവധി വേഗതയിൽ നിർമ്മാണം ആരംഭിക്കും. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്ന പദ്ധതിക്കാണ് ഇതോടെ ജീവൻ വയ്ക്കുന്നത്. കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ – പട്ട്ള റോഡും ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമം ജങ്ഷൻ -വാട്ടർ അതോറിറ്റി – പരവൂർ പുഴ റോഡുമായാണ് പാലം ബന്ധിപ്പിക്കുന്നത്.

കിളിമാനൂർ , കാരേറ്റ് എന്നിവിടങ്ങളിൽ നിന്ന് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തേക്കും ഇതുവഴി വേഗത്തിൽ എത്താനാകും. ഇരു കരകളെയും ബന്ധിപ്പിച്ച് മുമ്പുണ്ടായിരുന്ന കടത്തുവള്ളവും വർഷങ്ങൾക്കു മുമ്പ് നിലച്ചതോടെ രണ്ട് നാടുകൾ തമ്മിലുള്ള ആത്മബന്ധവും ഏതാണ്ട് നിലച്ചു എന്നതിനും പാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും. നാടിന്റെ സ്വപ്നങ്ങൾക്ക് എങ്ങനെയാണ് നിറം പകരുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതി. എം എൽ എ എന്ന നിലയിൽ നാടിന്റെ ആവശ്യം അറിഞ്ഞ് സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്. പദ്ധതിക്ക് അംഗീകാരം നൽകിയ സംസ്ഥാന സർക്കാരിന് ഈ നാടിന്റെ നന്ദി അറിയിക്കുന്നതായും എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.

by Midhun HP News | Apr 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: അയിരൂരിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി. താന്നിമൂട് വീട്ടിൽ സുനിൽകുമാറാണ് പിടിയിലായത്. അയിരൂരിൽ ഫെബ്രുവരി എട്ടാം തീയതിയായിരുന്നു സംഭവം. 32 കാരിയെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയാണ് സുനിൽ കുമാര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പു തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരിച്ചെത്തിയ, യുവതിയുടെ സഹോദരിയാണ് അതിക്രമം കാണുന്നത്.

സഹോദരി ബഹളം വച്ചതോടെ സുനിൽകുമാർ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കളുടെ പരാതിയിലായിരുന്നു അയിരൂര്‍ പൊലീസിന്‍റെ അന്വേഷണം. കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കി പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വർക്കല ഡി വൈ എസ് പിയുടെ നിര്‍ദ്ദേശാനുസരണം പൊലീസ് സംഘം കർണാടകയിലെ റാം ചൂഡിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

by Midhun HP News | Apr 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് എസ് അജീഷ് സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണൻ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വി ആർ സാബുവിന് ഉപഹാരം നൽകി ആദരിച്ചു.

സംസ്ഥാന ട്രഷറർ അനില്‍ വട്ടപ്പാറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധര തിലകൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, ജയ്‌ഹിന്ദ് ചാനൽ എം ഡി. ബി എസ് ഷിജു തുടങ്ങിയവർ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഹാസ് പള്ളിക്കൽ, അഫ്സൽ മടവൂർ, ബൻഷാ ബഷീർ, ജെ സജികുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഗിരിജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, ഉഷാകുമാരി. വി, ബീന. എം എൻ, ഗീതാകുമാരി, ബിന്ദു. ജി, ഇർഷാദ് തൊളിക്കുഴി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ്, സീനിയർ സൂപ്രണ്ട് സിന്ധു ആർ എൽ, എച്ച് എം ഫോറം സെക്രട്ടറി രാജേഷ് റാം, കെ പി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ സാബു, എ ആർ ഷമീം, ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ, സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, കെ പി എസ് ടി എ എച്ച് എം ഫോറം കൺവീനർ ലാജി ജി എൽ, ഹയർ സെക്കൻഡറി സെൽ കൺവീനർ വിഷ്ണു കൽപ്പടയ്ക്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ബിജു , ജില്ലാ കമ്മിറ്റി അംഗങ്ങളായ അനൂപ് എം ജെ, വിജയകുമാരി പി, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ക്‌ളീറ്റസ് തോമസ് ,സാജൻ പി എ, മുഹമ്മദ് അൻസാർ എ എം തുടങ്ങിയവർ സംബന്ധിച്ചു. ഉപ ജില്ലാ ട്രഷറർ പികെ സൂര്യകാന്തി നന്ദി രേഖപ്പെടുത്തി.
by Midhun HP News | Apr 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.


by Midhun HP News | Apr 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും. കുരിശിലേറ്റപ്പെടുന്നതിനുമുമ്പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന യേശുവിനായി ഒലീവുമരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് ‘ദൈവപുത്രന് സ്തുതി’ പാടിയ വിശ്വാസത്തിലാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, കുര്‍ബാന, വചന സന്ദേശം എന്നിവയുണ്ടാകും. പീഡാനുഭവ വാരത്തിന്റെ തുടക്കമായാണ് ഓശാന ഞായറിനെ വിശ്വാസികള്‍ കണക്കാക്കുന്നത്.

by Midhun HP News | Apr 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവില്‍ പറയുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ കെഎസ്ആര്‍ടിസി പറയുന്നു.


Recent Comments