വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ സമയത്ത് തുടങ്ങാനായില്ല. 25 ഓളം ശസ്ത്രക്രിയകളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. രോഗികകൾക്കും മറ്റും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രതിസന്ധിയുണ്ടായി. ശസ്ത്രക്രിയകൾ ആരംഭിക്കാൻ കാലതാമസം ഉണ്ടായെന്നും ശസ്ത്രക്രിയകൾ മുടങ്ങില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വൈദ്യുതി തകരാർ മൂലമാണ് ജലവിതരണം മുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ടാങ്കറുകളിൽ വെള്ളമെത്തിക്കുകയാണ്.

സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും

സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും

സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവനയായാണ് ഇന്ധന സെസ് പിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് ബുധനാഴ്ചത്തെ വില. ശനിയാഴ്ച ഇത് 107.5 രൂപയും 96.53 രൂപയുമാകും.

അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികള്‍ കാരണമാണ്. നിലവില്‍ ഒരു ലിറ്ററിന് ഇന്ധനം നിറയ്ക്കുന്നതിന് ഒരു രൂപയാണ് കിഫ്ബി ഈടാക്കുന്നത്. ഇതിനുപുറമെ സെസും ഉണ്ട്. ലിറ്ററിന് 25 പൈസയാണ് സെസ്. ഇതുകൂടാതെയാണ് രണ്ട് രൂപയുടെ സാമൂഹിക സെസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 750 കോടി രൂപയാണ് ഇന്ധന സെസ് വഴി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.

സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരൻ; ഇരുപതുകാരിയെ കൊന്നത് 33 തവണ കുത്തി

സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരൻ; ഇരുപതുകാരിയെ കൊന്നത് 33 തവണ കുത്തി

തിരുവനന്തപുരം: വിവാഹ ആലോചന നിരസിച്ചതിന് സൂര്യ​ഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ വിധി പറയും. നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.

ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്.

തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു.

നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിർണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താൻ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിൻെറ അഭിഭാഷകൻ വാദിച്ചു. എന്നാൽ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടർ ഈ വാദം തള്ളി.

സൂര്യഗായത്രിയെ കുത്തി ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതൽ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നൽകിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സുരജ് പി ടി യെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്ററ്. സൂരജിനെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. സൂരജ് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി നേരത്തെ തന്നെ വിജിലന്സിന് ലഭിച്ചിരുന്നതാണ്.

ഇതേകുറിച്ച് അന്വേഷണം നടക്കന്നതിനിടെയാണ് കെട്ടിന നിര്‍മ്മാണ അനുമതി നല്‍കാന്‍ 5000 രൂപ ആവശ്യപെടുന്നുവെന്നു കാണിച്ച് പായിപ്ര സ്വദേശിയായ ഒരാള്‍ വിജിലന്‍സിനെ സമീപിക്കുന്നത്. മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് ഉറപ്പ് നല‍്കി സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

തുടര്‍ന്ന് വിജിലന്സ് നല്കിയ പണം സൂരജിന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥറെത്തി അറസ്റ്റു ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍വെച്ച് മുന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സൂരജ് കൈക്കൂലി വാങ്ങി ക്രമം വിട്ട് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന സംശയം പഞ്ചായത്തിനുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

കേരളത്തിൽ ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയ 5470 രൂപയിലാണ് ഇന്നും സ്വർണ വില തുടരുന്നത്. ഒരു പവന് രേഖപ്പെടുത്തിയത് 43760 രൂപയുമാണ്. ഇന്നലെ സ്വർണത്തിന് 20 രൂപ വർദ്ധിച്ചിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4545 രൂപയുമാണ്. മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിച്ചിരുന്നത്.