കെപിഎസ്ടിഎ പ്രതിഷേധ ധർണ്ണ നടത്തി

കെപിഎസ്ടിഎ പ്രതിഷേധ ധർണ്ണ നടത്തി

അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്ത സാഹചര്യം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതാണെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ കുറേ വർഷക്കാലമായി സെഷണൽ സമ്പ്രദായത്തിൽ തുടരുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെയും ആശങ്കയകറ്റണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ. സാബു, ആർ. ശ്രീകുമാർ, ജില്ലാ ഭാരവാഹികളായ വി. വിനോദ്, സി.എസ്. വിനോദ്, ആർ.എസ്. ലിജിൻ, ഉപജില്ലാ ഭാരവാഹികളായ പി. രാജേഷ്, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറിയ്ക്ക് ഇതു സംബന്ധിച്ച നിവേദനം സംഘടനയുടെ നേതൃത്വത്തിൽ നൽകി. രക്ഷിതാക്കളേയും വിദ്യാർഥികളേയും അണിനിരത്തി ശക്തമായ സമര പരിപാടികൾക്ക് കെപിഎസ്ടിഎ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 1 മുതൽ സിഗരറ്റ് വില കൂടും

ഏപ്രിൽ 1 മുതൽ സിഗരറ്റ് വില കൂടും

ഏപ്രിൽ ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ വില ഉയരും. ഇതോടെ സിഗരറ്റ് പോലുള്ള വസ്തുക്കളുടെ വില ഉയരും. പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപനയുമായി സർക്കാർ ബന്ധിപ്പിച്ചിരുന്നു.
ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപ എന്നതാകും പുകയിലയുടെ പുതുക്കിയ നിരക്ക്. ഇതിനോടൊപ്പം ഓരോ യൂണിറ്റിന്റെ റീടെയിൽ നിരക്കിന്റെ 100 ശതമാനവും ചുമത്തും. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മേലാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് എടുത്ത് പറയേണ്ടത്.

മാർച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ ഭാര്യമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്‌കൂള്‍ അധ്യാപികയാണ് ഇവര്‍.

പിന്നീട് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. അലി അക്ബര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമാണെന്നാണ് സൂചന.

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി കവലയൂർ നടത്തിയ സമരത്തിന് കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്കൃഷ്ണൻ അധ്യക്ഷനായി. മണമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജീവ്, കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് കിനാൽവിള, ഐഎൻറ്റിയുസി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ, കർഷകകോൺഗ്രസ് മണ്ഡലം ട്രഷറർ അനിൽ അനശ്വര, സവാദ്ഖാൻ, സുരേഷ്‌കുമാർ, ഒലീദ്, രാധാകൃഷ്ണൻ, നഹാസ്, നാസിമുദ്ധീൻ എന്നിവർ പങ്കെടുത്തു.

വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു, വർക്കല എസ്.എൻ കോളേജ് അദാലത്ത് വേദിയാകും

വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു, വർക്കല എസ്.എൻ കോളേജ് അദാലത്ത് വേദിയാകും

മന്ത്രിസഭ രണ്ടാംവാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വർക്കല താലൂക്കിൽ ആലോചനായോഗം ചേർന്നു. മെയ് 9ന് താലൂക്കിൽ നടക്കുന്ന അദാലത്തിന് വർക്കല എസ്.എൻ കോളേജ് വേദിയാകും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അദാലത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കുന്നതിന് ധാരണയായി.

അടൂർ പ്രകാശ് എം.പി, എംഎൽഎമാരായ വി.ജോയി, ഒ.എസ് അംബിക, വർക്കല മുൻസിപ്പാലിറ്റി ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നതാണ് സ്വാഗതസംഘം. താലൂക്കിൽ ലഭിക്കുന്ന പരാതികളുടെ മോണിറ്ററിംഗ് ചുമതല തഹസിൽദാർക്കാണ്. ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. നിലവിൽ 25 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളും വർക്കല താലൂക്കിലെ തഹസിൽദാർമാരായ സജി.എസ്.എസ്, വിനോദ് കുമാർ. ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു; മാതൃസഹോദരന്‍ പിടിയില്‍

ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു; മാതൃസഹോദരന്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുട്ടിക്ക് വെട്ടേല്‍ക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. ആക്രമണം നടത്തിയ കുട്ടിയുടെ അമ്മാവനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.