ഭൂമിയുടെ ന്യായവില: ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം ഉയർത്തി വിജ്ഞാപനമിറക്കി

ഭൂമിയുടെ ന്യായവില: ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം ഉയർത്തി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് പോലെ ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തി. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാവും വില.2010ലാണ് ന്യായവില ആദ്യമായി ഏർപ്പെടുത്തിയത്. പിന്നീട് അഞ്ച് തവണ ബജറ്റിൽ അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 2010നെ അപേക്ഷിച്ച് ഇപ്പോൾ ഭൂമിയുടെ ന്യായവിലയിൽ 220 ശതമാനമാണ് ആകെ വർധന.

‌വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ഭൂമിയുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് ധനമന്ത്രി നേരത്തെ വിശദീകരിച്ചത്.

പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും

പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ കൂടി ലഭ്യമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതലാകും പുതിയ പരിഷ്‌കാരം നടപ്പിലാക്കുക. പുതിയ സംവിധാനം വന്നാലും നിയമന ശുപാര്‍ശ നേരിട്ട് അയച്ചു കൊടുക്കുന്ന ഇപ്പോഴത്തെ രീതി തുടരും. നിയമനത്തിനുള്ള മെറിറ്റ് സംവരണ ഊഴം (റൊട്ടേഷന്‍) നിശ്ചയിക്കുന്നതിനു പിഎസ്‌സി സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശ തയാറാക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കി. ഇതുവരെ ഇതു കൈ കൊണ്ട് എഴുതി നല്‍കുകയായിരുന്നു. ഭൂരിപക്ഷം തസ്തികകളിലെയും റൊട്ടേഷന്‍ ഈ സോഫ്റ്റ്‌വെയറിലേക്കു മാറ്റാനാണ് കമ്മിഷന്‍ ആലോചിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ മുഖേന റൊട്ടേഷന്‍ തയാറാക്കുന്ന തസ്തികകളിലേക്കുള്ള നിയമന ശുപാര്‍ശയാണ് ആദ്യ ഘട്ടത്തില്‍ ഡിജിലോക്കറില്‍ കൂടി ലഭിക്കുക. ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാനും കൃത്രിമങ്ങള്‍ തടയാനും ഇതു സഹായിക്കും. നിയമന നടപടികള്‍ വേഗത്തിലാകും.

ജില്ലകളില്‍ എന്‍സിസി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്‍മാര്‍), ബാംബൂ കോര്‍പറേഷനില്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് 2 (ഓപ്പറേറ്റര്‍ ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും പിഎസ് സി യോഗം തീരുമാനിച്ചു.

ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്

ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ തീവെച്ചതിന് തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് ലഭിച്ചിട്ടില്ല. ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു നിന്ന തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട് മൂലമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം
സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന.

പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്പനി അധികൃതരും നാട്ടുകാരും അടക്കം അമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. എന്നാല്‍ തീയിട്ടതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. തീ അണഞ്ഞശേഷം വിദഗ്ധരുടെ സഹായത്തോടെ പ്ലാന്റില്‍ പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാലിന്യത്തിന്റെ അടിത്തട്ടില്‍ താപനില ഉയര്‍ന്ന നിലയിലാണ്. മാലിന്യകൂമ്പാരത്തിന്റെ മുകള്‍ത്തട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നപ്പോള്‍, രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ മാലിന്യകൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് എത്തുമ്പോള്‍ താപനില ഇനിയും ഉയരും. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീഅണയ്ക്കാനുള്ള സംവിധാനവും സ്ഥിരം നിരീക്ഷണവും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രഹ്മപുരത്ത് 2015 വരെ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഇബിയുടെ ഡീസല്‍ വൈദ്യുത പ്ലാന്റ് രൂപമാറ്റം വരുത്തി വേസ്റ്റ് ടു എനര്‍ജി പ്ലാന്റാക്കി മാറ്റാവുന്നതാണ്. വിദേശരാജ്യങ്ങളിലടക്കം സമാനമായ രൂപമാറ്റം വരുത്തിയ പ്ലാന്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ

വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: വിതുരയിൽ സ്ത്രീകളെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവ് പിടിയിൽ. മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ കൊച്ചുകുട്ടൻ എന്ന് വിളിക്കുന്ന അജയനെ(38)യാണ് വിതുര പൊലീസ് പിടികൂടിയത്.

മദ്യപിച്ച് മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ ആണ് ഇയാൾ പിടിയിലായിരിക്കുന്നത്. സംഭവ ശേഷം ഒളിവിൽ പോയ അജയനെ പൊലീസിന് പിടികൂടാൻ കഴിയാതെ വന്നതോടെ 2020ൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉൾപ്പടെ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ അജയൻ മലയിൻകീഴ് ശാന്തംമൂലയിൽ ഉള്ളതായി വിവരം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അജയനെ പൊലീസ് പിടികൂടുകയായിരുന്നു. വിതുര സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നഞ്ചിയമ്മയും മുരളി ഗോപിയും എത്തുന്നു

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നഞ്ചിയമ്മയും മുരളി ഗോപിയും എത്തുന്നു

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഉത്സവ ആഘോഷത്തിന് വിശിഷ്ടാഥികളായി നഞ്ചിയമ്മയും മുരളി ഗോപിയും വൈകിട്ട് ക്ഷേത്രത്തിൽ എത്തും.

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിൽ കളിയുത്സവം സംഘടിപ്പിയ്ക്കും

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിൽ കളിയുത്സവം സംഘടിപ്പിയ്ക്കും

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ പ്രൈമറി സ്കൂളിൽ വിദ്യാഭാസ വകുപ്പിന്റെ ലിറ്റിൽ ചാമ്പ്യാ ൻസ് കിഡ്സ് ഫെസ്റ്റ് കളിയുത്സവം 2023ഉം 62ആം സ്കൂൾ വാർഷികവും സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിയ്ക്കും. പി ടി എ പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനാകും. നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്കൂൾ എച്ച് എം ലീജ സി, ഗിരിജ ടീച്ചർ, സുജി, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കളിയുത്സവവും നടക്കും.