ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റേതാണ് മൃതദേഹം. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറു മണിയോടെയാണ് ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നതെത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നതെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു.മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആരാണെന്ന് തിരിച്ചറിയുന്നതിനായി കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസ്സിങ് കേസുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്തിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

പഞ്ചായത്ത് ഓഫീസിന് തൊട്ടു മുമ്പിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലായിരുന്നു മുരളീധരന്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു.വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ ബജാജ് ഫൈനാന്‍സ് ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഉടന്‍ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും, അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഇതിന്റെ മനോവിഷമത്തിലാകും മുരളീധരന്‍ ജീവനൊടുക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ന്യൂനമര്‍ദം, ചക്രവാതച്ചുഴി: ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദം, ചക്രവാതച്ചുഴി: ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. തെക്കുകിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോടു ചേര്‍ന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ കേന്ദ്രം മുതല്‍ തെക്കന്‍ തമിഴ്നാട് വഴി തെക്കന്‍ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മുതല്‍ തീരദേശ കര്‍ണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നു.

ഇതിന്റെ സ്വാധീനഫലമായി മെയ് 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുഖ്യമന്ത്രി ആര്?, ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍, ഘടകകക്ഷികളുടെ അഭിപ്രായം വീണ്ടും തേടും

മുഖ്യമന്ത്രി ആര്?, ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍, ഘടകകക്ഷികളുടെ അഭിപ്രായം വീണ്ടും തേടും

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കെപിസിസി മുന്‍ അധ്യക്ഷന്‍മാരുടെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടും. ചര്‍ച്ചകള്‍ക്കായി മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, കെ സുധാകരന്‍ തുടങ്ങിയവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തര മുതല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് സൂചന.

മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. നേതാക്കളെ വെവ്വേറെ കണ്ടാവും അഭിപ്രായം തേടുക. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് വീണ്ടും തേടിയേക്കും. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ഘടകകക്ഷികള്‍ കടുത്ത അതൃപ്തിയിലാണ്.

ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ഇപ്പോഴും കെ സി വേണുഗോപാലിനാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാല ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച നേതാക്കളില്‍ ബഹുഭൂരിപക്ഷവും വേണുഗോപാലിനെ അനുകൂലിക്കുമെന്നാണ് കെസി പക്ഷത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേരളത്തിലെ പൊതുജന വികാരവും, ഘടകകക്ഷികളുടെ നിലപാടും തനിക്ക് അനുകൂലമാകുമെന്ന് വിഡി സതീശന്‍ വിചാരിക്കുന്നു. തര്‍ക്കങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് എന്ന പരിഗണന ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു വൈകീട്ടോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. എംഎല്‍എമാരിലും എംപിമാരിലും, ബഹുഭൂരിപക്ഷവും കെസി വേണുഗോപാലിനൊപ്പമാണെന്നാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. പൊതുജനവികാരം സതീശന് അനുകൂലമാണ് എന്നതാണ് ഒറ്റയടിക്ക് പ്രഖ്യാപനം നടത്തുന്നതില്‍ ഹൈക്കമാന്‍ഡിനെ വലയ്ക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടേയും, പ്രിയങ്കാ ഗാന്ധിയുടേയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടേയും നിലപാട് നിര്‍ണായകമായേക്കും.

ബംഗാൾ ഉൾക്കടലിൽ  ന്യൂനമർദ്ദം രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. മന്നാർ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും സമീപം നിലനിന്ന ചക്രവാതച്ചുഴിയാണ് ഇന്ന് പുലർച്ചെ ന്യൂനമർദമായത്. വരുംദിനങ്ങളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കും. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും തെക്കൻ അറബിക്കടലിലും കടൽക്ഷോഭ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശമുണ്ട്.

മൂന്നു പേരല്ലാതെ ആര്, രാഹുല്‍ ആരാഞ്ഞതായി റിപ്പോര്‍ട്ട്

മൂന്നു പേരല്ലാതെ ആര്, രാഹുല്‍ ആരാഞ്ഞതായി റിപ്പോര്‍ട്ട്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരല്ലാതെ മറ്റു യോഗ്യരുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞതായി റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഇക്കാര്യവും വിഷയമായിട്ടുണ്ടെന്നാണ് സൂചന.