by Midhun HP News | May 11, 2026 | Latest News, കേരളം
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരല്ലാതെ മറ്റു യോഗ്യരുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞതായി റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഇക്കാര്യവും വിഷയമായിട്ടുണ്ടെന്നാണ് സൂചന.
by Midhun HP News | May 11, 2026 | Latest News, കേരളം
മലപ്പുറം: തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് പറഞ്ഞു. ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായിട്ടില്ലെങ്കില്‍ അതിന്റെതായ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്രവര്‍ത്തകരും നേരിട്ട് വിളിച്ച് അസംതൃപ്തി അറിയിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോട് വരേണ്ടെന്ന് പറയുന്ന ഘട്ടം വരെ ഉണ്ടായിട്ടുണ്ട്’ പി അബ്ദുള്‍ ഹമീദ് പറഞ്ഞു.
‘ മലപ്പുറം ജില്ലയില്‍ നിന്ന് സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട സന്ദര്‍ഭത്തില്‍ അത് അനിശ്ചിതമായ നീട്ടിക്കൊണ്ടുപോകുന്നത് എല്ലാതലങ്ങളിലും പ്രതിഫലിക്കുകയാണ്. ഒരുപരിധിവരെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയും. ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്’.
‘മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തെ അളക്കാന്‍ പാടില്ലെന്നാണ് ലീഗിന് പറയാനുള്ളത്. രാഷ്ട്രീയ പ്രബുദ്ധരാണ് കേരളത്തിലെ ജനങ്ങള്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മാസങ്ങളോളം കാത്തുനിന്നില്ലേ, ഇവിടെ 23 വരെ സമയം ഉണ്ടല്ലോ എന്ന് നമ്മുടെ അണികളോട് പറഞ്ഞാല്‍ മോന്തയ്ക്ക് അടികിട്ടും’ പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

by Midhun HP News | May 11, 2026 | Latest News, കേരളം
കോഴിക്കോട്: വൻ നവീകരണ അവകാശവാദങ്ങളോടെ കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ചോർന്നൊലിക്കുന്നു. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വ്യാപാരികൾ പൂർണ്ണമായി മാറുന്നതിന് മുമ്പേയാണ് ചോർച്ച അനുഭവപ്പെട്ടത്. സീലിംഗിലെ പ്ലാസ്റ്ററിംഗ് പലയിടത്തും പൊളിഞ്ഞുവീഴുകയും ഓപ്പൺ ടെറസിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചോർച്ചയ്ക്ക് കാരണം. അറ്റകുറ്റപ്പണികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും നിയമലംഘനം നടന്നതായും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ സീലിംഗിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് പൊളിഞ്ഞുവീണതിനെ തുടർന്ന് വെള്ളം ചോർന്നുവരുന്ന നിലയാണ്. ഓപ്പൺ ടെറസ് ഭാഗങ്ങളിലാണ് പ്രധാനമായുംപ്രശ്നം കണ്ടെത്തിയത്. ടെറസിന്റെ പല ഭാഗങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോർച്ച പരിഹരിക്കുന്നതിനായി പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂ പാളയം മാർക്കറ്റിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് സയ്ദ് ശമീൽ ആരോപിച്ചു.
“പാളയം മാർക്കറ്റിന്റെ 5.5 ഏക്കർ സ്ഥലം ഒഴിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് കല്ലുത്താൻകടവിൽ പുതിയ മാർക്കറ്റ് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ ചോർച്ച ആരംഭിച്ചു. മുകളിലെ ടെറസിൽ കയറി നോക്കിയാൽ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാണാം. വേനൽമഴയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും,” ശമീൽ പറഞ്ഞു.
ഇതിനിടെ, പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് വ്യാപാരികൾ ഇനിയും മാറിത്തുടങ്ങിയിട്ടില്ല. ഉയർന്ന വാടകയാണ് പ്രധാന പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നും അവർ ആരോപിക്കുന്നു.
അതേസമയം, പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളോടെയാണ് ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതെന്നായിരുന്നു കോഴിക്കോട് കോർപ്പറേഷൻറെ വിശദീകരണം. അഞ്ചര ഏക്കർ സ്ഥലത്ത് കല്ലുത്താൻകടവ് ഡെവലപ്‌മെന്റ് സൊസൈറ്റി (കാഡ്കോ) ഏകദേശം 100 കോടി രൂപ ചെലവഴിച്ച് ആറു ബ്ലോക്കുകളുള്ള സമുച്ചയമാണ് നിർമ്മിച്ചത്.
മൂന്നര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിൽ ഏകദേശം 300 ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കടകളുണ്ട്. 300-ലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പാളയത്തെ പഴയ മാർക്കറ്റിലെ വ്യാപാരികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. അനുബന്ധ കച്ചവടങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.
ഒരേസമയം 500-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്കായി ശീതീകരിച്ച വിശ്രമകേന്ദ്രം,ശുചിമുറികൾ, വിനോദസൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
by Midhun HP News | May 11, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികള്‍ മുറുകിയത്. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമാണ് ബെന്നി ബെഹനാന്‍.
പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയര്‍ത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിക്കുന്നത്. യുവനേതാക്കളായ റോജി എം ജോണ്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

by Midhun HP News | May 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില കുറഞ്ഞു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.23 ശതമാനം ഇടിവുണ്ടായി. 4,675.23 ഡോളറാണ് വില.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടുതവണ വീതം വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ വില കുറഞ്ഞു തുടങ്ങിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായിരുന്നു അന്നത്തെ വില. ശനിയാഴ്ച പവന് 11,1720 രൂപയായി കുറഞ്ഞു. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നു. ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വര്‍ധിച്ചത്.
2026 ജനുവരി 29നാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.
by Midhun HP News | May 11, 2026 | Latest News, കേരളം
കൊല്ലം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് ഒരു യുവതി ആയിരുന്നു. കൊട്ടാരക്കര കോട്ടാത്തല വയലിക്കട വീണാഭവനത്തിൽ വീണ (33) ആയിരുന്നു പിഞ്ചുകുഞ്ഞിന് തുണയായി എത്തിയ ആ യുവതി.
പ്രതിയായ കൊല്ലം സ്വദേശി സാനിഷിനെ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടതോടെ ഉടൻ തന്നെ ഇടപെട്ടു. ആദ്യം പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തിട്ടാണ് കുട്ടിയെ രക്ഷപെടുത്തിയത് എന്നും വീണ പറയുന്നു. തിരുനെൽവേലിയിലെ കണ്ണാശുപത്രിയിലേക്ക് പോകാനായി അമ്മയോടൊപ്പമാണ് വീണ കൊട്ടാരക്കരയിൽ നിന്നും പാലരുവി എക്സ്പ്രസിൽ കയറിയത്. ട്രെയിനിൽ കയറിയ ഉടൻ തന്നെ പ്രതി തൊട്ടടുത്തിരിക്കാൻ ക്ഷണിച്ചു. എന്നാൽ അയാൾക്ക് എതിർവശത്തെ സീറ്റിലാണ് ഇരുന്നതെന്നും വീണ പറഞ്ഞു.
” രാത്രിയിലെപ്പോഴോ അയാൾ കാലിൽ സ്പർശിക്കുന്നുവെന്നു തോന്നി. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒന്നുമറിയാത്തതുപോലെ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. വീണ്ടും ആവർത്തിച്ചപ്പോൾ താക്കീതു നൽകി” അവർ വ്യക്തമാക്കി.
രാത്രിയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഉറങ്ങി എന്നുറപ്പാക്കിയതിന് ശേഷമാണ് പ്രതി സീറ്റിൽ നിന്ന് എഴുന്നേറ്റത്. മുത്തച്ഛനൊപ്പം നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെ പുതപ്പോടെ അയാൾ എടുത്ത് കൊണ്ട് വന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ പ്രതി താലോലിക്കുകയും ചെയ്തെന്നും വീണ പറയുന്നു. ” കുഞ്ഞ് അയാളുടേത് ആണോ എന്ന് ഞാൻ അടുത്തിരുന്ന തമിഴ്‌നാട് സ്വദേശിയോടു ചോദിച്ചു. അല്ലെന്ന് അയാൾ പറഞ്ഞതോടെ എനിക്ക് സംശയം കൂടി. പ്രതി അറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പുതപ്പുകൊണ്ട് വലതു കൈയും കുഞ്ഞിനെയും മറച്ച് അയാൾ ഉറങ്ങുന്നതുപോലെ നടിച്ചു. അപ്പോഴാണ് പുതപ്പിനടിയിൽ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയാണ് എന്ന് എനിക്ക് മനസിലായത്” വീണ പറഞ്ഞു.
ആ നിമിഷം തന്റെ മനസിൽ കുഞ്ഞിനെ രക്ഷിക്കണം എന്നൊരു തോന്നൽ ഉണ്ടായെന്നും പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്ത ശേഷം കുഞ്ഞിനെ പിടിച്ചു വാങ്ങുക ആയിരുന്നു എന്നും അവർ വ്യക്തമാക്കി. ” ഒരു പക്ഷെ, ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ അയാൾ കുഞ്ഞുമായി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയേനെ. ബഹളംകേട്ട് ഉണർന്നെത്തിയവരെല്ലാം അക്രമിയെ കൈകാര്യംചെയ്യാൻ മുന്നോട്ട് വന്നു. ഒടുവിൽ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുക ആയിരുന്നു. ഇനിയൊരിക്കലും അയാൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്. ഇത്തരക്കാർക്ക് വധശിക്ഷ തന്നെ നൽകണം” വീണ പറഞ്ഞു.

Recent Comments