ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ഡല്‍ഹി: ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (ജെഇഇ) രജിസ്റ്റര്‍ ചെയ്യാന്‍ അധിക സമയം അനുവദിച്ചു. ഇന്ന് രാത്രി 10.50 വരെ രജിസ്റ്റര്‍ ചെയ്യാനാണ് അവസരം. ഫീസ് അടയ്ക്കാന്‍ രാത്രി 11.50 വരെ സമയമുണ്ട്. ഏപ്രില്‍ ഘട്ട പരീക്ഷയ്ക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 12ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അപേക്ഷിക്കാന്‍ രണ്ടുദിവസം കൂടി സമയം അനുവദിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. jeemain.nta.nic.in വെബ്‌സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍

പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍

ഇടുക്കി: പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജയുടെയും ഏഴു വയസുള്ള മകന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മരിച്ചത്. ഇതിനെ തുടര്‍ന്ന് ലിജ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ കുഞ്ഞിന്റെ സംസ്‌കാരത്തിന് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷത്തിലായിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയത്താണ് ലിജ, മൂത്ത മകനോടൊപ്പം കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. തിരിച്ച് വീട്ടില്‍ എത്തിയ ബന്ധുക്കള്‍ നോക്കുമ്പോള്‍ ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു സമരം.നാളെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവര്‍ത്തിക്കൂ.

സാമൂഹ്യ വിരുദ്ധരുടെ അതിക്രമം പെരുകുന്നു

സാമൂഹ്യ വിരുദ്ധരുടെ അതിക്രമം പെരുകുന്നു

ചിറയിൻകീഴ്, ഇരട്ടക്കലിങ്ക്, കുന്നുവാരം പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം പെരുകുന്നു. ഇതിനെതിരെ ഇതുവരെയും നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപം. കഴിഞ്ഞ പല ദിവസങ്ങളിലായി വീടുകളിൽ ഇരിക്കുന്ന വാഹനങ്ങളിൽ നിന്നും പെട്രോൾ മോഷ്ടിയ്ക്കുകയും വാഹങ്ങൾ കുത്തി കീറി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ബഹളം കേട്ട് വീട്ടുകാർ എത്തുമ്പോഴേയ്ക്കും ഇവർ ബൈക്കിൽ രക്ഷപ്പെടുകയാണ് പതിവ്. സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രദേശമെന്നു നാട്ടുകാർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും ഇവരുടെ ശല്യം കുറഞ്ഞിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ബ്രഹ്മപുരം കത്തി 13 ദിവസം കഴിയുമ്പോഴാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയ്ക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് പ്രസ്താവന നടത്താൻ തീരുമാനിച്ചത്. 12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്ത് തീകെടുത്തിയതിന് അഗ്നിശമന സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി ഫേയ്സ്‌ബുക്ക് കുറിപ്പിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്‌പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് ചട്ടം 300. പ്രസ്താവനയ്ക്കിടയിൽ ചോദ്യം ചോദിക്കാനാവില്ല.

മാലിന്യ നീക്കത്തിന് കരാറെടുത്ത കമ്പനിക്കെതിരെയും പ്രതിപക്ഷത്തിന്റെ ആരോപണങ്ഹൾ ഉയർന്നു. കമ്പനി തന്നെ മാലിന്യകൂമ്പാരത്തിന് തീയിട്ടതാണെന്നും കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം ആ‌രോപിച്ചത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാരിനെ വിമർശിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനവുമായി രണ്ടു പേര്‍ പിടിയില്‍

കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനവുമായി രണ്ടു പേര്‍ പിടിയില്‍

കൊളത്തൂര്‍: മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര്‍ പിടിയില്‍. അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളിൽ ചന്ദനമരത്തടികൾ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ടു പേരാണ് കൊളത്തൂരിൽ പിടിയിലായത്. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയിലാണ് കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ ചന്ദമരക്കഷണങ്ങളുമായി ഇവർ പിടിയിലായത്.

അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. മച്ചാട് വനമേഖലയിൽ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചതായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ജനുവരി ആദ്യവാരത്തില്‍ കണ്ടെത്തിയിരുന്നു. പാകമാകാത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയത് പുറത്തെത്തിച്ചത്. മച്ചാട് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തുനിന്നും വന്‍ തോതില്‍ ചന്ദന മരങ്ങള്‍ മുറിച്ചിട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഇടുക്കി മറയൂരിൽ ജനുവരിയില്‍ 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയിരുന്നു. വ്യാജ രജിസ്ട്രേഷൻ നമ്പരിലുളള കാറിലാണ് 12 ലക്ഷം രൂപ വില മതിക്കുന്ന ചന്ദനം കടത്താൻ ശ്രമിച്ചത്. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ്, ഈരാറ്റുപേട്ട നടയ്ക്കൽ പടിപ്പുരക്കൽ വീട്ടില്‍ മന്‍സൂര്‍, പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിത്തറ വീട്ടിൽ ഇര്‍ഷാദ് എന്നിവരെയാണ് ചന്ദനവുമായി വനപാലക സംഘം പിടികൂടിയത്