by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ചൂട് ഇനിയും കഠിനമാകുമെന്ന് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും വരുംദിനങ്ങളിൽ കഠിനമാകുക. തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം എന്നും അറിയിപ്പിൽ പറയുന്നു.

by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ആദ്യ കിറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഫലപ്രദമായും ഗുണമേന്മയോടും കൂടി ഉറപ്പാക്കുവാന്‍ പറ്റുന്ന തരത്തിലാണ് കരുതല്‍ കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മരുന്നുകള്‍ ഉള്‍പ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികള്‍ ഈ കിറ്റിലുണ്ട്. കെ.എം.എസ്.സി.എല്‍.ന് കീഴിലുള്ള കാരുണ്യ ഫര്‍മസികള്‍ വഴി 1000 രൂപയ്ക്ക് താഴെ കിറ്റ് ലഭ്യമാകും. ആശാഡ്രഗ് കിറ്റ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കുള്ള കിറ്റുകള്‍, സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകള്‍ എന്നിവയും ഇനി കരുതല്‍ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാകുക. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മൃണ്‍മയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, കാരണ്യ മരുന്നു വിതരണ വിഭാഗം ഡെപ്യൂട്ടി മാനേജര്‍ അരുണ്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആയിലം ഇണ്ടിളയപ്പൻ ശിവക്ഷേത്രത്തിലെ മീന തിരുവോണ ദേശീയ മഹോത്സവം 2023 മാർച്ച് 11 മുതൽ 18 വരെ( 1198 കുംഭം 27 മീനം 4) നടക്കും. വായ്ക്കുരവകൾക്കൊപ്പം ചെണ്ടമേളമുയരുമ്പോൾ നാവുകളിൽ നിന്ന് നമഃശിവായ മന്ത്രം ഉണരുമ്പോൾ മഠത്തുവാതുക്കൽ താമരശ്ശേരി മഠത്തിൽ നിന്ന് കൊടിമരഘോഷയാത്രയ്ക്ക് വൈകുന്നേരം 5:30 ന് ശുഭാരംഭം. താലപ്പൊലിയുടെ ധന്യതയിൽ, ചെണ്ടമേളത്തിന്റെ അകമ്പടിയിൽ മഠത്തുവാതുക്കൽ നാഗരുകാവ്, അയിലം ജംഗ്ഷൻ, പെരുമാമഠം ദേവീക്ഷേത്രം എന്നിവിടങ്ങളിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരും തുടർന്ന് 7:30ന് മേൽ 8:15 ന് ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി അട്ടോളിമഠം ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തൃക്കൊടിയേറും. രാത്രി 9 മണി മുതൽ അയലത്തു നാടിൻറെ ദേശീയ കലോത്സവമായ ഗ്രാമോത്സവം 2023 ഓടുകൂടി ഒന്നാം ഉത്സവ ദിവസത്തിന് സമാപനം കുറിക്കും.
രണ്ടാം ഉത്സവ ദിവസമായ മാർച്ച് 12 ഞായറാഴിച്ച രാവിലെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 5:30 ന് വിവിധ രാഷ്ട്രീയ സാംസ്കാരിക വ്യക്തികൾ പങ്കെടുക്കുന്ന “സാംസ്കാരിക സായാഹ്നം” , സാംസ്കാരിക സായാഹ്നത്തിൽ ഇണ്ടിളയപ്പൻ ജീവകാരുണ്യനിധി, ഇണ്ടിളയപ്പൻ വിദ്യാഭ്യാസ പുരസ്കാര വിതരണം തുടങ്ങിയവ ഉണ്ടാകും.
മൂന്നാം ഉത്സവ ദിവസം മാർച്ച് 13 തിങ്കളാഴ്ച രാത്രി 8:30ന് കാക്കാരിശ്ശി നാടകം അവതരണം പരപ്പിൽ കറുമ്പനും സംഘവും.
നാലാം ഉത്സവ ദിവസമായ മാർച്ച് 14 ചൊവ്വാഴ്ച 10:30 ന് “നാഗരൂട്ട്”. രാത്രി 7:30 ന് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഈ വർഷത്തെ ഏറ്റവും മികച്ച നാടകം “മക്കളുടെ ശ്രദ്ധയ്ക്ക് ” അവതരണം സംഘ കേളി തിരുവനന്തപുരം
അഞ്ചാം ഉത്സവ ദിവസമായ മാർച്ച് 15 ബുധനാഴ്ച വൈകുന്നേരം 6:30ന് അവൽ നിവേദ്യത്തോടു കൂടിയ ദീപാരാധന. രാത്രി 7 മണി മുതൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് “ബ്രഹ്മ” അവതരണം ചിലമ്പ് നിർത്ത വിദ്യാലയം കൊടുവഴന്നൂർ.
ആറാം ഉത്സവ ദിവസമായ മാർച്ച് 16 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ “അയിലം സദ്യ”. രാത്രി 7:30 മുതൽ നൃത്തനാടകം ശ്രീമായഭഗവതി അവതരണം ജ്വാല കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം.
ഏഴാം ഉത്സവ ദിവസമായ മാർച്ച് 17 വെള്ളിയാഴ്ച രാവിലെ 7:30ന് “കടൽ കണ്ട പൊങ്കാല”. 10 മണിക്ക് മീനൂട്ട്.രാത്രി 7:30 മുതൽ “സംഗീത കച്ചേരി”, അവതരണം സ്വാതി തിരുനാൾ സംഗീത കോളേജിലെ റാങ്ക് ജേതാവായ കുമാരി മീനാക്ഷി ശ്രീകുമാർ&പാർട്ടി. രാത്രി 9ന് കളംഎഴുത്തുംപാട്ടും തുടർന്ന് “കൊള്ളി എറിച്ചിലും വിളക്കും” രാത്രി 11:30ന് “പള്ളി വേട്ട”
അവസാന ഉത്സവ ദിവസമായ മാർച്ച് 18 ശനിയാഴ്ച രാവിലെ 6:30ന് ഗണപതിഹോമം, 08:00 ഇടിച്ച് പുഴിഞ്ഞ പായസം സമർപ്പണം. രാവിലെ 10:30 ന് മൃത്യുഞ്ജയ ഹോമം. വൈകിട്ട് 5 മണി മുതൽ “പറയ്ക്കെഴുന്നള്ളത്ത്”. രാത്രി 7:30ന് കരോക്കെ ഗാനമേള അവതരണം വൈഎംസി ആറ്റിങ്ങൽ. രാത്രി 9ന് “മീനതിരുവോണ മഹാഘോഷയാത്ര സംഗമം” രാത്രി 11:30ന് ആറാട്ട് എഴുന്നള്ളത്ത് തുടർന്ന് ആറാട്ട് കടവിൽ ആറാടിയതിനു ശേഷം ആറാട്ട് കലശവും തൃക്കൊടിയിറക്ക്. രാത്രി 11:30 മുതൽ കോട്ടയം മെഗാബീറ്റ്സ് അവതരിപ്പിക്കുന്ന സൂപ്പർ മെഗാഹിറ്റ് ഗാനമേള.
by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ നിരക്കിലും പവന് 600 രൂപ നിരക്കിലും ആണ് ഇന്ന് വില വർധിച്ചത്. ഇതോടെ ഗ്രാമിന് 5,215 രൂപയിലും പവന് 41,720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്നലെ വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വർധിച്ചത്. അതായത് ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു 5,090 രൂപയിലും പവന് 40,720 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.


by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പില്‍ നിന്ന് ചാടിയത്.

വെളിയന്നൂര്‍ പ്രദേശത്ത് ഒരു ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു സനുവിനെതിരായ പരാതി. കത്തിയുമെടുത്ത് ഇയാള്‍ പ്രദേശത്ത് അല്‍പ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആ വഴി പോയ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും കരുതല്‍ തടങ്കലിനായി ഇയാളെ തടവുകാരെ പാര്‍പ്പിക്കുന്നിടത്തേക്ക് കൊണ്ടുപോകും വഴിയാണ് സനു ജീപ്പില്‍ നിന്നും എടുത്ത് ചാടിയത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഇയാള്‍ തലയിടിച്ചാണ് ജീപ്പില്‍ നിന്ന് വീണത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷാർജ: ഷാര്‍ജയില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്. 51 വയസായിരുന്നു. ഷാർജയിലെ മലീഹ ഫോസിൽ റോക്കിലാണ് അപകടമുണ്ടായത്. രാവിലെ ഏഴരയോടെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്ക്വയർ സ്വദേശിയായ ബിനോയ് അബൂദാബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Recent Comments