സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 5,185 രൂപയിലും പവന് 41,480 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമാണ്.

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് 8ന് വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കെ.സി. ലേഖ

ഇന്ത്യന്‍ വനിത അമച്വര്‍ ബോക്‌സിംഗ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ. കായിക മേഖലയില്‍ നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് വനിതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

നിലമ്പൂര്‍ ആയിഷ

പ്രശസ്ത സിനിമാ നാടക നടിയാണ് നിലമ്പൂര്‍ അയിഷ. ആദ്യ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.

ലക്ഷ്മി എന്‍ മേനോന്‍

കൊച്ചിയില്‍ ‘പ്യുവര്‍ ലിവിംഗ്’ എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എന്‍ മേനോന്‍ അമ്മൂമ്മത്തിരി/വിക്‌സ്ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നേടിക്കൊടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഡോ. ആര്‍.എസ്. സിന്ധു

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് ആര്‍.എസ്. സിന്ധു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രകിയകള്‍ യാഥാര്‍ത്ഥ്യമാക്കി. കേരളത്തില്‍ നിന്ന് ആദ്യമായി സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിയില്‍ എംസിഎച്ച് നേടിയ വനിതയാണ് ഡോ. ആര്‍.എസ്. സിന്ധു.

വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം; രണ്ട് പേർ ഹൈമാസ് ലൈറ്റിൽ കുരുങ്ങി കിടക്കുന്നു

വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം; രണ്ട് പേർ ഹൈമാസ് ലൈറ്റിൽ കുരുങ്ങി കിടക്കുന്നു

വർക്കല: വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകടം. രണ്ട് പേർ ഹൈമാലൈറ്റിൽ കുരുങ്ങി കിടക്കുകയാണ്. ഏകദേശം ഒരു മണിക്കൂർ ആയി കുരുങ്ങി കിടക്കുന്നു. ഉത്തരേന്ത്യൻ യുവാവും യുവതിയുമാണ് അപകടത്തിൽ പെട്ടത്. പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു

ആറ്റുകാൽ പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

ആറ്റുകാൽ പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

തിരുവനന്തപുരം: പുണ്യവും മനവും നിറച്ച് ആറ്റുകാൽ പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ട ഇത്തവണ ആറ്റുകാൽ പൊങ്കാല ഇക്കുറി ഭക്തർക്ക് മനം നിറഞ്ഞ പുണ്യാനുഭവമായി മാറി. ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി ഇതര ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി അനന്തപുരിയിലേക്ക് ഒഴുകിയെത്തിയത്. പൊങ്കാലക്കെത്തിയ ഭക്തരാൽ ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞു കവിഞ്ഞ നിലയായിരുന്നു.

കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്. ഇതര ദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. പൊങ്കാലയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്.

ഇന്ന് രാത്രി എട്ട് മണിവരെ നഗരാതിർത്തിയിൽ വലിയ വാഹനങ്ങൾക്കോ, ചരക്ക് വാഹനങ്ങൾക്കോ പ്രവേശനമില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ, ദേശീയപാതയിലോ, ഭക്തർ പൊങ്കാലയിടുന്ന പ്രധാന നിരത്തുകളിലോ പാർക്കിംഗില്ല. നിവേദ്യം അർപ്പിച്ച് ഭക്തർ മടങ്ങിയതോടെ ഇനി നഗരം പൂർവ സ്ഥിതിയിലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. പൊങ്കാല അടുപ്പുകൾക്കായി ഉപയോഗിച്ച കല്ലുകൾ ലൈഫ് മിഷന്റെ വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നാണ് നേരത്തെ മേയർ വ്യക്തമാക്കിയത്.

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു

തൃശ്ശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ – തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ മർദ്ദനദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കൊലയാളികളായ ആറു പേരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു, പ്ലീഹ ശസ്ത്രക്രിയയിൽ നീക്കം ചെയ്യേണ്ടി വന്നിരുന്നുവെന്നും ബന്ധു മീഡിയയെ അറിയിച്ചിരുന്നു. കഠിനമായ വേദന അനുഭവിച്ചാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.