by Midhun HP News | Jan 24, 2026 | Latest News, കേരളം
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമാണ് തുടരും. മോഹൻലാലിന് ഒരു ഫാൻ ബോയ് നൽകിയ സമ്മാനം കൂടിയായിരുന്നു ചിത്രം. തുടരുമിന് ശേഷം മോഹൻലാലിനൊപ്പമുള്ള സിനിമ തരുൺ മൂർത്തി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമിട്ടിരിക്കുകയാണ്.
‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. “നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366 ന്റെ സെറ്റിൽ ജോയിൻ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി”.- എന്നാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
പൂജ ചിത്രങ്ങളിൽ താടി വടിക്കാതെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി മോഹൻലാൽ താടി വടിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വൈകാതെ തന്നെ താടി വടിച്ച തന്റെ പുതിയ ലുക്കും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘ചുമ്മാ’ എന്നാണ് തന്റെ താടി വടിച്ചുള്ള ചിത്രത്തിന് മോഹൻലാൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘താടി വടിക്കില്ല ന്ന് പറഞ്ഞവര് ഒക്കെ എവിടെ’- എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണക്‌സ് സേവ്യർ.
by Midhun HP News | Jan 24, 2026 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്.
അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്.പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടല്‍ ഒരാഴ്ച മുന്‍പ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസില്‍ മൊഴി നല്‍കിയത്. പക്ഷെ, ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു.
കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുടുതല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴികളുടെ വൈരുധ്യം കൂടി കണക്കിലെടുത്തുകൊണ്ട് പൊലീസ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയത്.
by Midhun HP News | Jan 23, 2026 | Latest News, കേരളം
ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടൂർ പ്രകാശിനെ ന്യായീകരിച്ചും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നില്ലേ? മണ്ഡലത്തിലുള്ളയാളാകുമ്പോൾ പരിചയമുണ്ടാകുമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. എന്നാൽ, പോറ്റി – അടൂർപ്രകാശ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തത് മറ്റ് പരിപാടികളിൽ പങ്കെടുക്കാനുള്ളത് കൊണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 23, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണ്. അവിടെ വിശദമായി സംസാരിക്കാമെന്നും പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
by Midhun HP News | Jan 23, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍. ഈ സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍
വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂര്‍ണമായും വണ്‍ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.
ദര്‍ശന ക്രമീകരണം
ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ദര്‍ശനത്തിന്നെത്തുന്ന ഭക്തര്‍ക്കും വിവാഹ ചടങ്ങിനെത്തുന്നവര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Jan 23, 2026 | Latest News, കേരളം
റായ്പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധേ കേന്ദ്രങ്ങള്‍. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ് പരമ്പര. ആദ്യ പോരാട്ടത്തില്‍ ഇരുവര്‍ക്കും അവസരം കിട്ടിയെങ്കിലും തിളങ്ങാനായില്ല. സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്. ലോകകപ്പിനുള്ള അന്തിമ ഇലവനിലേക്ക് സ്ഥാനമുറപ്പിക്കാന്‍ ഇരുവര്‍ക്കും പരമ്പര നിര്‍ണായകമാണ്. ഇന്ന് തിളങ്ങി തിരിച്ചു വരാനായിരിക്കും സഞ്ജുവും ഇഷാനും ലക്ഷ്യമിടുന്നത്.
ഇന്ന് വൈകീട്ട് 7 മുതല്‍ ഛത്തീസ്ഗഢിലെ റായ്പുരിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്.
ആദ്യ പോരാട്ടത്തില്‍ 35 പന്തില്‍ 84 റണ്‍സടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ അപാര ഫോമില്‍ ബാറ്റ് വീശി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് ആദ്യ കളിയില്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇന്ന് മികച്ചൊരു ഇന്നിങ്‌സ് താരത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഇഷാനാകട്ടെ 8 റണ്‍സുമായും മടങ്ങി. ഇഷാന് ഈ പരമ്പരയില്‍ ഫോം തെളിയിച്ചാല്‍ മാത്രമേ ലോകകപ്പിനുള്ള ഇലവനിലേക്ക് എന്തെങ്കിലും സാധ്യത നിലനില്‍ക്കുന്നുള്ളു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. ബൗളിങ് നിരയും ആദ്യ കളിയില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞതിനാല്‍ മറ്റ് വേവലാതികളില്ലാതെ വിജയം തുടരാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
Recent Comments