by Midhun HP News | Jan 23, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 495 രൂപയാണ് വര്‍ധിച്ചത്. 14,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നു. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഈ ഇടിവ് താത്കാലികം മാത്രമാണ് എന്ന വ്യക്തമായ സൂചന നല്‍കിയാണ് ഇന്നത്തെ കുതിപ്പ്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 23, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാൻ നിരവധി പേർ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്.
ഔദ്യോഗിക വേദിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.
by Midhun HP News | Jan 23, 2026 | Latest News, കേരളം
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ ഇനി ‘ചിക്കിങ്’ വിഭവങ്ങളും ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. യാത്രക്കാര്‍ക്ക് ബസില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അടുത്ത ബസ് സ്റ്റാന്‍ഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളില്‍ നിന്നോ ഭക്ഷണം പാഴ്‌സലായി സീറ്റുകളില്‍ എത്തും. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ അഞ്ച് സൂപ്പര്‍ക്ലാസ് സര്‍വീസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാകും ഭക്ഷണ വിതരണം. ക്രമേണ മറ്റ് ദീര്‍ഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ബസില്‍ ക്യൂആര്‍ കോഡ് പതിക്കും. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ വിഭവങ്ങളുടെ പട്ടികയും അടുത്ത ഭക്ഷണ ശാലയുടെ വിവരവും ലഭിക്കും. ബസ് സ്റ്റാന്‍ഡിലോ റൂട്ടിലുള്ള ചിക്കിങ് ഔട്ട്‌ലെറ്റിലോ എത്തുമ്പോള്‍ ഭക്ഷണം എത്തും വിധമാണ് ക്രമീകരണം. ബുക്കിങ്ങിന് പ്രത്യേക വെബ്സൈറ്റ് ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
പൊതുനിരക്കിനെക്കാള്‍ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നല്‍കുന്നത്. വില്‍പന വിഹിതത്തിന്റെ അഞ്ച്ശതമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും. ചിക്കിങ് സ്റ്റോറുകളില്‍ ബസ് നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jan 22, 2026 | Latest News, കേരളം
കണ്ണൂർ: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസിൽ പരാതി നൽകി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പുതിയ പരാതി. പയ്യന്നൂർ പൊലീസിന് ഇ മെയിൽ മുഖേനയാണ് പരാതി ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ അതിക്രമം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ദീപകിന്റെ ആത്മഹത്യയിൽ ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിലായുരുന്നു ഷിംജിത അറസ്റ്റിലായത്. വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഷിംജിത പോസ്റ്റ് ചെയ്ത വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നുമായിരുന്നു അമ്മയുടെ പരാതി.
അതേസമയം, പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഷിംജിത മുസ്തഫയ്ക്കെതിരെയുള്ള ഗുരുതരമായ പരാമർശങ്ങളാണുള്ളത്. സ്വകാര്യബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് പ്രതിനിധിയായ വാർഡ് മെമ്പറായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ഇരയായ ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.


by Midhun HP News | Jan 22, 2026 | Latest News, കേരളം
തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തി ഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത (54) മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി എം ഉണ്ണികൃഷ്ണന്‍ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാന്‍ തക്ക കാരണങ്ങള്‍ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും കുറിപ്പില്‍ പറയുന്നു. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്.
സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കുറിപ്പ് അയച്ചിരുന്നു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൂന്തുറ പൊലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.6 വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
by Midhun HP News | Jan 22, 2026 | Latest News, കേരളം
പള്ളിക്കൽ: പള്ളിക്കലിൽ മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടി. പള്ളിക്കലിൽ പുലർച്ചെ നടന്ന വാഹന പരിശോധനയിലാണ് രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഷേക്ക് അഹമ്മദ് (33), മലപ്പുറം സ്വദേശി ഷാഫി (28) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റയും പോലീസ് കസ്റ്റഡിയിലെടുത്തു. നർക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Recent Comments