വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചു

വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. വീട് പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. ഇരിട്ടിയില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആദ്യ ഘട്ടത്തില്‍ വീട് മാത്രമാണ്
അഗ്നിക്കിരയായതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് വീട്ടിനകത്ത് സുജാത ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല.

രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും; ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിയന്ത്രണം

രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും; ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിയന്ത്രണം

കൊച്ചി: രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്.

കൊച്ചിയില്‍ നേവല്‍ബേസും കൊച്ചി കപ്പല്‍ശാലയും പ്രവര്‍ത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ഒരെണ്ണം വീതവും അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയില്‍ ദേശീയ സുരക്ഷാ നിയമവും ഔദ്യോഗിക രഹസ്യനിയമവും ബാധകമാണ്. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ചിത്രം എടുക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ചാരപ്രവൃത്തി അടക്കം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഇതിനിടെ നാല് ദിവസങ്ങളിലായി സ്വർണവിലയിൽ 640 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,760 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4315 രൂപയാണ്.

മലയാള സിനിമാ മേഖലയിലെ ആദായ നികുതി റെയ്ഡ്; 225 കോടി കള്ളപ്പണം കണ്ടെത്തി

മലയാള സിനിമാ മേഖലയിലെ ആദായ നികുതി റെയ്ഡ്; 225 കോടി കള്ളപ്പണം കണ്ടെത്തി

കൊച്ചി: മലയാള സിനിമാ നി‍ർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.
ഡിസംബ‍ർ 15 മുതലായിരുന്നു മലയാള സിനിമാ നിർമാണ മേഖലയുമായി ബന്ധപ്പെ്ട്ട സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ തുടങ്ങി മലയാള സിനിമാ മേഖലയിൽ നി‍ർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നി‍ർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നി‍ർമാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനി‍ർത്തിയായിരുന്നു റെയ്ഡ്. 225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഇതുവരെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്. ചില താരങ്ങളും നിർമാതാക്കളും ദുബായ്, ഖത്ത‍ർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് ആദായനികുതി വകുപ്പ് തുടരുകയാണ്. ചില തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
9:2

അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി; 65 വയസിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം

അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി; 65 വയസിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം

ഡൽഹി: അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി കേന്ദ്രസർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള അവയവം ഇനി 65 വയസിനു മുകളിലുള്ളവർക്കും സ്വീകരിക്കാനാവും. ഇതുൾപ്പടെയുള്ള വ്യവസ്ഥകളിൽ ഇളവു വരുത്തി പുതിയ മാർ​ഗരേഖ ആരോ​ഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. പ്രായമായവര്‍ക്കും വെയിറ്റിങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മാനദണ്ഡം പുതുക്കിയത്. എന്നാല്‍ 65 വയസിനു താഴെയുള്ള പ്രായംകുറഞ്ഞ അപേക്ഷകര്‍ക്കു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ നിലവില്‍ പ്രായപരിധി ഇല്ല. എന്നാൽ മരണപ്പെട്ട ദാതാക്കളിൽ നിന്ന് അവയവം സ്വീകരിക്കാൻ 65നു മുകളിൽ പ്രായമായവർക്ക് മുൻപ് സാധിച്ചിരുന്നില്ല.

രോ​ഗികൾക്ക് അവയവം സ്വീകരിക്കുന്നത് ഏതു സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു. അയവം സ്വീകരിക്കാനുള്ള രജിസ്ട്രേഷന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ 5000 നും 10,000 ഇടയിലാണ് ഫീസ് ഈടാക്കുന്നത്.

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിൻ അടക്കമുള്ള നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.