കാൻസർ പരിശോധന ക്യാമ്പുo ബോധവൽക്കരണ ക്ലാസും നടത്തി

കാൻസർ പരിശോധന ക്യാമ്പുo ബോധവൽക്കരണ ക്ലാസും നടത്തി

ലോക ക്യാൻസർ ദിനത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും, Sascan & Asmik ഉം സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പിലും, ബോധവൽക്കരണ ക്ലാസിലും ഇരുന്നൂറോളം പേർ പങ്കെടുത്തു. ഡോ രാഹുലും, ഡോ ഗിരിജയും ബോധവൽക്കരണ ക്ലാസ് നടത്തി, ഡോക്ടർമാരായ മീര മുരളി, വസുദേവൻ വിനയ്, ബിജു എ നായർ, ഷമീം ഷുക്കൂർ, ധനുഷ് ഷാജി, അരുൺ എസ്, ഫിറോസ്, അധീന, അഖിൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു.

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു പിടിയിൽ. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് കോട്ടപ്പുറം സ്വദേശിനിയായ 51 കാരി ഷീലയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടപ്പായി എന്ന നിതിൻ മര്‍ദ്ദിച്ചതു കൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കൾക്ക് അയച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്.

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിതിന്‍റെ കുടുംബവും ഷീലയുടെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നടൻ ബാബുരാജ് അറസ്റ്റിൽ

നടൻ ബാബുരാജ് അറസ്റ്റിൽ

നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനാ കേസിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്.

ഗായിക വാണി ജയറാം അന്തരിച്ചു

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പത്തൊന്‍പത്‌ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചു. ഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനനം.സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടിആര്‍ ബാലസുബ്രഹ്മണ്യന്‍, ആര്‍എസ് മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്‍.

1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒപി നയ്യാര്‍, ആര്‍ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി.

മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍, 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ പാടിയ അവര്‍ എംഎസ് വിശ്വനാഥന്‍, എംബി ശ്രീനിവാസന്‍, കെഎ. മഹാദേവന്‍, എംകെ അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എആര്‍ റഹ്മാന്‍ എന്നിവരുടെയൊക്കെ പാട്ടുകള്‍ക്ക് ശബ്ദം നല്കി.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ‘1983’ എന്ന ചിത്രത്തില്‍ എം ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ പാടിയ ഓലഞ്ഞാലി കുരുവി എന്ന എന്ന ഗാനം ഏറെ ശ്‌ദ്ധേയമായിരുന്നു.

പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉയർന്നു

പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉയർന്നു

78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉയർന്നു. 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉയർന്നു. യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും പുതിയ റേറ്റിംഗ് പ്രകാരം ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളെ പിന്നിലാക്കി. ഈ നേതാക്കളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരും ഉൾപ്പെടുന്നു.

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക

കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എത്തിക്കുന്നത്. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകയ്ക്ക് ഏക്കത്തിനെടുത്തത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെ കേരളത്തില്‍ ആനകള്‍ക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്.

തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫാന്‍സ് പേജുകളും ആനപ്രേമി കൂട്ടായ്മകളും ഈ കൊമ്പന്റെ പേരിലുണ്ട്. 2019ല്‍ ഗുരുവായൂര്‍ ഗൃഹപ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഈ കൊമ്പനെ എഴുന്നള്ളിക്കുന്നതിന് താത്ക്കാലികമായി വിലക്ക് വന്നിരുന്നു. വിലക്ക് നീങ്ങിയതിന് ശേഷമാണ് പൂരപ്പറമ്പുകളില്‍ വീണ്ടും ഇതേ കൊമ്പനെത്തുന്നത്.