രാഹുല്‍ നടത്തിയത് പത്തോളം പീഡനങ്ങള്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും ഇരയായി; പലതവണ ബലാത്സംഗം ചെയ്തു’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

രാഹുല്‍ നടത്തിയത് പത്തോളം പീഡനങ്ങള്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും ഇരയായി; പലതവണ ബലാത്സംഗം ചെയ്തു’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം. തന്റെ നഗ്നവീഡിയോ ചിത്രീകരിച്ചെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍ മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിലപാടാവും അന്വേഷണ സംഘം കോടതിയില്‍ സ്വീകരിക്കുക.

രാഹുല്‍ നടത്തിയ പത്തോളം പീഡനങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരമുണ്ടെന്നും ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണെന്നും യുവതി പറയുന്നു. രാഹുല്‍ സാഡിസ്റ്റാണ്. തന്നെ രാഹുല്‍ പലതവണ ബലാത്സംഗം ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. വീഡിയോ കോളിലൂടെ താന്‍ ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന് രാഹുല്‍ കൃത്യമായി ഉറപ്പുവരുത്തിയെന്നും പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

തന്നെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. രാഹുല്‍ ലൈംഗിക വൈകൃതമുള്ള ആളാണ്. രാഹുലിന് ജാമ്യം കൊടുത്താല്‍ തെളിവ് നശിപ്പിക്കുമെന്നും തനിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും യുവതി പറയുന്നു. രാഹുലിന്റെ ഫോണില്‍ തന്നെ നഗ്ന വിഡിയോ ഉണ്ട്. ജാമ്യം കിട്ടിയാല്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടെന്നും യുവതി പറയുന്നു.

ചിറയിൻകീഴിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ

ചിറയിൻകീഴിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ

ചിറയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.

പെരുമാതുറ സഫീന മൻസിലിൽ റുമൈസ് (24) ആണ് അറസ്റ്റിലായത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഫോൺ മുഖാന്തിരം പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, തുടർന്ന് പീഡനത്തിനിരയാക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്ത് സുഹ്യത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനു ശേഷമാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്.

ഇതിനിടെ മുംബൈ എയർപോർട്ടിൽ എത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. മഞ്ജുലാൽ എസ്.യുടെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷ്, എ.എസ്.ഐമാരായ മനോജ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

തുടർന്ന് നാട്ടിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

‘മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, മലയാളത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ്; തിരിച്ചുവരാന്‍ കാരണം ആ ചോദ്യം’; ഭാവന പറയുന്നു

‘മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, മലയാളത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ്; തിരിച്ചുവരാന്‍ കാരണം ആ ചോദ്യം’; ഭാവന പറയുന്നു

മലയാളത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും പിന്നീട് തിരികെ വന്നതിനെക്കുറിച്ചും ഭാവന. ആദം ജോണിന് ശേഷം താന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. ആഷിഖ് അബുവും പൃഥ്വിരാജുമടക്കം തന്നെ സിനിമകള്‍ക്കായി സമീപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തോട് പോലും നോ പറഞ്ഞുവെന്നും ഭാവന പറയുന്നു.

പിന്നീട് താന്‍ തിരികെ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ വരുന്നത്. ഈ സിനിമയോടും താന്‍ ആദ്യം നോ ആണ് പറഞ്ഞതെന്നും ഭാവന പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ആദം ജോണിന് ശേഷമുള്ള ഇടവേള ഞാന്‍ പ്ലാന്‍ ചെയ്തതല്ല. ഇപ്പോള്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. പെട്ടെന്നൊരു നാള്‍ എനിക്ക് മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കണം എന്ന് തോന്നി. അതിലൂടെ എനിക്കൊരു കംഫര്‍ട്ട് ലഭിച്ചു. ആദം ജോണ്‍ കഴിഞ്ഞ്, ഞാന്‍ കല്യാണം കഴിക്കുകയും ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു. ഇടയ്ക്ക് വന്ന് വീട്ടുകാരെ കാണുമായിരുന്നു. എങ്കിലും ഞാന്‍ ഇവിടെയില്ല എന്നത് കംഫര്‍ട്ടബിളായിരുന്നു. ആ ഇടവേള എന്റെ തിരഞ്ഞെടുപ്പായിരുന്നു.

മലയാള സിനിമയില്‍ നിന്നും സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു. സിനിമകള്‍ ചെയ്യാനും കഥകള്‍ കേള്‍ക്കാനും പറഞ്ഞിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ ഒക്കെ വിളിച്ചു. മമ്മൂക്കയുടെ സിനിമയോടും ഞാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ നോ പറഞ്ഞതെന്ന് ചോദിച്ചാല്‍ അറിയില്ല. ശരിക്കും എനിക്കും ഉത്തരമില്ല. പക്ഷെ ഞാന്‍ അതില്‍ ഒക്കെയായിരുന്നു. ആ ബബിള്‍ പൊട്ടിച്ച് പുറത്ത് വരാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

തിരികെ വരാന്‍ സമയമെടുത്തു. നാലോ അഞ്ചോ വര്‍ഷം വേണ്ടി വന്നു. മലയാള സിനിമ ചെയ്യാന്‍ പ്ലാനേ ഉണ്ടായിരുന്നില്ല. കന്നഡ സിനിമകള്‍ ചെയ്യുകയായിരുന്നു. ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നുവിലേക്ക് വിൡക്കുന്നത്. എന്റെ ആദ്യ പ്രതികരണം നോ ആയിരുന്നു. കഥ കേള്‍ക്കൂവെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പത്ത് മിനുറ്റെങ്കിലും കഥ കേള്‍ക്കാന്‍ തരൂവെന്ന് പറഞ്ഞു. വേണ്ട, കഥ കേട്ടാല്‍ നോ പറയുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നുമെന്ന് ഞാന്‍ പറഞ്ഞു.

അവര്‍ പല വഴിക്കും ശ്രമിച്ചു. എന്റെ സുഹൃത്തുക്കളോടൊക്കെ ചോദിച്ചു. അവര്‍ എല്ലാവരും എന്നോട് ചോദിച്ചത് ഒരേയൊരു ചോദ്യമാണ്. മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിലൂടെ നീ എന്താണ് നേടുന്നത്? എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെ, എങ്ങനെ മലയാളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചുവോ, അതുപോലെ തന്നെ ആ തിരക്കഥ കേള്‍ക്കാനും ഞാന്‍ തീരുമാനിച്ചു. കേട്ടപ്പോള്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് തിരികെ വരുന്നത്. പിന്നീട് മലയാളത്തിലും കന്നഡയിലും സിനിമകള്‍ ചെയ്തുവരികയാണ്.

ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി

ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകണം. നിങ്ങളിൽ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ത്ഥികളായേക്കില്ല. അതൊന്നും നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

നിയമസഭ സമ്മേളനത്തിന്റെ ഭാഗമായാണ് രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങളില്‍ പല പേരുകളും സ്ഥാനാര്‍ത്ഥികളുടേതായി വരുന്നുണ്ട്. അതില്‍ ചിലര്‍ സ്ഥാനാര്‍ത്ഥികളാകും. ചിലര്‍ മത്സരിച്ചേക്കില്ല. അതൊക്കെ പാര്‍ട്ടികള്‍ തീരുമാനിക്കും. എന്നാല്‍ അതൊന്നും നോക്കാതെ എംഎല്‍എമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

നിയമസഭയ്ക്ക് അകത്തും മണ്ഡലത്തിലും സജീവമാകുകയും, പാര്‍ട്ടിയേയും മുന്നണിയേയും വീണ്ടും അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം. ജനങ്ങളുടെ കയ്യടി നേടുന്ന തരത്തില്‍ എംഎല്‍എമാര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തന നിരതരാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നേരത്തെ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ‘മിഷന്‍ 110’ എന്ന പേരില്‍ പ്രസന്റേഷന്‍ മുന്നോട്ടു വെച്ചിരുന്നു.

ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകയിലും വേര്‍തിരിച്ചു?; അഞ്ചു പ്രമുഖര്‍ കൂടി നിരീക്ഷണത്തിലെന്ന് എസ്‌ഐടി, സന്നിധാനത്ത് വിശദപരിശോധന

ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകയിലും വേര്‍തിരിച്ചു?; അഞ്ചു പ്രമുഖര്‍ കൂടി നിരീക്ഷണത്തിലെന്ന് എസ്‌ഐടി, സന്നിധാനത്ത് വിശദപരിശോധന

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കര്‍ണാടകയിലെത്തിച്ചും വേര്‍തിരിച്ചിരുന്നതായി അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് ( ഇഡി) കണ്ടെത്തല്‍. ചെന്നൈയിലെും ബംഗലൂരുവിലെയും സ്വകാര്യകേന്ദ്രങ്ങളില്‍ വെച്ച് രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിച്ചുവെന്നാണ് കണ്ടെത്തല്‍. 2025 ല്‍ പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ സ്വര്‍ണം പൂശിയതും അന്വേഷിക്കുന്നുണ്ട്.

അതേസമയം മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോര്‍ഡ് അംഗങ്ങളെയും എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. കേസില്‍ അഞ്ചു പ്രമുഖര്‍ കൂടി എസ്‌ഐടിയുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചതായാണ് വിവരം. ദ്വാരപാലക ശില്‍പ മോഷണക്കേസില്‍ മൂന്നു പേരുടേയും, കട്ടിളപ്പാളി കേസില്‍ രണ്ടുപേരുടേയും പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇവര്‍ നിലവില്‍ പ്രതി ചേര്‍ക്കപ്പെടാത്തവരാണെന്നും എസ്‌ഐടി സൂചിപ്പിച്ചിട്ടുണ്ട്. 1998 ല്‍ സ്വര്‍ണം പൊതിഞ്ഞ പഴയ വാതില്‍ കൂടി കൊള്ളയ്ക്ക് ഇരയായതായി എസ്‌ഐടിക്ക് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ശബരിമല സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച പഴയ കതക് എസ്‌ഐടി പരിശോധിച്ചു. ഇതിലെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പഴയ വാതില്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. പഴയ കൊടിമര ഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. പഴയ കൊടിമരത്തില്‍ നിന്നും മാറ്റിയ ശില്‍പ്പങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോയെന്നും എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നുണ്ട്.

ശ്രീകുമാർ എസ്ഐടി കസ്റ്റഡിയിൽ

സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. മറ്റു ചില പ്രതികളെ ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന് എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ഒരു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിടാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

പോറ്റിയുടെ ഹർജിയിൽ വാദം പൂർത്തിയായി

അതേസമയം ശബരിമല സ്വര്‍ണ്ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം അപഹരിച്ച കേസിലാണ് പോറ്റി ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ സമീപിച്ചത്. ഈ കേസില്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി ഉത്തരവ് പറയാനായി മാറ്റി.

ഒരു മെസേജ് മതി, ആധാര്‍ ഇനി വാട്‌സ്ആപ്പിലും; ചെയ്യേണ്ടത് ഇത്രമാത്രം

ഒരു മെസേജ് മതി, ആധാര്‍ ഇനി വാട്‌സ്ആപ്പിലും; ചെയ്യേണ്ടത് ഇത്രമാത്രം

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇപ്പോള്‍ ആധാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അടക്കം എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും ആധാര്‍ ചോദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായാലും സിം കാര്‍ഡ് എടുക്കുന്നതിനായാലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായാലും എല്ലായിടത്തും ആധാറിന്റെ പകര്‍പ്പ് ആവശ്യമാണ്.

നിലവില്‍ യുഐഡിഎഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്‌തോ ആണ് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ പ്രക്രിയ പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോള്‍, യുഐഡിഎഐ ഈ പ്രക്രിയ ലളിതമാക്കിയിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഇപ്പോള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കള്‍ യുഐഡിഎഐയുടെ വാട്‌സ്ആപ്പ് നമ്പറായ +91-9013151515 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് അയച്ചാല്‍ മതി. ഇത് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ചാറ്റ് ആരംഭിക്കും. ആദ്യം, ഡിജിലോക്കര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഉടന്‍ തന്നെ ഡിജിലോക്കര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും. ഡിജിലോക്കര്‍ അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചുകഴിഞ്ഞാല്‍, 12 അക്ക ആധാര്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി ഒരു ഒടിപി ലഭിക്കും. ഐഡന്റിറ്റി പരിശോധിക്കാന്‍ ഈ ഒടിപി ആവശ്യമാണ്.പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒരു ലിസ്റ്റ് ദൃശ്യമാകും. തുടര്‍ന്ന് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാകും.

ഈ സേവനം ഒരേ സമയം ഒരു പിഡിഎഫ് അല്ലെങ്കില്‍ ഡോക്യുമെന്റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് മുമ്പ് ആധാര്‍ നമ്പര്‍ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ആവശ്യമാണ്. എന്നിരുന്നാലും, ആധാര്‍ ഡിജിലോക്കര്‍ അക്കൗണ്ടില്‍ കാണിക്കുന്നില്ലെങ്കില്‍, വാട്‌സ്ആപ്പ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കര്‍ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റിലോ അത് അവിടെ ലിങ്ക് ചെയ്യാവുന്നതാണ്.