by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പറവൂര്‍ മജ്‌ലീസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോര്‍ജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബന്ധുക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി.

by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി വലിയ ആശുപത്രിയിലേക്ക് വ്യോമ മാർഗം മാറ്റുമെന്നാണ് ഇവിടെ നിന്നുള്ള വിവരം. സംസ്ഥാനത്ത് ബിജെഡി പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതിൽ പാർട്ടി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. മന്ത്രിയുടെ തൊട്ടടുത്ത് നിന്ന് തുടർച്ചയായി രണ്ട് തവണ തന്റെ ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ ഇതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാൽ ദാസിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗർ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിലെ റോഡുകളില്‍ ‘ഓപ്പറേഷന്‍ കോമ്പിങ്ങുമായി’ പൊലീസ്. രാത്രി പരിശോധനയില്‍ 370 പേര്‍ കുടുങ്ങി. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ സിറ്റി പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി റോഡുകളിലും. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്. ഇതിന് പുറമേ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാലര മാസം മുൻപ് കന്യാകുമാരിയിൽനിന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുറപ്പെട്ട ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറിൽ സമാപിക്കും. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തുന്നത്. നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കു പിന്നാലെ പിഡിപി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയിൽ അണിചേർന്നു. കശ്മീരിലെ 2 പ്രമുഖ പ്രാദേശിക കക്ഷികൾ രാഹുലിനു പരസ്യ പിന്തുണയുമായി രംഗത്തുവന്നത് ഇവിടെ പ്രതിപക്ഷഐക്യം ദൃഢമാകുന്നതിന്റെ സൂചനയായി. മകൾക്കും അമ്മയ്ക്കുമൊപ്പമാണ് മെഹബൂബ രാവിലെ രാഹുലിനൊപ്പം നടന്നത്. പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കാളിയായി.
കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് കശ്മീർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുകയാണ്. നാളെ ശ്രീനഗറിൽ യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണു കോൺഗ്രസിന്റെ ശ്രമമെങ്കിലും അതിലേക്ക് ആസാദിനെ ക്ഷണിച്ചിട്ടില്ല. 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രബല കക്ഷികളായ തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവ സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കുന്നത് ഐക്യ പ്രതിപക്ഷ നീക്കത്തിനു തിരിച്ചടിയാണ്. കേരളമടക്കം സംസ്ഥാനതലങ്ങളിൽ കോൺഗ്രസിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കാൻ പല കക്ഷികളെയും പ്രേരിപ്പിക്കുന്നത്. തൃണമൂൽ ഒഴികെയുള്ള കക്ഷികളെല്ലാം യാത്രയ്ക്ക് ആശംസകൾ നേർന്നത് രാഹുലിനോട് മുൻപുണ്ടായിരുന്ന എതിർപ്പ് കുറയുന്നതിന്റെ സൂചനയായി കോൺഗ്രസ് കാണുന്നു.
by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് കേസ്. എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകി. നെടുമങ്ങാട് പൊലീസ്, ജീവനക്കാരിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം : കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടി. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അവശേഷിച്ച പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുകയാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ വടിവാൾ വീശുകയും പ്രാണരക്ഷാർത്ഥം വെടിവെച്ചെന്നാണ് പൊലീസ് ഭാഷ്യം.

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കാക്കനാട് നിന്ന് തട്ടികൊണ്ടുപോയി അടൂരില്‍ വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തിനിടെ ഇന്ന് രാവിലെയാണ് സംഭവങ്ങളുണ്ടായത്. ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കാരണമെന്നാണ് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അക്രമി സംഘത്തിലെ ഒരാളുടെ കാര്‍ ലിബിൻ വർഗീസ് മറിച്ചു വിറ്റിരുന്നു. ഇതിന്‍റെ പണം നിരവധി തവണ ആവശ്യപെട്ടിട്ടും കിട്ടാത്തതിനാൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ലിബിൻ വർഗീസിനൊപ്പം തട്ടിക്കൊണ്ടു പോയ ഭാര്യയെ തൊട്ടടുത്തു തന്നെ സംഘം ഉപേക്ഷിച്ചിരുന്നു.
Recent Comments