കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു. നെടുംകണ്ടം കവുന്തി സ്വദേശി മാങ്ങാട്ട്‌പൊയ്കയില്‍ ബാബുവിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു വീഴുകയായിരുന്നു. ബാബുവിന്റെ അമ്മയും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

ശക്തമായ കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയിലും വ്യാപക നാശമുണ്ടായിട്ടുണ്ട്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം – ചേമ്പളം – വട്ടപ്പാറ റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി പോസ്റ്റുകളും വ്യാപകമായി ഒടിഞ്ഞുവീണു. മേഖലയിലെ ഏലത്തോട്ടങ്ങളിലും മരങ്ങള്‍ വീണ് കൃഷി നശിച്ചിട്ടുണ്ട്

ഇന്നലെ വൈകുന്നേരം ഉടുമ്പന്‍ചോലയില്‍ ഇടിവെട്ടേറ്റ് വീട് തകര്‍ന്നിരുന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ വൈദ്യുത വകുപ്പ് സ്വീകരിച്ചുവരുന്നു. ഉടുമ്പന്‍ചോലയില്‍ ഇന്ന് വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞുവീണ് കൃഷിയും നശിച്ചിട്ടുണ്ട്.

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബിഗ് എംസ് ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ പേട്രിയറ്റിനായി കാത്തിരുന്നത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടെന്നും ആ പ്രതീക്ഷകള്‍ക്ക് ആഴം കൂട്ടി.

ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയാണ് പേട്രിയറ്റ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ മുതല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വരെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവും മേക്കിങും കയ്യടി നേടുന്നത് പോലെ തന്നെ മമ്മൂട്ടിയുടെ ഷോ ആണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.

ആദ്യ പകുതിയ്ക്കും ഇന്റര്‍വെല്‍ ബ്ലോക്കിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയും പ്രതീക്ഷിച്ചത് ആവേശം നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന സാങ്കേതിക മികവ് ചിത്രത്തിനുണ്ടെന്നും ആരാധകര്‍ പറയുന്നു. അതേസമയം ചില വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്.

മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോയില്‍ നിന്നും പ്രതീക്ഷിച്ച അത്ര ഉയരാന്‍ ചിത്രത്തിനായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ‘കിടിലന്‍ ഫസ്റ്റ് ഹാഫ് തന്ന് എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ തന്ന് ഒന്നുമല്ലാതെയാക്കിയ സെക്കന്റ് ഹാഫ്, ക്ലൈമാക്‌സിനോട് അടുക്കും തോറും തെലുങ്ക് പടം ഫീല്‍. ഏട്ടനും ഇക്കയും ഒരുമിച്ചുള്ള സീന്‍സൊക്കെ ചുമ്മാ തീ. മൊത്തത്തില്‍ ആവറേജ് എക്‌സ്പീരിയന്‍സ്.’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

ഒരുപാട് പ്രതീക്ഷയോടെയാണ് പടത്തിനു കേറിയത്. പക്ഷെ എന്തോ ഒരു മിസിങ് ഉള്ള പടം. ഏട്ടന്‍ ഉണ്ടായിരുന്ന സീന്‍സ് ഒഴിച്ചാല്‍ എടുത്ത് പറയാന്‍ മാത്രം സെക്കന്റ് ഹാഫില്‍ ഒന്നും തോന്നിയില്ല. പക്ഷെ ഫസ്റ്റ് ഹാഫ് ഒരേ പൊളി. എനിക്ക് ശരിക്കും വര്‍ക്കായി. ഇക്ക ഏട്ടന്‍ കോമ്പോ സീന്‍സ് ഒക്കെ കൊള്ളാം. മാസ് പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആയിരിക്കും ലഭിക്കുക.. Remember it’s a Mahesh Narayanan Film എന്നാണ് മറ്റൊരു പ്രതികരണം.

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സാരമായി പരിക്കേറ്റ ഒന്നാം പാപ്പന്‍ അമല്‍ ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഇന്നലെ ആന ക്ഷേത്രവളപ്പില്‍ വച്ച് വിരണ്ടിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര സമീപത്തെ വളപ്പില്‍ ആനയെ തളയ്ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.

തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞിട്ട ശേഷം രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്. 2006ലും കുടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ ചവിട്ടിക്കൊന്നിരുന്നു.

ഇന്ന് സംസ്ഥാനത്ത് ആന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

യൂത്ത് ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. മലപ്പുറം, തിരൂരങ്ങാടി എന്നീ രണ്ട് ജില്ലകള്‍ രൂപികരിക്കണമെന്ന് പ്രമേയിത്തില്‍ പറയുന്നു. തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നിലവില്‍ മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജിക്കണമെന്ന യൂത്ത ലീഗിന്റെ ആവശ്യം. നേരത്തെ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. തിരൂര്‍, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘനടകളുടെ ആവശ്യം.

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

കൊച്ചി: ഡിജോ കാപ്പന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. കാപ്പന്‍ ചേട്ടന്‍ പോയി, എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നാണ് ഉമ തോമസിന്റെ കുറിപ്പ്. ജീവിതത്തിലുടനീളം പിടിയ്ക്ക് തുണയായിരുന്നയാളാണ് ഡിജോ കാപ്പനെന്നും ഉമ തോമസ് പറയുന്നു. ആ വാക്കുകളിലേക്ക്:

കാപ്പന്‍ ചേട്ടന്‍ പോയി. എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലര്‍ച്ചെ കാപ്പന്‍ ചേട്ടന്‍. ചെരിപ്പ് ആക്‌സിലേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യന്‍ തളര്‍ന്നു കിടന്നത്.

ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാള്‍. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പന്‍ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.പി ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു. നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക..

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.

1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു താമസിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ ജിജിയുടെ ചികിത്സക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു വീട്ടില്‍ നിന്നും പോയതെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന വിവരം. മൂത്ത മകന്‍ റെജിയുടെ പരാതിയില്‍ മാര്‍ച്ച് ഒന്‍പതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കാര്യമായ അന്വേഷണമാണ് നടത്തിയത്.

നെടുങ്കണ്ടത്തെത്തിയ മാത്യു ബസില്‍ കയറിപ്പോകുന്നത് കണ്ടതായും വിവരം ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവെക്കുകയായിരുന്നു. മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയും ഇളയ മകന്‍ സജി കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചതോടെ കേസില്‍ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി റിമാന്‍ഡില്‍ കഴിയുന്ന സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.