സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ച അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക പോലും ചെയ്യാതെയാണോ ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് കോടതി ചോദിച്ചു. എസ്‌ഐടിക്ക് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതികളായവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 10 ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണ്?. ഈ സമയത്ത് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിന് ഒരു കാരണവും കാണാനാകുന്നില്ല. പ്രതികള്‍ നിരപരാധികളാണെന്നാണോ വാദമെന്നും ഹൈക്കോടതി ചോദിച്ചു.

ദ്വാരപാലകശില്‍പ്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടില്ല, സ്വര്‍ണം പൂശിയതാണ് എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. എസ്ഐടി അന്വേഷണം ഫലപ്രദമല്ലെന്നും, അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സ്വാധീനമുള്ളതായും ഹര്‍ജിക്കാര്‍ പറയുന്നു. നാല് മാസമായിട്ടും മോഷ്ടിച്ച സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സമാനഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായി ഫെബ്രുവരി നാലിലേക്ക് ഹര്‍ജി മാറ്റിവെച്ചു.

വാസു വീണ്ടും റിമാന്‍ഡില്‍

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്‍പ്പ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു. തന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ 22 ന് വിജിലന്‍സ് കോടതി പരിഗണിക്കും.

ഡിജിറ്റല്‍ അറസ്റ്റിലൂടെ 10.5 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി പൊലീസ്

ഡിജിറ്റല്‍ അറസ്റ്റിലൂടെ 10.5 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി പൊലീസ്

കണ്ണൂര്‍: വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാം (28) ആണ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ ഡോക്ടറെ വാട്‌സാപ്പ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഡോക്ടറുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തി.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജ്യോതി ഇ, സി.പി.ഒ സുനില്‍ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ ലൊക്കേഷന്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചെങ്കിലും, പഞ്ചാബിലെ കൊടും തണുപ്പും പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചുദിവസത്തോളം പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; ആൺസുഹൃത്തിനെ വെറുതെ വിട്ടു

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; ആൺസുഹൃത്തിനെ വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് വിധിച്ചത്. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടു.പ്രതി ശരണ്യയുടെ ശിക്ഷ 21 ന് പ്രഖ്യാപിക്കും. അതേസമയം സുഹൃത്ത് നിധിന് കൊലപാതകത്തിലുള്ള പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിധിനെ കോടതി വെറുതെ വിട്ടത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ജനറല്‍ ആശുപത്രിയിലെ മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തുനിന്നാണ് മൂര്‍ഖനെ കണ്ടത്. ആശുപത്രി ജീവനക്കാര്‍ പാമ്പിനെ കണ്ടതോടെ വന്‍ അപകടം ഒഴിവായി.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടാഴ്ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്. കെ.പി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. തൃശൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രയില്‍ പ്രതിദിനം നൂറുകണക്കിനു പേര്‍ ചികിത്സിക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്.

എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി

കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. എന്നാല്‍ സിവില്‍കേസിന് പോകാന്‍ കോടതി എന്തിന് നിര്‍ദേശിച്ചു എന്ന മറുചോദ്യം സര്‍ക്കാര്‍ തിരികെ ചോദിച്ചു. 1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. എന്നാല്‍ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളില്‍ സാധുത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭൂമി സര്‍ക്കാരിന്റേതല്ലെന്ന കോടതി വിധി വന്നതോടെ വിമാനത്താവളത്തിനായി ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ.