by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം. ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്നു സൈനികര്‍ മരിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചല്‍ സെക്ടറില്‍ വെച്ചായിരുന്നു അപകടം. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
പ്രദേശത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന സൈനിക വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ലംഘനങ്ങൾ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധന കർശനമാക്കും.
ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ
∙ നാലുവരി / ആറുവരിപ്പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റെ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ.
∙ വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം.
∙ ലെയ്ൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക.
∙ റോഡിന്റെ വലതു വശത്തെ ലെയ്നിൽ ഒരു കാരണവശാലും വാഹനം നിർത്തിയിടരുത്.
∙ റോഡിന്റെ ഇടതുവശത്ത് അനധികൃത പാർക്കിങ് പാടില്ല

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.
വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളെജ് വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളേജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടിയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ റിലീസ് ആഘോഷമാക്കവേയാണ് അതുവഴിവന്ന ടാങ്കർ ലോറി തടഞ്ഞു നിർത്തി ഭാരത് കുമാർ അതിനു മുകളിൽ കയറിയത്. നൃത്തം ചെയ്യുന്നതിനിടെ കാൽവഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
തുനിവ് റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ചെന്നൈയിലെ മറ്റൊരു സിനിമാ തീയറ്ററിന് മുന്നിൽ അജിത് ആരാധകരും വിജയ് ആരാധകരും തമ്മിൽ ഏറ്റുമുട്ടി സംഘർഷം സൃഷ്ടിച്ചിരുന്നു.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ ഇന്നു മുതല്‍ ബാര്‍കോഡ് സ്‌കാനിങ്ങ് സംവിധാനം. റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് നമ്പര്‍ സ്‌കാന്‍ ചെയ്തുമാത്രം നല്‍കാന്‍ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്‌ജോഷി നിര്‍ദേശം നല്‍കി.

സപ്ലൈകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പീപ്പിള്‍സ് ബസാറുകളിലും ഇന്നുമുതല്‍ ഇതുപാലിക്കാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നത്.
ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും കുറയും. സപ്ലൈകോ ഔട്ട്‌ലെറ്റുകലില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡോ, മൊബൈല്‍ ഫോണിലെ ഡിജിലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ റേഷന്‍കാര്‍ഡോ ഹാജരാക്കണം. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സൂപ്പര്‍ സ്‌റ്റോറുകളിലും വരുംദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
Recent Comments