by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.
വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളെജ് വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളേജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടിയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ റിലീസ് ആഘോഷമാക്കവേയാണ് അതുവഴിവന്ന ടാങ്കർ ലോറി തടഞ്ഞു നിർത്തി ഭാരത് കുമാർ അതിനു മുകളിൽ കയറിയത്. നൃത്തം ചെയ്യുന്നതിനിടെ കാൽവഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
തുനിവ് റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ചെന്നൈയിലെ മറ്റൊരു സിനിമാ തീയറ്ററിന് മുന്നിൽ അജിത് ആരാധകരും വിജയ് ആരാധകരും തമ്മിൽ ഏറ്റുമുട്ടി സംഘർഷം സൃഷ്ടിച്ചിരുന്നു.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ ഇന്നു മുതല്‍ ബാര്‍കോഡ് സ്‌കാനിങ്ങ് സംവിധാനം. റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് നമ്പര്‍ സ്‌കാന്‍ ചെയ്തുമാത്രം നല്‍കാന്‍ സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്‌ജോഷി നിര്‍ദേശം നല്‍കി.

സപ്ലൈകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പീപ്പിള്‍സ് ബസാറുകളിലും ഇന്നുമുതല്‍ ഇതുപാലിക്കാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നത്.
ബാര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ച് കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും കുറയും. സപ്ലൈകോ ഔട്ട്‌ലെറ്റുകലില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡോ, മൊബൈല്‍ ഫോണിലെ ഡിജിലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ റേഷന്‍കാര്‍ഡോ ഹാജരാക്കണം. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സൂപ്പര്‍ സ്‌റ്റോറുകളിലും വരുംദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജിയോ 5 ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. ജിയോ 5 ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആഗ്ര, കാൻപൂർ, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവിടിങ്ങളിലാണ് ഇനി 5 ജി സേവനം ലഭ്യമാവുക. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5 ജി സേവനം ലഭ്യമാകും.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ മുറിഞ്ഞുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല. നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിക്ക് ജീവിക്കാനാകുമോ എന്ന ആശങ്കയുണ്ട്.

by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാൽ. ക്ഷീരസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് മായം കലർത്തിയ പാൽ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.

Recent Comments