ജിയോ 5 ജി കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി

ജിയോ 5 ജി കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി

ജിയോ 5 ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. ജിയോ 5 ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആഗ്ര, കാൻപൂർ, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവിടിങ്ങളിലാണ് ഇനി 5 ജി സേവനം ലഭ്യമാവുക. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5 ജി സേവനം ലഭ്യമാകും.

തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാന

തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാന

തൃശൂര്‍: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ മുറിഞ്ഞുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല. നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിക്ക് ജീവിക്കാനാകുമോ എന്ന ആശങ്കയുണ്ട്.

കേരളത്തിലേക്കുള്ള പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

കേരളത്തിലേക്കുള്ള പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാൽ. ക്ഷീരസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് മായം കലർത്തിയ പാൽ പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.

റോഡിന്റെ കൈവരി തകര്‍ന്ന് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റോഡിന്റെ കൈവരി തകര്‍ന്ന് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം നെടുമ്പായിക്കുളത്ത് റോഡിന്റെ കൈവരി തകര്‍ന്ന് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും മതിലും അപകടത്തില്‍ തകര്‍ന്നു.

ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തിലാക്കി ട്രെയിനില്‍ കടത്താന്‍ ശ്രമം; ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി

ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തിലാക്കി ട്രെയിനില്‍ കടത്താന്‍ ശ്രമം; ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി

തൃശൂര്‍: തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണം റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്‌സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തിലായിരുന്നു സ്വര്‍ണക്കടത്ത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ആർആർആർ

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ആർആർആർ

ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി. കീരവാണി സംഗീതം നിർവഹിച്ച ‘നാട്ടു നാട്ടു…’ എന്ന പാട്ടിനാണ് പുരസ്കാരം. ഗോൾഡൻ ഗ്ലോബിൽ മികച്ച സഹനടനുള്ള പുരസ്കാരം എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാൻ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്കാരത്തിനർഹയാക്കിയത്. പതിനാല് വർഷത്തിന് ശേഷമാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ൽ എ ആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്.