by Midhun HP News | Jan 16, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച തീരുമാനത്തിന് ഒപ്പം ഇരകളുടെ നഷ്ടപരിഹാര പദ്ധതിയും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 30 ശതമാനം (Victim Compensation Fund) ഇരകളുടെ നഷ്ടപരിഹാര പദ്ധതിയ്ക്കായി നീക്കിവയ്ക്കും. നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി തടവുകാരുടെ വേതനത്തിന്റെ 30 ശതമാനം നീക്കിവയ്ക്കുന്നത് നിര്‍ബന്ധമാക്കുന്ന 2024 ലെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. തടവുകാരുടെ കുടുംബത്തിന്റെ ഉപജീവനം, ഇരകള്‍ക്കായി കോടതികളുടെ മേല്‍നോട്ടത്തിലുള്ള സഞ്ചിത നിധിയിലേക്കാണ് വിഹിതം മാറ്റിവെക്കപ്പെടുക.
ജയില്‍ ജോലികളില്‍ നിന്നുള്ള തടവുകാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് അടയ്ക്കാന്‍ 2024 നവംബറില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൂടാതെ 2025 ജനുവരിയോടെ ഈ നിര്‍ദ്ദേശം നടപ്പാക്കാനും ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തടവുകാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നും, ഇതിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് നീക്കിവച്ചാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു ജയില്‍ വകുപ്പിന്റെ നിലപാട്. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ വേതനം പരിഷ്‌കരിക്കുന്നത് വരെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
വേതന പരിഷ്‌കരണത്തിന് പിന്നാലെ വിക്ടിം റിലീഫ് ഫണ്ട് ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനുവരി 9 ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തടവുകാരുടെ വേതനം ഏകദേശം 140 ശതമാനമാണ് വര്‍ധിപ്പിച്ചത്. തടവുകാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. വിദഗ്ധര്‍, സെമി-സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ്. വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിദിനം 620 രൂപ ലഭിക്കും, സെമി-സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിവര്‍ക്ക് യഥാക്രമം 560 രൂപയും 530 രൂപയും ലഭിക്കും. പരിഷ്‌കരണത്തിന് മുന്‍പ് സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ വേതനം പ്രതിദിനം 63 രൂപ മുതല്‍ 168 രൂപ വരെയായിരുന്നു. തുറന്ന ജയിലുകളിലെ തടവുകാര്‍ക്ക് പ്രതിദിനം 230 രൂപ വരെ ആയിരുന്നു വേതനം. ഇതിന് മുന്‍പ് 2018-ലാണ് തടവുകാരുടെ വേതനം അവസാനമായി പരിഷ്‌കരിച്ചത്.
വേതനം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 2024 ലെ ഉത്തരവ് നടപ്പിലാക്കാന്‍ സാഹചര്യമുണ്ടെന്ന് ജയില്‍ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ തടവുകാര്‍ക്ക് 63 രൂപ മാത്രമാണ് ലഭിച്ചത്. മൂന്നിലൊന്ന് തുക കുറച്ചാല്‍ അവര്‍ക്ക് 21 രൂപ മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ചാല്‍ തടവുകാരുടെ മിക്ക കുടുംബങ്ങളും തടവുകാര്‍ നേടുന്ന വേതനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹതര്യത്തില്‍ വിക്ടിം റിലീഫ് ഫണ്ടിലേക്ക് വിഹിതം പിടിക്കുന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയാല്‍ അത് മനുഷ്യത്വ വിരുദ്ധമാകുമായിരുന്നു. ഇപ്പോള്‍ വേതനം വര്‍ദ്ധിപ്പിച്ചതിനാല്‍, ഉത്തരവ് നടപ്പിലാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നും ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഏകദേശം 10,000 തടവുകാരാണുള്ളത്. അതില്‍ ഏകദേശം 4000 പേര്‍ ജയില്‍ ജോലികള്‍ ചെയ്യുന്നവരാണ്.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്.
സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന്‍ സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പലതവണ സന്തോഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഉപദ്രവം നിര്‍ത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല. പിന്നാലെ പിതാവും സഹോദരനും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോള്‍ കണ്ണില്‍ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും വിവരം ആരേയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്.
by Midhun HP News | Jan 16, 2026 | Latest News, കേരളം
വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് നേതാവ് മരിയ കൊറിന മച്ചാഡോ. പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തില്‍ ആഗോള തലത്തില്‍ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മരിയ കൊറിന മച്ചാഡോയുടെ നടപടി. വൈറ്റ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മച്ചാഡോ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ചത്.
2025 ല്‍ ആണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ കൊറിന മച്ചാഡോ പ്രതികരിച്ചു. ‘സ്വതന്ത്ര വെനിസ്വേല ഉറപ്പാക്കാനുള്ള ട്രംപിന്റെ നടപടിയെ അംഗീകരിക്കുകയാണ്. ഈ ഇടപെടലിന് വെനസ്വേലന്‍ ജനതയ്ക്ക് വേണ്ടി അറിയിക്കുന്ന നന്ദിയ്ക്ക്, തന്റെ വ്യക്തിപരമായ പ്രതീകമായി സമ്മാനം സമര്‍പ്പിക്കുന്നു’ എന്നും കൊറിന മച്ചാഡോ അറിയിച്ചു. ‘പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തി’ എന്നാണ് തനിക്ക് സമ്മാനം സമര്‍പ്പിച്ച നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. മച്ചാഡോയെ കാണാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.
തീവ്ര വലതുപക്ഷ നിലപാടുകളുള്ള കടുത്ത അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതി എന്ന നിലയിലാണ് മച്ചാഡോ പൊതുവെ അറിയപ്പെടുന്നത്. വെനസ്വേലയിലെ ഭരണ അട്ടിമറി ലക്ഷ്യമിട്ട് 2014ല്‍ വെനസ്വേലയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തി എന്ന നിലയിലും മച്ചാഡോ അറിയപ്പെട്ടിരുന്നു. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതും വലിയ വിവാദമായിരുന്നു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മൂന്നാം ദിനത്തിലേക്ക് കടന്നു. സ്വർണ കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശ്ശൂരുമുണ്ട്. മൂന്നാം ദിനത്തിൽ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ആദ്യ മത്സര ഇനം.
ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങ്യാർ കൂത്ത് തുടങ്ങി നിരവധി മത്സരങ്ങളും ഇന്ന് അരങ്ങേറും. ഗോത്ര കലകളിൽ വേദി മൂന്നിൽ ഹയർസെക്കൻഡറി വിഭാഗം മലപ്പുലയാട്ടം നടക്കും.
64-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയായി. വാശിയേറിയ മത്സരമാണ് ഓരോ വേദികളിലും അരങ്ങേറുന്നത്. 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.
438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു.
കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നഗരത്തിലേക്ക് കലാപ്രേമികള്‍ ഒഴുകി. ഇനി സ്വര്‍ണക്കപ്പിനുള്ള ജില്ലകളുടെ മത്സരം ഒന്നുകൂടി കൊഴുക്കും.
by Midhun HP News | Jan 16, 2026 | Latest News, കേരളം
തെഹ്റാന്‍: ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി പാകിസ്ഥാനിലെ ഇറാന്‍ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ തെഹ്റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനില്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇറാന്റെ നയതന്ത്ര നീക്കം.
ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസംവരെയും അമേരിക്ക എടുത്തിരുന്നത്. പ്രതിഷേധക്കാരോട് പ്രക്ഷോഭം തുടരാനും അവര്‍ക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്. കൂടാതെ യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.
ഇന്നലെ പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മൊഘദാം. പറഞ്ഞു. താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.


by Midhun HP News | Jan 16, 2026 | Latest News, കേരളം
മലപ്പുറം: കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ ഇന്ന് തുടക്കമാകും. വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് ആരംഭം കുറിക്കുക. 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം. 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനംചെയ്യും.
വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി, ഭക്തർ തിരുനാവായയിൽ ദേവതാ വന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിൽ വൈദിക ശ്രാദ്ധകർമം നടത്തും. ഈ ചടങ്ങുകളോടെയാണ് തിരുനാവായയിൽ കുംഭമേളയ്ക്ക് ഔപചാരിക തുടക്കം കുറിക്കുന്നത്.
മഹോത്സവം സുഗമമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. പുഴയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് നേരത്തേ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർന്ന് സംഘാടകർ ജില്ലാ കലക്ടറുമായി ചർച്ച നടത്തിയതിനെത്തുടർന്ന് പ്രവർത്തനങ്ങൾ തുടരാനും ചടങ്ങുകൾ നടത്താനും വാക്കാൽ അനുമതി നൽകിയിരുന്നു.


Recent Comments