റോഡിൽ കിടന്ന ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പോലീസിന് കൈമാറി ശുചീകരണ തൊഴിലാളി, പിന്നാലെ മുഖ്യമന്ത്രിയുടെ സമ്മാനം

റോഡിൽ കിടന്ന ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പോലീസിന് കൈമാറി ശുചീകരണ തൊഴിലാളി, പിന്നാലെ മുഖ്യമന്ത്രിയുടെ സമ്മാനം

റോഡരികിൽ കിടന്ന ബാഗ് തുറന്ന് നോക്കിയ ശുചീകരണ തൊഴിലാളിയായ പത്മ ഒന്ന് നടുങ്ങി. ബാഗിൽ നിറയെ സ്വർണാഭരണങ്ങൾ. പിന്നീട് ഒട്ടും അമാന്തിക്കാതെ പത്മ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് കുതിച്ചു. 45 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ചെന്നൈ ടി നഗറിലാണ് സംഭവം

റോഡിൽ പതിവ് പോലെ ശുചീകരണ പ്രവർത്തി ചെയ്യുന്നതിനിടെയാണ് പത്മക്ക് ബാഗ് ലഭിച്ചത്. ബാഗിനുള്ളിൽ സ്വർണാഭരണങ്ങൾ കണ്ടതോടെ ഇവർ പോണ്ടി ബസാർ പോലീസ് സ്‌റ്റേഷനിലെത്തി ഇത് കൈമാറി. പോലീസിന്റെ അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ നങ്കനല്ലൂർ സ്വദേശി രമേശിന്റേതാണെന്ന് കണ്ടെത്തി

പത്മയുടെ സത്യസന്ധതയിൽ അഭിനന്ദനം അറിയിച്ച പോലീസ് വിവരം മുഖ്യമന്ത്രി എംകെ സ്റ്റാലിനും കൈമാറി. മാതൃകാപരമായ പെരുമാറ്റത്തിന് പത്മക്ക് മുഖ്യമന്ത്രി സ്റ്റാലിൻ ഒരു ലക്ഷം രൂപ പാരിതോഷികവും കൈമാറി.

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 18 വരെ 5 ദിവസം വരെ നീണ്ടു നിൽക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും.

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂര്‍ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിലാണ് രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകള്‍ കൂടാതെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ മടവൂരും പള്ളിക്കലും നിരീക്ഷണം ശക്തമാക്കും.

കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.

പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍

പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍

ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.

വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.

ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.

മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളില്‍നിന്നും മകരജ്യോതി ദര്‍ശിക്കുന്നതിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ചുചേര്‍ത്തു ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും.

കനത്ത പൊലീസ് ബന്തവസ്സോടെയാണ് പൊലീസ് സംഘം പുറപ്പെട്ടത്. തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. രാഹുലിന്റെ വീട്ടിലും, പാലക്കാട് എത്തിച്ചും തെളിവെടുപ്പു നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി കോടതിയില്‍ അറിയിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ നിഗമനം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ശനി രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

കൽപ്പറ്റ: സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. 41വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.

വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ സുരേഷ് പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു. അനുരൂപയാണ് ഭാര്യ.