വർക്കലയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

വർക്കലയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

​വർക്കല: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. ഇന്ന് രാവിലെ വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
​റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. കൂടാതെ, പരിശോധന നടത്തിയ നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
​പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ കനത്ത പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഭക്തര്‍ക്ക് സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി

ഭക്തര്‍ക്ക് സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി

ശബരിമല: സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് നിര്‍വൃതിയുടെ നിമിഷം. ശരണം വിളികളോടെ മലകയറിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇഡി പസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം തെളിഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, അയ്യപ്പദര്‍ശനത്തിനായി ആയിരക്കണക്കിനു തീര്‍ഥാടകരാണ് എത്തിയത്.

നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സ് ആകാൻ അവസരം. കേരള സർക്കാർ ഏജൻസിയായ ഒഡേപെക് (ODEPC) വഴിയാണ് സൗജന്യ റിക്രൂട്മെന്റ് നടത്തുന്നത്. അകെ 60 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രതിമാസം 2000 യൂറോ ( 2,10,000 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26 ജനുവരി 2026.

യോഗ്യതാ മാനദണ്ഡങ്ങൾ:

ബി എസ് സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം

കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയം

പ്രായപരിധി: 35 വയസ്സ്

ഇംഗ്ലീഷ് പ്രാവീണ്യം: ഐ ഇ എൽ ടി എസിന് 6.0 അല്ലെങ്കിൽ ഒ ഇ ടി ‘സി’ ഗ്രേഡ്

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂലൈ മുതൽ ഡിസംബർ 2026 വരെ 6 മാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം ലഭിക്കും.

പരിശീലന കാലയളവിൽ 15,000 രൂപ പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും. ഈ കാലയളവിൽ താമസം സൗജന്യമാണ്, ഭക്ഷണച്ചെലവ് ഉദ്യോഗാർത്ഥി സ്വന്തമായി വഹിക്കണം.

പരിശീലനത്തിന് മുൻപ് 30,000 രൂപ സുരക്ഷാ നിക്ഷേപമായി വാങ്ങുകയും ബെൽജിയത്തിലേക്കുള്ള യാത്രയ്ക്കുമുമ്പ് തിരിച്ചു നൽകുകയും ചെയ്യും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അടുത്ത വർഷം ജനുവരിയിൽ ബെൽജിയയിൽ നിയമനം ലഭിക്കും.

വിസയും എയർടിക്കറ്റും കമ്പനി നൽകും.

ബെൽജിയത്തിൽ ഉദ്യോഗാർത്ഥികൾ ഒരു വർഷത്തെ നഴ്‌സിങ് പ്രോഗ്രാമിൽ പങ്കെടുത്ത് നഴ്‌സിങ് അസിസ്റ്റന്റായി പ്രവർത്തിക്കണം. ഇതിലൂടെ അന്താരാഷ്ട്ര പരിചയം, പ്രൊഫഷണൽ പരിശീലനം എന്നിവ ലഭിക്കും.

അപേക്ഷാ പ്രക്രിയ

ഉദ്യോഗാർത്ഥികൾ തങ്ങളുടെ സിവി, പാസ്പോർട്ട് കോപ്പി , IELTS/OET സ്കോർഷീറ്റ്, ഡിപ്ലോമ/ഡിഗ്രി സർട്ടിഫിക്കറ്റ് aurora@odepc.in എന്ന ഇമെയിലിൽ “Aurora-2026” എന്ന് സബ്ജെക്ട് നൽകി അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്കും ശമ്പളഘടന അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക.

https://odepc.kerala.gov.in/job/free-recruitment-of-nurses-to-belgium

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികൾ; നാട്ടുകാർ ആശങ്കയിൽ

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികൾ; നാട്ടുകാർ ആശങ്കയിൽ

പാലക്കാട് കഞ്ചിക്കോട് ജനവാസമേഖലയിൽ കരടികൾ. ചുള്ളിമട കൊട്ടാമുട്ടി ജനവാസ മേഖലയിലാണ് കരടികളെ കണ്ടത്. കരടിയും കുട്ടിക്കരടിയും നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

ഇതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അയ്യപ്പൻമലയിൽ തീറ്റ തേടിയെത്തിയതാകാമെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

കാട്ടാനകൾ ഇറങ്ങാറുള്ള സ്ഥലമാണെങ്കിലും കരടികൾ ഇതാദ്യമായാണ് മേഖലയിൽ ഇറങ്ങിയത്. നാട്ടുകാർ കടുത്ത ആശങ്കയിലാണ്

കുളത്തൂപ്പുഴ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളത്തൂപ്പുഴ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രക്കടവിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മുങ്ങിമരിച്ചു. മറ്റൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ ഷൈനിയുടെ മകൻ മഹേഷ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ക്ഷേത്രക്കടവ് കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഇരുവരും ശക്തമായ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ ഇടപെട്ട് ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മഹേഷിനെ രക്ഷിക്കാൻ സാധിച്ചില്ല.

‘കേരളത്തില്‍ എയിംസ് വരും…മറ്റേ മോനേ’; അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും സുരേഷ് ഗോപി

‘കേരളത്തില്‍ എയിംസ് വരും…മറ്റേ മോനേ’; അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും സുരേഷ് ഗോപി

തൃപ്പൂണിത്തുറ: അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ഗോപി ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയിംസിനായി കൂടുതല്‍ ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് 2015 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ജില്ലയെ ഫോക്കസ് ചെയ്താണ് അവര്‍ നീങ്ങുന്നത്. അതില്‍ ഒരിടത്ത് ചില അവിശുദ്ധനീക്കം ഉള്ളതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തീര്‍ച്ചയായും കേരളത്തില്‍ ഒരു ജില്ലയില്‍ എയിംസ് വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ. നിലവില്‍ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് എയിംസ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്ക് എയിംസിനായി മുന്‍ഗണന നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂര്‍ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശ്ശൂരിന് എയിംസ് നല്‍കുന്നതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുച്ഛം കാണും, കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും, അത് അവരുടെ ഡിഎന്‍എയാണ്. അതവര്‍ ചെയ്തുകൊണ്ടേയിരിക്കട്ടേ. പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രീം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. പിന്നെ ഉരുളക്കിഴങ്ങും തക്കാളിയും ഒക്കെ വില്‍ക്കുന്നവര്‍ ഉടന്‍ തന്നെ പിഒഎസ് ഒക്കെവെച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോള്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറന്‍സി… എന്നിടത്ത് എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ”, സുരേഷ് ഗോപി പറഞ്ഞു.