by Midhun HP News | Jan 12, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,030 രൂപയാണ്

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമസഭയുടെ നടപടിയില്‍ നിയമോപദേശം നിര്‍ണായകമാകും. അറസ്റ്റ് നടപടി റിപ്പോർട്ട് എസ്ഐടി സ്പീക്കർക്ക് കൈമാറി. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കര്‍ വിട്ടാല്‍, തീരുമാനമെടുക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അടക്കമുള്ളവരാണ്. രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടിയില്‍ എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.
സിപിഎം പ്രതിനിധി മുരളി പെരുനെല്ലിയാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയില്‍ എം വി ഗോവിന്ദന്‍, ടിപി രാമകൃഷ്ണന്‍, കെ കെ ശൈലജ, എച്ച് സലാം എന്നീ സിപിഎം എംഎല്‍എമാരും, സിപിഐയില്‍ നിന്ന് പി ബാലചന്ദ്രന്‍, ജെഡിഎസിന്റെ മാത്യു ടി തോമസ്, യുഡിഎഫിലെ റോജി എം ജോണ്‍ ( കോണ്‍ഗ്രസ്), യു എ ലത്തീഫ് ( മുസ്ലിം ലീഗ് ) എന്നിവര്‍ അംഗങ്ങളാണ്.

രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍, സംസ്ഥാന നിയമസഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍നടപടിയാകാം.

കമ്മിറ്റി പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തി ശുപാര്‍ശ അടക്കം നല്‍കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ നിര്‍ദേശം മുഖ്യമന്ത്രി പ്രമേയമായി സഭയില്‍ അവതരിപ്പിക്കണം. പ്രമേയത്തില്‍ താക്കീതോ, സസ്‌പെന്‍ഷനോ, പുറത്താക്കലോ ശുപാര്‍ശ ചെയ്യാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കിയാലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.
by Midhun HP News | Jan 11, 2026 | Latest News, കേരളം
കൊച്ചി: ദേശീയപാത 66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍. 86 ശതമാനം പണികള്‍ പൂര്‍ത്തിയായി. നാലിടത്തായി 40 ഗര്‍ഡറുകള്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്. 2605 ഗര്‍ഡറുകള്‍ ഇതിനകം സ്ഥാപിച്ചു. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റര്‍ ആറുവരിപ്പാത കടന്നുപോകുന്നത്.
രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലമാണ് അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ ഒരുങ്ങുന്നത്. ഇനി അരൂര്‍ പള്ളി ജംഗ്ഷനില്‍ 10 ഗര്‍ഡറുകള്‍ ഉയര്‍ത്താനുണ്ട്. ഇവിടെ ജോലികള്‍ പുരോഗമിക്കുകയാണ്.


by Midhun HP News | Jan 11, 2026 | Latest News, കേരളം
പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഐ ഫോണിന്റെ പാസ് വേര്‍ഡ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്.
പരാതിക്കാരിയെ അറിയില്ലെന്നും, വിദേശത്തു നിന്നും ഇമെയിലായി വന്ന പരാതിയില്‍ കഴമ്പില്ലെന്നുമാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. ഇതോടെ രാഹുലിന് ചോദ്യങ്ങളില്‍ മറുപടിയുണ്ടായില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ എല്ലാം പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു.

തെളിവുകള്‍ നിരത്തിയുള്ള നിരന്തര ചോദ്യം ചെയ്യലില്‍ യുവതിയെ അറിയാമെന്ന് രാഹുല്‍ സമ്മതിച്ചു. ബലാത്സംഗം ചെയ്തിട്ടില്ല. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചിട്ടില്ല. സാമ്പത്തിക ചൂഷണം ഉണ്ടായിട്ടില്ലെന്നും രാഹുല്‍ എസ്‌ഐടിയോട് പറഞ്ഞുവെന്നാണ് സൂചന. 2024 ഏപ്രില്‍ മാസത്തിലാണ് ക്രൂര പീഡനം നടന്നത്. ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് തന്റേതല്ല, മറ്റാരുടേതായിരിക്കും എന്ന് രാഹുല്‍ പറഞ്ഞുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.
സൈബര്‍, ഫോറന്‍സിക്, വിരലടയാള വിദഗ്ധരെയെല്ലാം രാഹുലിനെ ചോദ്യം ചെയ്യുന്ന പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചിരുന്നു. ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത് അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാനാണ് സംഘത്തെയെത്തിച്ചത്. രാഹുലിന്റെ ഫോണുകളെല്ലാം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് എസ്‌ഐടിയുടെ നീക്കം.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി അടുത്ത ദിവസം നാട്ടിലെത്തി അന്വേഷണ സംഘത്തിനു നേരിട്ട് മൊഴി നല്‍കുമെന്നാണ് സൂചന.

by Midhun HP News | Jan 11, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം. പൊലീസ് വാഹനം വളഞ്ഞ പ്രതിഷേധക്കാര്‍ രാഹുലിനെ കൂവി വിളിച്ചു.
മുദ്രാവാക്യം വിളികളോടെയായിരുന്നു യുവജന സംഘടന പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒന്നും രണ്ടുമല്ല, മൂന്നാമത്തെ കേസാണ്, എന്തിനാണ് ഇങ്ങനെയൊരാളെ വെച്ചു പൊറുപ്പിക്കുന്നത് എന്നു ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വന്‍ പൊലീസ് ബന്തവസ്സിലാണ് രാഹുലിനെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെയാണ് പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.


by Midhun HP News | Jan 11, 2026 | Latest News, കേരളം
കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. തിങ്കള്‍ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.
മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്‌പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്‌ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.


Recent Comments