by Midhun HP News | Jan 11, 2026 | Latest News, കേരളം
ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയില്‍ ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു. പാസ്ബുക്ക്, ചെക്ക് ഉള്‍പ്പടെ രേഖകളാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന.
ശനിയാഴ്ച പകല്‍ രണ്ടരയോടെ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തിലെത്തിയ എട്ടംഗ അന്വേഷണ സംഘം എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന പൂര്‍ത്തിയാക്കി രാത്രി 10.45നാണ് മടങ്ങിയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ മൂല്യനിര്‍ണയക്കാരനെ കൂടാതെ സ്ഥലത്തുനിന്ന് ഒരു സ്വര്‍ണപ്പണിക്കാരനെയും വൈകീട്ട് നാലരയോടെ അന്വേഷണ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലുള്ളവ കൂടാതെ ദക്ഷിണയായി ലഭിച്ച സ്വര്‍ണാഭരണങ്ങളും സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ മൂല്യം, കാലപ്പഴക്കം എന്നിവയാണ് പരിശോധിച്ചത്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചു.
ചെങ്ങന്നൂര്‍, പുളിക്കീഴ്, മാന്നാര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. തന്ത്രിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. അതിനിടെ കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ റിമാന്‍ഡിലായ രാജീവരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ്ജയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ജയിലില്‍ ഭക്ഷണം നല്‍കാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയും പിന്നാലെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.


by Midhun HP News | Jan 10, 2026 | Latest News, കേരളം
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയെന്ന വിവാദത്തിന് വിരാമം. വേദികളില്‍ ഒന്നിന് താമര എന്ന് പേര് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15-ാമത്തെ വേദിക്കാണ് ആണ് താമര എന്ന പേര് നല്‍കിയത്.
കലോത്സവം നന്നായി നടത്തി എല്ലാവരുമായി സഹകരിച്ച് പോകാനാണ് ആഗ്രഹമെന്നും പേരുമാറ്റം വിശദീകരിച്ച് മന്ത്രി പറഞ്ഞു. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ല. താമര വിവാദം ആക്കേണ്ട കാര്യം ഇല്ല. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വക്കാണത്തിലും അല്ല നടത്തേണ്ടത്. വേദി 15ന് ഡാലിയ എന്നായിരുന്നു മുന്നേ നിശ്ചയിച്ച പേര്. അത് മാറ്റി താമര എന്നാക്കിയിട്ടുണ്ട്. ആർക്കും വഴങ്ങിയിട്ടല്ല, വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേരുകള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുല്‍മോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പല്‍പ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.
അതേസമയം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി തൃശൂര്‍ പൂര്‍ണസജ്ജമായതായും മന്ത്രി അറിയിച്ചു. ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആശയത്തിലൂന്നി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും മേള നടക്കുക. വേദികളുടെയും പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കും. ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം എന്നിവയെല്ലാം സജ്ജമാണ്. ലോത്സവത്തിനെത്തുന്നവര്‍ക്ക് നമ്മുടെ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ വിപുലമായ കലവറ ഒരുങ്ങിക്കഴിഞ്ഞു. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളില്‍ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും യാത്ര ചെയ്യാന്‍ ആവശ്യമായ വാഹന സൗകര്യങ്ങള്‍ ഉറപ്പാക്കി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും. സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര, വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വന്‍ വിജയമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒപ്പം ഏവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.


by Midhun HP News | Jan 10, 2026 | Latest News, കേരളം
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് റദ്ദാക്കിയത്.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കിൽ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതിൽ ഹർജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യത്തിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കിൽ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയിൽ അധികൃതർ പരസ്യം കാണിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉപഭോക്തൃ സംരക്ഷണത്തിെലെ 21ാം വകുപ്പ് പ്രകാരം പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.


by Midhun HP News | Jan 10, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
‘കേസില്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നില്‍’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായ സമരമെന്ന നിലയില്‍ ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കും. എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എസ്‌ഐടി നടപടികള്‍ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന് പരാതി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ അറസ്റ്റ് എന്ന് സംശയിക്കപ്പെടുന്നു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രന്റെയും പിഎസ് പ്രശാന്തിന്റെയും പേര് പറഞ്ഞു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാന്‍ അധികാരമില്ല. കൊള്ള നടന്നതിന്റെ ഉത്തരവാദി ദേവസ്വം ബോര്‍ഡാണ്. ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
by Midhun HP News | Jan 10, 2026 | Latest News, കേരളം
പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് ഒരാഴചയ്ക്കുള്ളില്‍ മറുപടി നല്‍കും. എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തനിക്ക് മനസില്ല. ജയിലിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ സന്തോഷപൂര്‍വം സ്വീകരിച്ച് ജയിലില്‍ പോകും. കേസും കോടതിയും തന്നെ സംബന്ധിച്ച് പുത്തരിയല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വിദ്യാര്‍ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന ആളാണ് ഞാന്‍. എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ എന്റെ പേരില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട കേസില്‍ ഒറ്റപ്പാലം കോടതി രണ്ടര വര്‍ഷം ശിക്ഷിച്ചിരുന്നു. പിറ്റേദിവസം തന്നെ ശിക്ഷയ്ക്ക് സ്റ്റേ വാങ്ങി. എനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തില്ല.
കേസും കോടതിയും എന്നെ സംബന്ധിച്ച് പുത്തരിയല്ല. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. എന്നെയും എന്റെ പാര്‍ട്ടിയെയും പൊതുസമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിലൂടെ കെട്ടിച്ചമച്ചതാണ് ഈ ആരോപണം. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താന്‍ എന്ന് വരുത്തുന്നതിനുള്ള ശ്രമമാണ് നടന്നത്. 60 വര്‍ഷത്തിലേറെ കാലം നീണ്ടുനിന്നതാണ് എന്റെ പൊതുപ്രവര്‍ത്തനം.’- എ കെ ബാലന്‍ പറഞ്ഞു.
എ കെ ബാലന്റെ പ്രസ്താവനക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസയച്ചത്. വര്‍ഗീയകലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.


by Midhun HP News | Jan 10, 2026 | Latest News, കേരളം
തൊടുപുഴ: താന്‍ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കളുടെ സൗകര്യാര്‍ഥം ഉടന്‍ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടി പ്രവേശനം നടക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നു രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി രാജേന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രന്‍ വോട്ടു തേടിയിറങ്ങിയത്. സിപിഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍. 15 വര്‍ഷം സിപിഎം എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍.


Recent Comments