by Midhun HP News | Jan 9, 2026 | Latest News, കേരളം
കൊല്ലം: ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തിയതോടെ പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്‌സ്പ്രസിലാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കൊല്ലത്ത് പിടിച്ചിട്ട ട്രെയിനിലെ കോച്ചില്‍ നിന്ന് പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എസ് സെവന്‍ കോച്ചിലാണ് യാത്രയ്ക്കിടെ യുവതി പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ബഹളം വച്ച സ്ത്രീ വിവരം റെയില്‍വേ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് പിടിച്ചിട്ട ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.


by Midhun HP News | Jan 9, 2026 | Latest News, കേരളം
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. സ്‌കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറ് പടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തില്‍.


by Midhun HP News | Jan 9, 2026 | Latest News, കേരളം
പാലക്കാട്: വിദ്യാര്‍ഥിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍. അഞ്ച് ആണ്‍കുട്ടികള്‍ കൂടി അധ്യാപകനില്‍നിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗണ്‍സലിങില്‍ വെളിപ്പെടുത്തി. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എല്‍. അനിലിനെതിരേ വ്യാഴാഴ്ച മലമ്പുഴ പൊലീസ് അഞ്ച് കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു.
പീഡനത്തിനിരയായ വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കുന്നത് തുടരുന്നതിനിടെ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കൗണ്‍സിലിങ്ങിന് വിധേയരാക്കുകയായിരുന്നു. സ്‌കൂളില്‍വെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി.
കുട്ടികളെ ആദ്യഘട്ട കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികള്‍ അനിലിനെതിരെ ഉയര്‍ന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ കുട്ടികളെ സിഡബ്ല്യുസി കൗണ്‍സിലിങ്ങിന് വിധേയമാക്കും. അനില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പീഡിനത്തിനിരയാക്കിയെന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
നവംബര്‍ 29നാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായ 11 വയസുകാരന്‍ അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയര്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.


by Midhun HP News | Jan 9, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. ഉടന്‍ തന്നെ അധ്യാപിക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശിനി അറസ്റ്റിലായത്. ജൂവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.


by Midhun HP News | Jan 9, 2026 | Latest News, കേരളം
കണ്ണൂര്‍: ചെളിയിൽ പുതഞ്ഞ പൊലീസ് ജീപ്പ് തള്ളാൻ സഹായിക്കാതിരുന്ന പ്രവാസിയെ കള്ളക്കേസില്‍ കുരുക്കിയ പൊലീസിന് കനത്ത തിരിച്ചടി. വഴിയാത്രക്കാരിയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചുവെന്ന കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലില്‍ അടച്ചതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടത്. പൊലീസിന്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് കതിരൂര്‍ സ്വദേശി വികെ താജുദ്ദീനാണ് ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിജു, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് താജുദ്ദീനെ മാലമോഷണക്കേസില്‍ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദന ഉള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാലിനടുത്തെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പി. ബിജു പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ കരഞ്ഞു പറഞ്ഞിട്ടും ചക്കരക്കല്‍ എസ് ഐ പി ബിജുവും സംഘവും അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു.
താന്‍ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീന്‍ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നു.
ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിലാണ് നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയപ്പോള്‍, നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അബ്‌സ്‌കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലില്‍ കിടക്കേണ്ടി വന്നു. തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ 23 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. കേസ് നടത്താനായി ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നു.
പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്. പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രവാസി വികെ താജുദ്ദീനും കുടുംബത്തിനുമായി 14 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.
നിയമാനുസൃത നടപടികള്‍ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരിന് വേണമെങ്കില്‍ ഈടാക്കാവുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വാദിഭാഗത്തിന് തടസമില്ല. കീഴ്‌ക്കോടതിയെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

by Midhun HP News | Jan 9, 2026 | Latest News, കേരളം
കൊച്ചി: ഈ മാസം 22 ന് സൂചന പണിമുടക്ക് നടത്താനൊരുങ്ങി വിവിധ സിനിമാ സംഘടനകൾ. സംസ്ഥാന വ്യാപകമായി തിയറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടു കൊണ്ടാണ് പണിമുടക്ക്. അതോടൊപ്പം സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാനാണ് തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സംഘടനകൾ അറിയിച്ചു.
ജിഎസ്ടിയ്ക്ക് പുറമേയുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. തിയറ്ററുകൾക്ക് മാത്രമായി ഒരു പ്രത്യേക വൈദ്യുതി താരിഫ് പ്രഖ്യാപിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ കഴിഞ്ഞ ആറ് വർഷക്കാലമായി വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ചിരുന്നു..
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പലവട്ടം സർക്കാർ സംഘടനകളെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാൽ സംഘടനകളുടെ ഈ ആവശ്യങ്ങൾ തിരസ്കരിക്കുകയായിരുന്നു. സിനിമാ സംഘടനകളുമായി 14-ാം തീയതി വീണ്ടും ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേർത്തിരിക്കുന്നത്.


Recent Comments