by Midhun HP News | Aug 19, 2026 | Latest News, കേരളം
ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി.

വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി പെണ്‍കുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഓടിട്ട വീടിന്റെ മച്ചാണ് പ്രതികളുടെ പ്ലാന്‍ നടപ്പാക്കുന്നതിന് തടസ്സമായത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയെത്തിയ പ്രതികള്‍ ശിവന്‍കുട്ടി താമസിക്കുന്ന വാടകവീടിന്റെ പുരപ്പുറത്തു കയറി. പലഭാഗങ്ങളില്‍ ഓടിളക്കി നോക്കി. മച്ചുള്ളതിനാല്‍ കല്ലിട്ടു കൊല്ലാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.
ഇതേത്തുടര്‍ന്നാണ് ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നത്. തുടര്‍ന്ന് തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കും പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകം എങ്ങനെ നടപ്പാക്കണമെന്ന് പെണ്‍കുട്ടിയും കൂട്ടാളികളായ സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം നിരന്തരം ചര്‍ച്ചചെയ്തിരുന്നു.

‘പല മാർഗങ്ങളും ചർച്ച ചെയ്തു’
വിഷം കൊടുക്കുന്നതും വാഹനാപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ പലവഴികളും ചര്‍ച്ച ചെയ്തിരുന്നു.
ഇതിനിടെയാണ് ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഭാര്യയും ആശുപത്രിയിലേക്ക് പോയതോടെ ശിവന്‍കുട്ടി തനിച്ചായിരുന്നു താമസം. കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറി താമസിച്ച പെണ്‍കുട്ടി, ഈ അവസരം വിനിയോഗിക്കാന്‍ കൗമാര സംഘത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
ട്രെയിനിൽ വന്നു, ബസിൽ മടക്കം
ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് പ്രതികള്‍ ഹരിപ്പാട്ടെത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തി. അവിടെ നിന്ന് നടന്നാണ് ശിവന്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കൊലപാതകം നടത്തിയശേഷം ഇതേ വഴിയിലൂടെ തന്നെ പുലര്‍ച്ചെ ഇവർ ഹരിപ്പാട് നഗരത്തിലെത്തി
തട്ടുകടയിലെ ആഘോഷം
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള തട്ടുകടയില്‍ നിന്ന് ആഘോഷപൂര്‍വം ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയില്‍ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ഭക്ഷണം കഴിച്ചശേഷം ബസിലാണ് ഇവര്‍ കൊല്ലത്തേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാവിലെ വരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് ഇവര്‍ ആശങ്കയിലായത്.
തിങ്കളാഴ്ച രാത്രിയാണ് ഹരിപ്പാട് പൊലീസ് സംഘം പരവൂരിലെ പ്രതികളുടെ വീടുകളിലെത്തുന്നത്. നിര്‍ധന കുടുംബാംഗങ്ങളാണ് പിടിയിലായ മൂന്നുപേരും. ക്വട്ടേഷന്‍ നല്‍കിയ പെണ്‍കുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള ബന്ധമാണ് മറ്റു രണ്ടുപേരെയും കൃത്യത്തില്‍ പങ്കാളികളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുന്‍പ് പരവൂരില്‍ താമസിക്കുന്ന കാലത്ത് സ്‌കൂളില്‍വെച്ചാണ് ഇയാളുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നത്.പരവൂരു കാരായ ശിവന്‍കുട്ടി ചെട്ടിയാരും ഭാര്യയും രണ്ടു വര്‍ഷം മുമ്പാണ് കരുവാറ്റയില്‍ താമസമാക്കുന്നത്.

by Midhun HP News | Aug 19, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

16 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേര്‍ക്കുള്ള വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതല്‍ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ക്കായി 630.5 കോടിരൂപയും അങ്കണവാടി പെന്‍ഷന്‍കാരുടെ കുടിശിക തീര്‍ക്കാന്‍ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24കോടിയും അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3000 രൂപ ഉത്സവബത്ത നല്‍കും.

പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ് അനുവദിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ഉത്സവ ബത്തയും നല്‍കും. പിന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പില്‍ മുന്‍സര്‍ക്കാര്‍ വരുത്തിയ കുടിശിക തീര്‍ക്കാന്‍ 310 കോടി അനുവദിച്ചു. കാസ്പ്, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും അനുവദിച്ചു.
സപ്ലൈകോക്ക് ഓണവിപണി സജീവമാക്കാന്‍ 53 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും അനുവദിച്ചു. സപ്ലൈകോ വഴി 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആര്‍.എസ് കുടിശിക തീര്‍പ്പാക്കാന്‍ 150 കോടി അനുവദിച്ചു. ഇത് ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | Aug 19, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ഊരുപൊയ്ക തരംഗിണി ലൈബ്രറി സ്വാതന്ത്ര്യ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ആർ സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് പ്രശ്നോത്തരി മത്സരവും മെറിറ്റ് ഈവനിങ്ങും ബ്രഹ്മ കുമാരീസ് ഊരുപൊയ്ക ശാഖ നടത്തിയ ലഹരി മുക്ത കേരളം എന്ന സെമിനാറും ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രെഡിഡന്റ് ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ലിഷ രാജ്, പഞ്ചായത്ത് മെമ്പർ ശ്രീക്കുട്ടി, താലൂക്ക് ലൈബ്രറി മെമ്പർ രമാഭയ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.




by Midhun HP News | Aug 19, 2026 | Latest News, കേരളം
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണം മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിലേക്കും നീളുന്നു. റിയാസുമായി അടുപ്പമുള്ള കോഴിക്കോട്ടെ ചില സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളില്‍ ചൊവ്വാഴ്ച ഇഡി സംഘം റെയ്ഡ് നടത്തി. എക്‌സാലോജിക് സൊല്യൂഷന്‍സ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ മൊഴികളില്‍ നിന്നും, പിടിച്ചെടുത്ത ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി നിഖില്‍, ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാല്‍, റിയാസിന്റെ സഹപാഠികളായ പിപി ഷൈജല്‍, ഫെബിഷ് മുഹമ്മദ്, വാരിഷ് കളത്തിങ്ങല്‍, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. പൊലീസിന്റെ സഹായമില്ലാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു ഈ റെയ്ഡ്. ഇവരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം ശേഖരിക്കുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇവരില്‍ ചിലരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
മെയ്യില്‍ തിരുവനന്തപുരത്തെ വീണയുടെ വസതിയില്‍ നടത്തിയ പരിശോധനയ്ക്കിടെ ഇഡി പിടിച്ചെടുത്ത ചുവന്ന കവറുള്ള ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്. എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി ഇതില്‍ രേഖപ്പെടുത്തിയിരുന്നു. വീണയെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ റിയാസിന്റെ സുഹൃത്തുക്കളാണെന്നും പണം കൈമാറിയത് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണെന്നും വ്യക്തമാക്കുകയുണ്ടായി.
കൂടാതെ, ചോദ്യം ചെയ്യലിനിടെ ചില ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മാത്രമേ അതുസംബന്ധിച്ചറിയൂ എന്നായിരുന്നു വീണയുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇഡി സംഘത്തിന്റെ നിലപാട്. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണോ എന്ന് വ്യക്തത വരുത്താനാണ് അന്വേഷണം.


by Midhun HP News | Aug 19, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 20 km വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാലെ മുതല്‍ മഴ മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം- റെഡ് അലര്‍ട്ട്
കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് നാളെ വൈകീട്ട് 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.


by Midhun HP News | Aug 19, 2026 | Latest News, കേരളം
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ബോണ്ട് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. എണ്ണവില വര്‍ധിച്ചത് അമേരിക്കയില്‍ വിലക്കയറ്റ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇത് സമീപഭാവിയില്‍ തന്നെ പലിശനിരക്ക് കൂട്ടാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.



Recent Comments