by Midhun HP News | Oct 10, 2026 | Latest News, കേരളം
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. 19വയസ്സായിരുന്നു. അപകടത്തില്‍ അഞ്ജലിയുള്‍പ്പെടെ 5 സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു അഞ്ജലി. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്.

ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നു പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ബസ് കാത്തുനിന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമാണു പരിക്കേറ്റത്. ചാറ്റല്‍മഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലര്‍ കയറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.


by Midhun HP News | Oct 10, 2026 | Latest News, കേരളം
കണ്ണൂർ: വ്യക്തിപരമായ കൊച്ചുകൊച്ചു ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാനാണ് പൊതുവെ കുട്ടികൾ ഹുണ്ടികയിൽ ചില്ലിക്കാശുകൾ സ്വരൂപിച്ചുവെക്കാറുള്ളത്. എന്നാൽ മുഴപ്പിലങ്ങാട് സ്വദേശിയായ ഇ. ദേവനന്ദ് ദിനേശൻ എന്ന വിദ്യാർത്ഥിക്ക് ഹുണ്ടിക വെറുമൊരു സമ്പാദ്യപ്പെട്ടി മാത്രമല്ല, വിശപ്പറിയുന്ന സഹപാഠികൾക്ക് സ്നേഹത്തോടെ അന്നമൂട്ടാനുള്ള കരുതലിന്റെ പാത്രമാണ്. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദേവനന്ദ്, തനിക്ക് കിട്ടുന്ന ഓരോ ചില്ലിക്കാശും കാണിക്കപ്പെട്ടിയിൽ നിക്ഷേപിക്കുന്നത് സ്വന്തം സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ ഫണ്ടിലേക്ക് നൽകാനാണ്.
ഓരോ ജന്മദിനം എത്തുമ്പോഴും ഹുണ്ടികയിൽ അതുവരെ സ്വരൂപിച്ചുവെച്ച തുക മുഴുവനായി സ്കൂളിലെ പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കന്റെ രീതി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ഈ വേറിട്ട ശീലം വർഷങ്ങളായി യാതൊരു മുടക്കവുമില്ലാതെ ദേവനന്ദ് തുടർന്നുപോരുന്നു. പ്ലസ് ടുവിൽ എത്തിനിൽക്കുമ്പോഴും സഹജീവികളോടുള്ള ഈ കരുതലിന് തെല്ലും കുറവ് വന്നിട്ടില്ല.
മുഴപ്പിലങ്ങാട്ടെ ദിനേശന്റെയും ഇ. റജിനയുടെയും മകനാണ് ദേവനന്ദ്. സ്കൂളിലെ മദർ പിടിഎ പ്രസിഡന്റ് കൂടിയായ അമ്മ റജിന മുഴപ്പിലങ്ങാട് വലിയ വയൽ പാടശേഖരത്തിൽ നെല്ലും പച്ചക്കറിയും കൃഷി ചെയ്തുവരുന്നുണ്ട്. മകന്റെ ഹൃദയസ്പർശിയായ ഈ പ്രവർത്തനത്തിൽ ആകൃഷ്ടയായ അമ്മയും ഇപ്പോൾ ഈ ജീവകാരുണ്യത്തിൽ പങ്കാളിയാണ്. പാടത്തുനിന്ന് കൃഷിയിലൂടെ ലഭിക്കുന്ന വിളവുകളിൽ നിന്നുള്ള ഒരു വിഹിതം സ്കൂളിലെ ഉച്ചഭക്ഷണ ചെലവുകൾക്കായി അമ്മയും കൃത്യമായി നീക്കിവെക്കുന്നു. സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകാതെ സഹപാഠികളുടെ വിശപ്പകറ്റാൻ കൈകോർക്കുന്ന ദേവനന്ദിന്റെയും കുടുംബത്തിന്റെയും ഈ നല്ല മനസ്സിന് അധ്യാപകരുടെയും നാട്ടുകാരുടെയും വലിയ പ്രശംസയാണ് ലഭിക്കുന്നത്.




by Midhun HP News | Oct 10, 2026 | Latest News, കേരളം
തിരുവനന്തപുരം: അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും.
ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും 75രൂപ നിരക്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും കഴിയും. ആധാര്‍ അനുബന്ധ രേഖകള്‍ 2027 ജൂണ്‍ 14വരെ സൗജന്യമായി യുഐഡിഎഐ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാന്‍ 75രൂപ ചാര്‍ജ് നല്‍കണം.
സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ)/ 0471-2335523 കേരള സ്റ്റേറ്റ് ഐടി മിഷന്‍-0471-2525442




by Midhun HP News | Oct 10, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 0.9 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.


by Midhun HP News | Oct 9, 2026 | Latest News, കേരളം
കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് നടപ്പാക്കുന്നത്.
‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക് എസ്ടിഎ കടന്നത്. പുതിയ സംവിധാനത്തില്‍ റൂട്ടിലെ മറ്റു ബസുകളുടെ സഞ്ചാരം കണക്കിലെടുത്ത് മുന്നിലെ ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര ദൂരെയുണ്ട് എന്ന് ഡ്രൈവര്‍മാര്‍ക്ക് ആപ്പിലൂടെ മനസ്സിലാക്കാം. അതോടൊപ്പം ഓരോ സ്റ്റോപ്പിലും എത്ര സമയം നില്‍ക്കണം, എപ്പോള്‍ പുറപ്പെടണം എന്ന നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഡാഷ്ബോര്‍ഡ് കണ്‍സോള്‍ വഴി നേരിട്ട് ലഭിക്കും.

ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ നഗരമേഖലയില്‍ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണ മേഖലയില്‍ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് 2025 ഓഗസ്റ്റ് എട്ടിന് എസ്ടിഎ. കൈക്കൊണ്ട തീരുമാനം. യാത്രക്കാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഏതു സമയത്ത് ഏതു ബസ് ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാനാകും. 2026 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. ഇത് നടപ്പിലാകുന്നതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് സമയം നിശ്ചയിക്കാന്‍ നടത്തുന്ന ദീര്‍ഘമേറിയ ടൈമിങ് കോണ്‍ഫറന്‍സുകള്‍ക്കും വിരാമമാകും.

എന്നാല്‍, ബസുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, ബസ് ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് മറികടക്കല്‍, പ്രായോഗികമായ നടപ്പാക്കല്‍ എന്നിവയില്‍ ഇനിയും വ്യക്തത വരാനുണ്ട്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതതല സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അന്തിമരൂപം, പ്രവര്‍ത്തനരീതി എന്നിവയേക്കുറിച്ച് നിലവില്‍ പൂര്‍ണ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.


by Midhun HP News | Oct 9, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 1.1 ശതമാനം ഉയര്‍ന്ന് 4,202 ഡോളറായി. ബുധനാഴ്ച രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ ശക്തമായ തിരിച്ചുവരവ്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമോ എന്ന ആശങ്ക വിപണിയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ മാസം പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് ഇനിയും ഉയര്‍ത്തേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
സ്വര്‍ണത്തിന് പിന്നാലെ മറ്റു വിലയേറിയ ലോഹങ്ങളുടെ വിലയും ഉയര്‍ന്നു. സ്‌പോട്ട് വെള്ളി വില 1.4 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 60.16 ഡോളറിലെത്തി. പ്ലാറ്റിനം 2.6 ശതമാനം ഉയര്‍ന്ന് 1,676.67 ഡോളറിലും, പലേഡിയം 2.8 ശതമാനം ഉയര്‍ന്ന് 1,154.70 ഡോളറിലുമെത്തി. എങ്കിലും, വാരത്തിലെ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ മൂന്ന് ലോഹങ്ങളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.


Recent Comments