by Midhun HP News | Oct 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാല യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മോക്ഷ സാംസ്‌കാരികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളിലും യുവാക്കളിലും അതിഭീകരമായരീതിയിൽ പടർന്നുപിടിക്കുന്ന ലഹരി ഉപഭോഗം തടയാൻ കാര്യക്ഷമമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം സമൂഹത്തെയൊന്നാകെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർഥികളെത്തന്നെ മുൻനിരയിൽ നിർത്തി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഫലം നൽകും. എല്ലാ കോളേജുകളിലെയും വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ച് രൂപംനൽകുന്ന ‘കരുതൽസേന’ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും എൻ.എസ്.എസ്, എൻ.സി.സി വിഭാഗങ്ങളിൽ നിന്ന് 10 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് കരുതൽ സേനയ്ക്ക് രൂപം നൽകുന്നത്. ഇവർക്ക് പരിശീലനം നൽകി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം പരമാവധി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫിസ് മീഡിയ വിഭാഗം തയ്യാറാക്കിയ ആനിമേഷൻ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വൈകിട്ട് ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ലഹരിവിരുദ്ധ സന്ദേശവുമായി നടത്തിയ മിനി മാരത്തൺ തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തൺ യൂണിവേഴ്സിറ്റി കോളേജിൽ സമാപിച്ചു.
വി കെ പ്രശാന്ത് എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ആശാവിജയൻ, ആരോഗ്യവകുപ്പ് ഡയറക്ടർ വി മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹൻ, അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജരുമായ ജയരാജ് പി കെ, കേരള സർവകലാശാല വൈസ് പ്രിൻസിപ്പൽ സുബ്രഹ്‌മണ്യം, കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിഷ്ണു എ, ജനറൽ സെക്രട്ടറി നസീം എം തുടങ്ങിയവർ സംസാരിച്ചു.
27ന് ലഘുനാടകം, പോസ്റ്റർ മത്സരങ്ങൾ, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടക്കും. 28 ന് മൈം മത്സരം, സംഗീത നിശ എന്നിവയും അരങ്ങേറും. 28 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനാകും.
by Midhun HP News | Oct 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കുണ്ടന്നൂര്‍ ബാര്‍ ഹോട്ടലിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് അഭിഭാഷകനായ ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു കുണ്ടന്നൂരിലെ ‘ഓജീസ് കാന്താരി’ എന്ന ബാര്‍ ഹോട്ടലില്‍ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ നിറയൊഴിച്ചു.

ജീവനക്കാർ സ്തംഭിച്ചു നിൽക്കെ ഇവർ ഓട്ടോയിൽ കയറി പോയി. ഉച്ചയ്ക്ക് മൂന്നരയോടെ സംഭവമുണ്ടായിട്ടും രാത്രി ഏഴു മണിയോടെ മാത്രമാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പൊലീസ് അടച്ചുപൂട്ടി. ഹോട്ടലില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്.
by Midhun HP News | Oct 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

by Midhun HP News | Oct 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തത്. ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർഗൺ ഉപയോഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. പ്രൈം അലക്സ് സമാന രീതിയിൽ ഉളള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് . ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ ഉണ്ട്.

by Midhun HP News | Oct 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും ഗവർണർ പിന്മാറണമെന്ന് ആരോപിച്ചുകൊണ്ടു എൽഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. നഗരൂർ ടൗണിൽ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാകമ്മിറ്റിയംഗം ബി സത്യൻ ഉദ്ഘാടനം ചെയ്തു. കെ പി അനിൽ അധ്യക്ഷനായി. നേതാക്കളായ എം ഷിബു, ഡി രജിത്, ദർശനാവട്ടം തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. അടയമൺ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകുഴിയിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സിപിഐഎം ഏരിയാ കമ്മറ്റിയംഗം എ ഗണേശൻ അധ്യക്ഷനായി.

എസ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. പുളിമാത്ത് ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് നടന്ന പ്രതിഷേധപരിപാടി ഏരിയാകമ്മറ്റിയംഗം കെ വത്സലകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം ജയേന്ദ്രൻ അധ്യക്ഷനായി. കെ അനിൽകുമാർ, ആർ രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. കൊടുവഴന്നൂർ ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഏരിയാകമ്മറ്റിയംഗം ടി എൻ വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രീജാ ഉണ്ണികൃഷ്ണൻ, എസ് വിൻസെന്റ് എന്നിവർ നേതൃത്വം നല്കി.
by Midhun HP News | Oct 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ബംഗാൾ സ്വദേശി ഗോവിന്ദ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മങ്ങാട്ടുകോണത്ത് മഠത്തിൽമേലെ വാടകയ്ക്ക് താമസിക്കുന്ന സംഘത്തിലെ ഒരാളാണ് ഗോവിന്ദ്.

പതിനൊന്നു പേരാണ് ഈ വീട്ടിൽ താമസമുണ്ടായിരുന്നത്.
ഇതിലൊരാളുടെ മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചു.
ഇന്നലെ രാത്രിയും വാക്കുതർക്കമുണ്ടായി. രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. ഇന്ന് രാവിലെ മങ്ങാട്ടുകോണം ജംഗ്ഷനിൽ വച്ച് ഗോവിന്ദിന്റെ ജേഷ്ഠനും ഇവരുമായി അടി നടന്നിരുന്നു.
ഇതിലിടപെട്ട നാട്ടുകാരാണ് വീട്ടിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്ന വിവരം അറിഞ്ഞത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു കൈമാറുകയായിരുന്നു. ഇതിൽ ഒരാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
ഇയാൾക്കായി റെയിൽവേ സ്റ്റേഷനുകളിലും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.
പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്
ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്തെത്തി.
Recent Comments