വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1160 രൂപ

വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം തൊട്ടത്. 1,00,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 145 രൂപയാണ് വര്‍ധിച്ചത്. 12,595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.

കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ ‘ഹാപ്പി’; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ ‘ഹാപ്പി’; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: മന്ത്രി ഗണേഷ് കുമാര്‍

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു.

കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇത്തവണത്തേത് പരാതികള്‍ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണെന്നാണ് പമ്പയില്‍ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ പടര്‍ന്നത്. 6.45 ഓടെയാണ് അഗ്നിബാധയുണ്ടായത്.

അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമം നടത്തുണ്ട്. അരമണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെങ്കിലും പ്രദേശത്ത് പുകമൂടിയ നിലയിലാണ്. വലിയ നാശ നഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരുന്നു. ഗുരുവായൂരിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തുന്ന ട്രാക്കിന് സമീപത്താണ് അഗ്നിബാധയുണ്ടായ പാര്‍ക്കിങ് ഏരിയ. ട്രെയിൻ ഗതാഗതവും സാധാരണ നിലയിലാണ്.

20 വര്‍ഷത്തിന് ശേഷം 4k ദൃശ്യ മികവോടെ ‘ഉദയനാണ് താരം’; റീ റിലീസ് ജനുവരി അവസാനം

20 വര്‍ഷത്തിന് ശേഷം 4k ദൃശ്യ മികവോടെ ‘ഉദയനാണ് താരം’; റീ റിലീസ് ജനുവരി അവസാനം

കൊച്ചി: റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ 20 വര്‍ഷത്തിന് ശേഷം 4k ദൃശ്യ മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. 2026 ജനുവരി അവസാനത്തോടെ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. റിലീസ് സമയത്ത് ബോക്‌സ് ഓഫിസില്‍ വലിയ വിജയം നേടിയ ചിത്രത്തിന് പ്രേക്ഷക പ്രശംസയും ഒരുപോലെ ലഭിച്ചിരുന്നു. റീ റിലീസിനുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്.

സിനിമയ്ക്കുള്ളിലെ സിനിമ എന്ന വ്യത്യസ്ത ആശയവുമായി എത്തിയ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരന്‍ നിര്‍മ്മിച്ചതാണ്. ഉദയഭാനു എന്ന കഥാപാത്രമായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പന്‍ ആയി ശ്രീനിവാസനും നടത്തിയ അഭിനയമാണ് ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയത്. മീനയാണ് നായിക. ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായി നടത്തിയ തകര്‍പ്പന്‍ പ്രകടനവും സിനിമയുടെ പ്രധാന ആകര്‍ഷണമായിരുന്നു. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

എഡിറ്റര്‍ : രഞ്ജന്‍ എബ്രഹാം , എക്‌സിക്യൂട്ട് പ്രൊഡ്യൂസര്‍ : കരീം അബ്ദുള്ള , ആര്‍ട്ട് : രാജീവന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ആന്‌റോ ജോസഫ് , മേക്കപ്പ് : പാണ്ഡ്യന്‍ , കോസ്റ്റ്യൂംസ് : സായി , ഓഫിസ് ഇന്‍ചാര്‍ജ് . ബിനീഷ് സി കരുണ്‍ , മാര്‍ക്കറ്റിങ് ഹെപ്പ് ബോണി അമ്പനാര്‍ , ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ : മദന്‍ മേനോന്‍ , കളറിസ്റ്റ് രാജ പാണ്ഡ്യന്‍ ( പ്രസാദ് ലാബ് ) , ഷാന്‍ ആഷിഫ് ( ഹൈ സ്റ്റുഡിയോസ് ) , 4k റീ മാസ്റ്ററിങ് : പ്രസാദ് ലാബ് , മിക്‌സിംഗ് : രാജാകൃഷ്ണന്‍ , സ്റ്റില്‍സ് : മോമി & ജെപി , ഡിസൈന്‍സ് . പ്രദീഷ് സമ , പി.ആര്‍.ഓ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകന്‍.

വഴിപാട് ആയി പത്തുലക്ഷം രൂപ; ഗുരുവായൂരില്‍ ആനയെ നടയിരുത്തി

വഴിപാട് ആയി പത്തുലക്ഷം രൂപ; ഗുരുവായൂരില്‍ ആനയെ നടയിരുത്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ആനയെ നടയിരുത്തിയത്.

ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, അസി.മാനേജര്‍മാരായ രാമകൃഷ്ണന്‍ ( ക്ഷേത്രം), സുന്ദരരാജന്‍ ( ജീവധനം) പാരമ്പര്യവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന പി എ പ്രദീപ്, വസന്ത, കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1160 രൂപ

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 12,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 960 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടക്കുമെന്ന് തോന്നിപ്പിച്ചത്. അതിനിടെയാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയരുകയായിരുന്നു.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.