ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ നിയമനം, കേരളത്തിൽ ഉൾപ്പടെ 282 ഒഴിവുകൾ

ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ നിയമനം, കേരളത്തിൽ ഉൾപ്പടെ 282 ഒഴിവുകൾ

സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 282 തസ്തികകളിലാണ് നിയമനം നടത്തുന്നത്.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 31-01-2026 ആണ്.

പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് , ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.

യോഗ്യത

പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി)പാസായിരിക്കണം അല്ലെങ്കിൽ പത്താംക്ലാസ് ( മെട്രിക്കുലേഷൻ) പാസായ ശേഷം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ പത്താംക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ.

ഉദ്യോഗാർത്ഥിക്ക് ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിങ് ആൻഡ് സർട്ടിഫൈയിങ് ഏജൻസി നൽകിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

പ്രായപരിധി

കുറഞ്ഞത് 18 വയസ്സോ അതിൽ കൂടുതലോ

പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും .

വേതനം

സെമി-സ്കിൽഡ് മാൻപവർ തസ്തികയിലേക്ക് അതത് സംസ്ഥാനങ്ങളിലെ കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥനമാക്കിയായിരിക്കും

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31 (31-01-2026)

രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല; തിരുത്തുമായി പിജെ കുര്യന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല; തിരുത്തുമായി പിജെ കുര്യന്‍

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. പാലക്കാട് സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്ന് കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ന് എന്‍സ്എസ് ആസ്ഥാനത്ത് വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി ജെ കുര്യന്‍ രംഗത്തെത്തിയത്.

പാലക്കാട് സീറ്റില്‍ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിജെ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു,’ വേറെ ആളെ നിര്‍ത്തും. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിര്‍ത്തും. കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്’ കുര്യന്‍ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് പെരുന്നയില്‍ ഇരുവരും കണ്ടുമുട്ടിയത്.

പിന്നാലെ പി.ജെ. കുര്യന്‍ ഫെയ്സ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല.

കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു; കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനിടെ അപകടം

കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു; കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനിടെ അപകടം

കോഴിക്കോട്: കൊയിലാണ്ടിയില്‍ തിരുവങ്ങൂരില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു. ക്രെയിനുപയോഗിച്ച് സ്ലാബ് ഉയര്‍ത്തുമ്പോള്‍ കയര്‍പൊട്ടിവീഴുകയായിരുന്നു. സര്‍വീസ് റോഡിലേക്കാണ് കോണ്‍ക്രീറ്റ് പാളി പതിച്ചത്. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.

ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇന്റര്‍ലോക്ക് രീതിയില്‍ അടുക്കിയാണ് മതില്‍ നിര്‍മിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഇതിന് മുമ്പ് മതില്‍ മുന്നോട്ട് തള്ളിവന്നതിനെ തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതില്‍ നിര്‍മാണത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പ് വരുത്തിയിട്ട് മാത്രം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അശാസ്ത്രീയമായ നിര്‍മാണം തുടര്‍ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു

പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പാട്ടത്തിനായെടുത്ത മൂന്നേക്കര്‍ കൃഷി ഭുമിയോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷെഡില്‍ നിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.

തുറപ്പുഗുലാനിലെ താരം ; ഉത്സവത്തിനെത്തിച്ച കൊമ്പന്‍ നെല്ലിക്കോട്ട് മഹാദേവന്‍ ലോറിയില്‍ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ് ചരിഞ്ഞു

തുറപ്പുഗുലാനിലെ താരം ; ഉത്സവത്തിനെത്തിച്ച കൊമ്പന്‍ നെല്ലിക്കോട്ട് മഹാദേവന്‍ ലോറിയില്‍ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ് ചരിഞ്ഞു

കൊച്ചി: നെട്ടൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ചരിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. നെല്ലിക്കോട് മഹാദേവന്‍ എന്ന ആനയാണ് ചരിഞ്ഞത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

നെട്ടൂരിലെ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ശാരീരിക അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് ആനയെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന കുഴഞ്ഞുവീണത്. തുറുപ്പുഗുലാനില്‍ എന്ന സിനിമയില്‍ കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവന്‍

പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നെല്ലിക്കോട് മഹാദേവന്‍ എന്ന ആനക്ക് 55 വയസ് പ്രായമുണ്ട്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ആന ചരിഞ്ഞത്. ഡോക്ടര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി, കത്തിവീശിയ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി, കത്തിവീശിയ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘര്‍ഷത്തിന് മുതിര്‍ന്ന മാനേജറെ പുറത്താക്കി ചിക്കിങ്. കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി മാനേജ്‌മെന്റിന്റെ ഇടപെടല്‍.

സാന്‍ഡിവിച്ചില്‍ ചിക്കന്‍ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കമാണ് നടപടിക്ക് ആധാരം. വിദ്യാര്‍ത്ഥികളോടെ കയര്‍ക്കുകയും പിന്നീടെത്തിയ ഇവരുടെ സുഹൃത്തുക്കള്‍ക്ക് നേരെ കത്തിവീശിയും ജോഷ്വ ഔട്ട്‌ലറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരികയും വലിയ തോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിക്കിങ് മാനേജ്‌മെന്റിന്റെ ഇടപെടല്‍. ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ജോഷ്വാ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇരു കൂട്ടരുടെയും പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിങില്‍ എത്തിയപ്പോഴായിരുന്നു സംഘര്‍ഷം. വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തില്‍ ബന്ധുക്കളായ സഹോദരന്മാര്‍ ഇടപെട്ടതോടെയാണ് കയ്യാങ്കളിയിലേക്ക് സാഹചര്യം എത്തിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയവര്‍ തന്റെ മൊബൈല്‍ തട്ടിപ്പറിച്ച് ഓടിയെന്നും ജീവന്‍ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം. ഇതിനിടെ അടുക്കളയില്‍ നിന്നും കത്തിയുമായെത്തിയ ചിക്കിങ് മാനേജറെ എതിര്‍ സംഘം കീഴ്‌പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വന്നത്. പരിക്കുകളുമായി ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടി.

വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയവര്‍ തന്റെ മൊബൈല്‍ തട്ടിപ്പറിച്ചെന്നും ജീവന്‍ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി. ചിക്കിങ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം.