ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസം; ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസം; ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടിയ്ക്ക് കൃത്രിമ കൈ വച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയില്‍ ആണെങ്കിലും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഇടപടെല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് വി ഡി സതീശന്റെ ഇടപെടല്‍ എന്നും കുടുംബം വ്യക്തമാക്കി. ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടല്‍.

കഴിഞ്ഞ സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു ഒമ്പതു വയസുകാരി വിനോദിനി നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാല്‍ അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളില്‍ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു. സംഭവത്തിന് പിന്നാലെ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം. കൃത്രിമ കൈ സംബന്ധിച്ച വാഗ്ദാനം പിന്നീട് പരിഗണിക്കപ്പെട്ടിരുന്നില്ല,

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാർഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

കൊച്ചി: മത – ജാതി വിവേചനങ്ങള്‍ നിലനിന്ന കാലത്തു കഥകളിയില്‍ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിച്ചു ആസ്വാദക മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹൈദരാലി. ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ആര്‍ദ്രമായ ശബ്ദം കൊണ്ട് മാമൂലുകളെ തിരുത്തിയെഴുതിയ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതു വര്ഷം പിന്നിടുന്നു.

കഥകളി വേദിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റു വീശുന്ന വര്‍ത്തമാന കാലത്തില്‍ രണ്ടു മുസ്ലിം വനിതകളാണ് ഹൃദയം കീഴടക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാബ്രി എന്ന പതിനാറുകാരി വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ കഥകളി വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ലാണ് കൊല്ലം അഞ്ചലിലെ ഫോട്ടോഗ്രാഫര്‍ നിസാമിന്റെയും അനീസയുടെയും മകളായ സാബ്രി കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം നേടിയത്.

സാബ്രിയയുടെ തുടര്‍ച്ചയായി ഫാത്തിമ ഇസ്തിക് എന്ന മലപ്പുറം വാണിയമ്പലംകാരി കഴിഞ്ഞ ഡിസംബര്‍ 27 നു പോരൂര്‍ ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരി അവതരിപ്പിച്ച് ശ്രദ്ധ നേടി. വാണിയമ്പലത്തിലെ സ്‌കൂള്‍ അധ്യാപകനായ ഇസ്തികറുദീന്റെയും രജിതയുടെയും മകളായ ഫാത്തിമ ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചാണ് അര മണിക്കൂര്‍ കഥകളിപദ കച്ചേരി നടത്തിയത്. ലവണാസുരവധത്തില്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന സീതയെ അശ്വമേധത്തിനിടെ ലവകുശന്മാരാല്‍ ബന്ധിതനായ ഹനുമാന്‍ കാണുന്ന വികാരതീവ്രമായ പദമാണ് ഫാത്തിമ അവതരിപ്പിച്ചത്. ദുബായില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്ന ഭര്‍ത്താവു നാജി റഹീമിനൊപ്പം കഴിയുന്ന ഫാത്തിമ ക്ഷേത്രത്തിലെ പരിപാടിക്കായാണ് നാട്ടില്‍ എത്തിയത്.

വണ്ടൂര്‍ ഡബ്ലിയു ഐ സി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലളിത സംഗീതം നന്നായി ആലപിച്ചിരുന്ന ഫാത്തിമയോട് അധ്യാപികയായ റഷീദ ടീച്ചര്‍ ആണ് അവളുടെ സ്വരം കഥകളി സംഗീതത്തിന് യോജിക്കും എന്ന് പറഞ്ഞത്. ‘ടീച്ചര്‍ ആണ് എന്നെ കഥകളി സംഗീതജ്ഞയായ ദീപ പാലനാടിനു പരിചയപ്പെടുത്തിയത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 2016 സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലം വരെ മല്‍സരിച്ചു. പിന്നീട് മഹാരാജാസ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദവും ലഭിച്ചു,’ ഫാത്തിമ പറഞ്ഞു.

കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും റീലുകളായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടിയ ഫാത്തിമയ്ക്ക് ഒരു പ്രഫഷണല്‍ ഗായികയാവാനാണ് ആഗ്രഹം. ജനുവരി അഞ്ചിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഫാത്തിമ കഥകളിപദ കച്ചേരി അവതരിപ്പിക്കും. മാര്‍ച്ചില്‍ വനിതാദിനത്തില്‍ സംഗീത നാടക അക്കാദമിയില്‍ കഥകളിക്ക് പാടാനുള്ള ഒരുക്കത്തിലാണ്.

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു, മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തര്‍

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു, മൂന്ന് ദിവസത്തില്‍ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബര്‍ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തര്‍ സന്നിധാനത്തെത്തി.

ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം നടത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 20,477 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,401, പുല്‍മേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബര്‍ 31ന് 90,350 പേര്‍ സന്നിധാനത്തെത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 26,870; സ്‌പോട്ട് ബുക്കിംഗ്: 7,318, പുല്‍മേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേരും ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയില്‍ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പ്

ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത് നട തുറന്നത് മുതല്‍ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പും ശബരിമലയില്‍ സജീവമാണ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബര്‍ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി. ഇക്കാലയളവില്‍ 239 ഹോട്ടലുകള്‍/ വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില ഉപയോഗ/വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റര്‍ ചെയ്തു; 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് പമ്പ എക്സൈസ് സി ഐ ശ്യാം കുമാര്‍ അറിയിച്ചു.

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു

കാസർക്കോട്: ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കൾ ​ഹോട്ടൽ അടിച്ചു തകർത്തു. കാസർക്കോട് തൃക്കരിപ്പൂരിലാണ് യുവാക്കളുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പരാക്രമം. ഇതര സംസ്ഥാന ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചു. മർദ്ദനത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണം കണ്ടതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവർ ഇറങ്ങിയോടി.

ബുധനാഴ്ച വൈകീട്ട് തൃക്കരിപ്പൂരിലെ ‘പോ​​ഗ്​ഗോ’ ഹോട്ടലിലാണ് സംഭവം. ഇവിടെയെത്തിയ നാല് യുവാക്കൾ ഭക്ഷണം ഓർഡ‍ർ ചെയ്തു. പിന്നീട് ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു. ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു.

എന്നാൽ ഇതിനു പിന്നാലെ 25ഓളം വരുന്ന സംഘം വീണ്ടും ​ഹോട്ടലിലെത്തി. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർത്തു. ജീവനക്കാരെ മർദ്ദിച്ചു. നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങളും സംഘം തകർത്തു.

പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ഈർജ്ജിത ശ്രമത്തിലാണ് പൊലീസ്.

രാത്രി 11 മണിയോടെ ഹോട്ടലിലെത്തിയ 4 പേരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്ന് ഹോട്ടൽ ഉടമ കെ ഷിഹാബുദ്ദീൻ വ്യക്തമാക്കി. ആദ്യമെത്തിയവർ ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്തു. 15 മിനിറ്റ് താമസമുണ്ടാകുമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ 5 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ യുവാക്കൾ പ്രശ്നമുണ്ടാക്കി. പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞു തകർത്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടി.

തുടർന്ന് പൊലീസിനെ വിളിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ 25ഓളം പേർ വീണ്ടുമെത്തി ഹോട്ടൽ അടിച്ചു തകർത്തു. ജീവനക്കാർക്കും മർദ്ദനമേറ്റു. ഒരു ജീവനക്കാരന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. അക്രമികൾ രക്ഷപ്പെട്ടെന്നും ഷിഹാബുദ്ദീൻ പറയുന്നു.

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

കോട്ടയം: ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട. ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ എന്‍എസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് സുകുമാരൻ നായർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്‍റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.