by Midhun HP News | Dec 24, 2025 | Latest News, കേരളം
ശബരിമല മണ്ഡലപൂജ അടുത്തതോടെ സന്നിധാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജനത്തിരക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 പേരാണ് ദര്‍ശനം നടത്തിയത്. അവധി ദിവസമായിരുന്ന ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ആ ദിവസം 61,576 പേരാണ് ശബരിമലയില്‍ എത്തിയത്. സീസണ്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷം ഭക്തരാണ് പ്രതിദിനം ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞിരുന്നു.
ഇപ്പോഴാണ് വീണ്ടും ദിനംപ്രതി എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. തിരക്ക് കൂടിയതോടെ പതിനെട്ടാംപടിയില്‍ കയറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. ഞായറാഴ്ച മണിക്കൂറില്‍ ശരാശരി 1,800ലധികം പേര്‍ പതിനെട്ടാംപടി കയറിയിരുന്നുവെങ്കില്‍, തിങ്കളാഴ്ച അത് മണിക്കൂറില്‍ 3,500ലധികമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പമ്പയില്‍ നിന്ന് ഭക്തരുടെ ഒഴുക്ക് ശക്തമായി തുടരുകയായിരുന്നു.
ഇതോടെ മരക്കൂട്ടം മുതല്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂ കോംപ്ലക്‌സുകളില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ 53,400 പേര്‍ ദര്‍ശനത്തിനായി എത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ പുല്‍മേട് വഴി ഒരു ദിവസം പരമാവധി 5,000 പേരെ മാത്രമാണ് കയറ്റിവിട്ടത്. ഈ സീസണില്‍ ഇതുവരെ പുല്‍മേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.



by Midhun HP News | Dec 24, 2025 | Latest News, കേരളം
കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ.
തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.



by Midhun HP News | Dec 24, 2025 | Latest News, കേരളം
കണ്ണൂര്‍: എടയന്നൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പതിനൊന്നുകാരനും മരിച്ചു. മട്ടന്നൂര്‍ – ചാലോട് റോഡിലെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍പിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനില്‍ നിവേദ (46), അനുജന്‍ സാത്വിക് (9) എന്നിവര്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മരണമടഞ്ഞിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം.
കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂര്‍ പൊറോറ നിദ്രാലയത്തില്‍ ‘ മൂവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കും.



by Midhun HP News | Dec 24, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ് ചരിത്രം സൃഷ്ടിച്ചു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ആറിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. എല്‍വിഎം 3 എം ആര്‍ എന്ന പേരിലായിരുന്നു ദൗത്യം.
എല്‍വിഎം3യുടെ എട്ടാമത്തെ വിജയകരമായ ദൗത്യമാണ് ഇത്. ബഹിരാകാശത്ത് നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ സമയം രാവിലെ 8.54 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയായ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുമാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ബ്ലൂബേര്‍ഡ് 6 ന് ഏകദേശം 6,100 കിലോഗ്രാം ഭാരമുണ്ട്. ഒരു ഇന്ത്യന്‍ റോക്കറ്റ് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണിത്. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. 43.5 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുള്ള എല്‍വിഎം3 (ബാഹുബലി) ഇന്ത്യയിലെ ഏറ്റവും ശക്തമായ റോക്കറ്റാണ്.
2023 ലെ ചരിത്രപ്രസിദ്ധമായ ചന്ദ്രയാന്‍-3 ദൗത്യം ഉള്‍പ്പെടെ എല്‍വിഎം3ന്റെ ഇതിന് മുന്‍പുള്ള ഏഴ് ദൗത്യങ്ങളും വിജയകരമായിരുന്നു. സ്റ്റാര്‍ലിങ്ക് അല്ലെങ്കില്‍ വണ്‍വെബില്‍ നിന്ന് വ്യത്യസ്തമായി, എഎസ്ടി സ്പേസ്മൊബൈലിന്റെ സാങ്കേതികവിദ്യ ദൈനംദിന സ്മാര്‍ട്ട്‌ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പ്രത്യേക ടെര്‍മിനലുകളുടെയോ ഗ്രൗണ്ട് സ്റ്റേഷനുകളുടെയോ ആവശ്യകത ഇല്ലാതെ കണക്ടിവിറ്റി സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.



by Midhun HP News | Dec 24, 2025 | Latest News, കേരളം
സുല്‍ത്താന്‍ബത്തേരി: ഡിസംബറിലെ തണുപ്പില്‍ മരവിക്കുകയാണ് ഊട്ടി. കഴിഞ്ഞ ദിവസം താപ നില പൂജ്യത്തിനു താഴേക്ക് പോയതോടെ ഉച്ചവെയിലില്‍ പോലും തണുത്ത് വിറക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും. കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച് അല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതോടെ മഞ്ഞു പെയ്യുന്നത് കാണാനും തണുപ്പ് ആസ്വദിക്കാനും സഞ്ചാരികളുടെ ഒഴുക്കാണ് ഊട്ടിയിലേക്ക്. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 രേഖപ്പെടുത്തിയിരിക്കുന്നത്.
അസഹ്യമായ തണുപ്പെത്തിയതോടെ ഗ്രാമപ്രദേശങ്ങളില്‍ എല്ലാം ആളുകള്‍ നേരത്തെ തന്നെ വീടണയുകയാണ്. മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെ ഊട്ടി നഗരത്തിലടക്കം ഹിമകണങ്ങള്‍ പെയ്തിറങ്ങുന്നുണ്ട്. കാണാം. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച രൂക്ഷമായിരിക്കുന്നത്. ഈ കാഴ്ച്ച ആസ്വദിക്കുന്നതിനായി മലയാളികള്‍ അടക്കം ധാരാളം പേരാണ് തലൈകുന്തയിലെത്തുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് പോലും കടുത്ത തണുപ്പിനെയും അവഗണിച്ച് സഞ്ചാരികള്‍ ഇവിടങ്ങളിലെത്തുന്നുണ്ട്.
അതേ സമയം ഒരു വശത്ത് മഞ്ഞും തണുപ്പും ആസ്വദിക്കുന്നതാണ് കാഴ്ച്ചയെങ്കില്‍ മഞ്ഞു പെയ്തിറങ്ങുന്നത് ഊട്ടിയിലെ കര്‍ഷകര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഊട്ടിയുടെ പ്രധാന കൃഷിയായ തേയിലയെ മഞ്ഞു വീഴ്ച ബാധിച്ചു. നിരന്തരം മഞ്ഞു വീണാല്‍ തേയിലച്ചചെടിയുടെ ഇലകള്‍ ഉണങ്ങിപ്പോയേക്കും. മലയടിവാരങ്ങളിലെ പച്ചക്കറി കൃഷിയെയും കടുത്ത തണുപ്പും മഞ്ഞുവീഴ്ച്ചയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഞ്ഞ് പച്ചക്കറികളുടെ ഇലകളില്‍ വീണുകിടന്ന് വെയിലേറ്റാല്‍ ഇവ വേഗത്തില്‍ കരിയും. ഇതൊഴിവാക്കാന്‍ പച്ചക്കറികളുടെ ഇലകളടക്കം സ്പ്രിങ്കളര്‍ ഉപയോഗിച്ച് കര്‍ഷകര്‍ നനക്കുകയാണ്.



by Midhun HP News | Dec 24, 2025 | Latest News, കേരളം
മലപ്പുറം : മലപ്പുറത്ത് ചൊവ്വാഴ്ച രാത്രി ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി 11.20 ഓടെയാണ് വലിയ ശബ്‍ദത്തോടെയുള്ള കുലുക്കം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുന്നതായാണ് വിവരം. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Recent Comments