കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി

കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി.

കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്.

അതിനിടെ വിദ്യാർഥികളുടെ സംഘം തളിക്കുളത്തെ ഹോട്ടലിൽ വെച്ച് അവിടെയുണ്ടായിരുന്നവരുമായി തർക്കവും കൈയാങ്കളിയും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് എത്തുമെന്നായതോടെ സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 12 മണിയോടെ കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 1,13,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 14,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തൊഴിലുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് വിനയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

രമ്യ ഹരിദാസ് കോൺഗ്രസ് നേതാക്കളുമായി ഉണ്ടായ തമ്മിലടിയിൽ രണ്ടുപേർക്ക് സസ്പെൻഷൻ

രമ്യ ഹരിദാസ് കോൺഗ്രസ് നേതാക്കളുമായി ഉണ്ടായ തമ്മിലടിയിൽ രണ്ടുപേർക്ക് സസ്പെൻഷൻ

ആറ്റിങ്ങൽ: കോൺഗ്രസിലെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ കെപിസിസി പാളയം പ്രദീപിനെതിരെയും സജാദിനെതിരെയും നടപടി സ്വീകരിച്ചു. ഇരുവരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. എം എം ഹസ്സൻ അധ്യക്ഷനായുള്ള അന്വേഷണ കമ്മീഷൻ പ്രാഥമിക വിവരശേഖരണത്തിന് ശേഷം കെപിസിസി പ്രസിഡൻറ് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്നാണ് കെപിസിസി പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിൽ എംഎൽഎ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ കമ്മീഷൻ മുൻപിൽ നേരിട്ട് ഹാജരായതുമില്ല. ഫോൺ മുഖാന്തരം സംസാരിച്ചിട്ടുണ്ടെന്നും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം ഹസ്സൻ മാധ്യമം പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ എംഎൽഎയുടെ ബിനാമിക്ക് എന്തുകാര്യം എന്ന ചോദ്യം ഉയർത്തി സജാദ് കോൺഗ്രസിന്റെ പ്രാദേശിക ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ചോദ്യം ചെയ്യുവാൻ എംഎൽഎയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സജാദിന്റെ വീട്ടിൽ എത്തുകയും പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലവും കോൺഗ്രസ് പ്രാദേശിക നേതാക്കളും ഇവിടെ എത്തി. തുടർന്ന് വീട്ടിനുള്ളിൽ തർക്കവും എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗവും തമ്മിലുള്ള കയ്യാങ്കളിയും നടക്കുകയായിരുന്നു.

പോലീസ് കെപിസിസി നടപടികൾ നീരസം പ്രകടിപ്പിച്ച് സജാദ്

ആറ്റിങ്ങൽ: ചിറയിൻകീഴിൽ കോൺഗ്രസ് ജനപ്രതിനിധികൾ തമ്മിലടിച്ച് സംഭവത്തിൽ തന്റെ പരാതിയിൽ കേസെടുക്കാത്തതിലെ നീരസം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സജാദ്. കെപിസിസി നടപടി വാർത്ത വന്നതിനുശേഷം അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വീട്ടിൽ വന്നാണ് പാളയം പ്രദീപ് പ്രശ്നമുണ്ടാക്കിയത്. എന്നിട്ടും താൻ കൊടുത്ത പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ തനിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസിയുടെ നടപടി വാർത്തകളിലൂടെയാണ് കേട്ടത്. സസ്പെൻഷൻ നേടാൻ വേണ്ടി യാതൊരു തെറ്റും താൻ ചെയ്തിട്ടില്ല. വന്ന പ്രശ്നമുണ്ടാക്കിയ എംഎൽഎയ്ക്കെതിരെയും നടപടിയെടുത്തു കാണുന്നില്ല അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഈ വിഷയത്തിൽ ഇപ്പൊൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ അപര്യാപ്തമാണെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു. സമരപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ്.

ഇത്തരമൊരു അവസ്ഥയില്‍ സംസ്ഥാന്തത് സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍, സ്വകാര്യ ബസുടമകള്‍ സെപ്റ്റംബര്‍ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നിര്‍ത്തിവെക്കുന്നതില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു.

കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ നിർമാണം നിലയ്ക്കുകയും ചെയ്തിട്ട് രണ്ട് മാസം പിന്നിടുന്നു. നിർമാണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

അതേസമയം, പദ്ധതിയുടെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എൽഡിഎഫ് മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും കല്ലാടിയിലെ മണ്ണിടിച്ചിലിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിക്കാനാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് വൈകുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

“കല്ലാടിയിൽ ഇതിനകം നടത്തിയ ഓരോ സാങ്കേതിക പ്രവർത്തനവും വിശദമായി പരിശോധിക്കേണ്ടി വന്നു. ഭാവിയിൽ നടത്താനിരിക്കുന്ന പത്തോളം നിർമാണ പ്രവർത്തനങ്ങളും പരിശോധിച്ച് എന്താണ് സംഭവിച്ചതെന്നും ഭാവിയിൽ എന്തെല്ലാം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് വിലയിരുത്തിയത്. അതുകൊണ്ടാണ് റിപ്പോർട്ട് അൽപം വൈകിയത്. ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ,” – വിദഗ്ധ സമിതി അംഗവും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി ഡയറക്ടറും സ്ഥാപകനുമായ ഡോ. സി കെ വിഷ്ണുദാസ് മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം മന്ത്രിസഭ ചർച്ച ചെയ്യും. തുടർന്ന് ജനപ്രതിനിധികളായ സി കെ കാസിം, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, നിർവഹണ ഏജൻസികളുടെയും നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന്റെയും പ്രതിനിധികളുടെയും യോഗം ചേരുമെന്നും കാസിം പറഞ്ഞു.

“പദ്ധതിയുടെ നിർമാണം ഉടൻ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിന് യാതൊരു പദ്ധതിയുമില്ല,” കാസിം വ്യക്തമാക്കി.

പദ്ധതിക്ക് അനുകൂലമായ റിപ്പോർട്ടാണ് വിദഗ്ധ സമിതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ലിന്റോ ജോസഫ് പറഞ്ഞു.

“വർഷങ്ങളായി ഗതാഗത പ്രശ്നങ്ങൾ നേരിടുന്നവരാണ് വയനാട്ടുകാർ. ബദൽ പാതകൾ പലതുണ്ടെങ്കിലും ഏറ്റവും പ്രായോഗികമായ പരിഹാരമായാണ് വയനാട് തുരങ്കപാത പദ്ധതിയെ കാണുന്നത്. കല്ലാടിയിലെ മണ്ണിടിച്ചിൽ നിർഭാഗ്യകരമായ സംഭവമാണ്. എന്നാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ആനക്കാംപൊയിൽ മേഖലയിലടക്കം നിർമാണം പുനരാരംഭിക്കുകയാണ് വേണ്ടത്,” അദ്ദേഹം പറഞ്ഞു.

“നിർമാണം നിലച്ചിട്ട് രണ്ട് മാസത്തോളമായി. ഒരാഴ്ച കൂടി കാത്തിരിക്കും. അതിനുള്ളിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ എൽഡിഎഫ് ശക്തമായ സമരവുമായി രംഗത്തിറങ്ങും,” ലിന്റോ ജോസഫ് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മേഖലയിൽ ഒരു തുരങ്കത്തിൽ 110 മീറ്ററും മറ്റൊന്നിൽ 20 മീറ്ററും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

വയനാട്ടിലെ ദീർഘകാല ഗതാഗത, കണക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ലൈഫ്‌ലൈനായാണ് പദ്ധതിയെ അനുകൂലിക്കുന്നവർ കാണുന്നത്. എന്നാൽ പദ്ധതിയുടെ പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ സുരക്ഷയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ശക്തമായ ആശങ്കകൾ ഉയർത്തുന്നുണ്ട്.

“പദ്ധതി തുടരാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. നിർമാണത്തിൽ എത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാലും അസ്ഥിരമായ മലനിരകളിലൂടെയാണ് തുരങ്കം നിർമിക്കേണ്ടത്. ഭാവിയിൽ കല്ലാടിയിലുണ്ടായതിന് സമാനമായ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകാം,” വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയർമാൻ ബദൂഷ പറഞ്ഞു.

“പദ്ധതി ഉപേക്ഷിക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. എന്നാൽ സർക്കാർ അത്തരമൊരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.

ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകന്‍ നവനീത് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. വെള്ളാവ് റെഡ്സ്റ്റാറിന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് കുഴഞ്ഞു വീണത്.

നാട്ടുകാര്‍ ഉടന്‍ നവനീതിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സങ്കീര്‍ത്ത്, യദുനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.