by Midhun HP News | Dec 29, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ അംഗമായിരുന്നു എന്‍ വിജയകുമാര്‍. സിപിഎം പ്രതിനിധിയായാണ് ഭരണസമിതിയില്‍ എത്തിയത്. കെ പി ശങ്കര്‍ദാസ് ആണ് അന്നത്തെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍.
വിജയകുമാറും ശങ്കര്‍ദാസും മുന്‍കൂര്‍ ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധി വരുന്നതിന് മുന്‍പായിരുന്നു വിജയകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ക്കാണ് പങ്കെന്നായിരുന്നു വിജയകുമാര്‍ വാദിച്ചിരുന്നത്. പത്മകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം മറ്റു ഭരണസമിതി അംഗങ്ങള്‍ക്കെതിരെ എസ്‌ഐടി നടപടി സ്വീകരിക്കാത്തതില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌ഐടിയുടെ നടപടി.
കഴിഞ്ഞ ദിവസം സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്യുന്നതിനായി വിജയകുമാറിനും ശങ്കര്‍ദാസിനും എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതായി ചൂണ്ടിക്കാട്ടി ഇരുവരും എസ്‌ഐടി മുന്‍പാകെ ഹാജരായിരുന്നില്ല. അതിനിടയാണ് ഇപ്പോള്‍ വിജയകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.



by Midhun HP News | Dec 29, 2025 | Latest News, കേരളം
പാലക്കാട്: അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എന്‍ കെ രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെയാണ് മഞ്ജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു. കൂറുമാറ്റത്തിനു പിന്നില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് മഞ്ജു അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി അഗളി പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണത്തിലായിരുന്നു. ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും, പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദമായത്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്, മഞ്ജു പ്രാദേശിക പാര്‍ട്ടി നേതാക്കളുമൊത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്. സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മഞ്ജുവിന് അബദ്ധം സംഭവിച്ചതാകാമെന്നും, സിപിഎം പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സിപിഎം പിന്തുണയോടെയുള്ള കോണ്‍ഗ്രസ് അംഗത്തിന്റെ അഗളിയിലെ വിജയം ഏറെ ചര്‍ച്ചയായിരുന്നു.



by Midhun HP News | Dec 29, 2025 | Latest News, കേരളം
കോഴിക്കോട്: റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് വയോധികന്‍ മരിച്ചു. വില്യാപ്പിള്ളി സ്വദേശി മൂസയാണ് മരിച്ചത്. 55 വയസ്സായിരുന്നു. കോഴിക്കോട് വടകര വില്യാപ്പിള്ളിയില്‍ വെച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നു വരുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് സൂചന.
ഇന്നലെ രാത്രി 11 മണിയോടെയാണ് മൂസ കുഴിയില്‍ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ മൂസയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് വിവരം.



by Midhun HP News | Dec 29, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,03,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 12,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
വെള്ളിവില
വെള്ളിവിലയിലും കുറവുണ്ട്. കിലോഗ്രാമിന് 4000 രൂപയാണ് കുറഞ്ഞത്. 2,81,000 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ വില. ഗ്രാമിന് നാല് രൂപയാണ് കുറഞ്ഞത്. 281 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.



by Midhun HP News | Dec 29, 2025 | Latest News, കേരളം
മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്.
കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം.



by Midhun HP News | Dec 28, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയെ ചൊവ്വാഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ഡി മണിക്ക് സിം എടുത്ത് കൊടുത്ത ബാലമുരുകനും 30ന് എസ്‌ഐടിയുടെ ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി.
ഡി മണിയുടെ സാമ്പത്തിക വളര്‍ച്ചയിലെ ദുരൂഹതയാണ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടിയെ പ്രേരിപ്പിച്ചത്. ഡി മണിയെ കസ്റ്റഡിയിലെടുക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണി ആറ് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡി മണിയുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോ? വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ? എന്നതടക്കം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്‌ഐടിയുടെ നീക്കം. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ.
ഓട്ടോക്കാരനില്‍ നിന്ന് തുടങ്ങിയ മണി, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ ബിസിനസുകളിലേക്ക് വളരുകയായിരുന്നു. ഒരുകാലത്ത് തിയറ്ററില്‍ കാന്റീന്‍ നടത്തി പോപ്കോണ്‍ കച്ചവടവും മണി നടത്തിയിരുന്നു. ഇയാളുടെ അതിവേഗത്തിലുള്ള വളര്‍ച്ച ഉള്‍പ്പെടെ എസ്ഐടി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ബാലസുബ്രമണ്യന്‍ എന്നതാണ് മണിയുടെ യഥാര്‍ത്ഥ പേര് എന്നാണ് വിവരം. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.
ഡി മണിയുടെ ദിണ്ഡിഗലിലെ സ്ഥാപനത്തില്‍ കഴിഞ്ഞദിവസം എസ് ഐ ടി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ഡി മണിയല്ല, എം എസ് മണിയാണ് എന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്നാണ് വിവരം. ബാലമുരുകന്‍ എന്ന സുഹൃത്തിന്റെ സിം അണ് ഉപയോഗിക്കുന്നത്. അത് ദുരുപയോഗം ചെയ്ത് തന്നെ കുടുക്കിയതാണെന്നുമുള്ള നിലപാടാണ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ സ്വീകരിച്ചത്. എന്നാല്‍, പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജാരാകാന്‍ നോട്ടീസ് നല്‍കിയാണ് എസ് ഐ ടി മടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.



Recent Comments