by Midhun HP News | Dec 28, 2025 | Latest News, കേരളം
സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല. 2005ല്‍ പവന് 5000 രൂപ ഉണ്ടായിരുന്ന സ്വര്‍ണവില 20 വര്‍ഷം കൊണ്ട് ഇത്രയും കണ്ട് വളരുമെന്ന് അന്ന് ആരെങ്കിലും കരുതി കാണുമോ?. ഒരു ലക്ഷം കടന്നിട്ടും സ്വര്‍ണവിലയുടെ തേരോട്ടം തുടരുകയാണ്.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയാണ് സ്വര്‍ണവില അതിന്റെ സര്‍വകരുത്തും കാട്ടി വലിയതോതില്‍ മുന്നേറിയത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടെ പവന്‍വില ഇരട്ടിക്കുകയാണ് ചെയ്തത്.
ആഭരണപ്രിയരും സാധാരണക്കാരും സ്വര്‍ണാഭരണം വാങ്ങാന്‍ പ്രതിസന്ധി നേരിടുമ്പോള്‍ സ്വര്‍ണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗോള്‍ഡ് ഇടിഎഫിലും മറ്റും നിക്ഷേപം നടത്തിയവര്‍ക്കും സ്വര്‍ണാഭരണത്തിന് പകരം നിക്ഷേപമെന്ന നിലയില്‍ കോയിനുകളും ബാറുകളും വാങ്ങിച്ചവര്‍ക്കും ഇത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലമാണ്.
ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.
സ്വര്‍ണവില കുതിക്കാനുള്ള കാരണങ്ങള്‍?
ഭൗമരാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുവേ കിട്ടുന്ന സുരക്ഷിത നിക്ഷേപം എന്ന പരിവേഷമാണ് സ്വര്‍ണത്തിന് കരുത്തായത്. യുദ്ധമുണ്ടായാല്‍ അത് ആഗോള സാമ്പത്തികമേഖലയെ തളര്‍ത്തും. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുന്നതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമേ യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ന്‍ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വര്‍ണവില കത്തിക്കയറാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
ഇതിനു പുറമേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് ഉത്തേജകമാണ്. യുഎസില്‍ അടിസ്ഥാന പലിശഭാരം കുറഞ്ഞാല്‍ യുഎസ് കടപ്പത്രം, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകര്‍ഷകമാകും. യുഎസ് ഡോളറിനെ ഇതു ദുര്‍ബലപ്പെടുത്തും. ഇതും സ്വര്‍ണത്തിന് കരുത്താകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
സ്വര്‍ണക്കുതിപ്പിന്റെ നാള്‍വഴികള്‍
1925ല്‍ പവന് 13.75 രൂപ ഉണ്ടായിരുന്ന സ്വര്‍ണവിലയാണ് നൂറ് വര്‍ഷം കൊണ്ട് ഒരു ലക്ഷവും കടന്ന് കുതിക്കുന്നത്. 1935ല്‍ 22.65 രൂപയും 1950ല്‍ 72.75 രൂപയും 1975ല്‍ 396 രൂപയുമായിരുന്നു വില. 80 കളിലാണ് പവന്‍ വില ആദ്യമായി ആയിരം കടന്നത്. 1985ല്‍ 1573 രൂപയായിരുന്നു പവന്‍ വില. 1990ല്‍ ആയിരം രൂപ വര്‍ധിച്ച് പവന്‍വില 2500നോടു അടുത്ത് എത്തി. 1995ല്‍ 3432 രൂപയായിരുന്ന സ്വര്‍ണവില 2000 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ വില കുറയുന്നതിനും സാക്ഷിയായി. 2000ല്‍ 3212 രൂപയായിരുന്നു സ്വര്‍ണവില. ആഗോള സാമ്പത്തിക രംഗത്ത് റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി അടക്കം മറ്റു മേഖലകള്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഇക്കാലയളവില്‍ സ്വര്‍ണത്തിന് അല്‍പ്പം മങ്ങലേല്‍ക്കാന്‍ കാരണം. എന്നാല്‍ 2000ന് ശേഷം പൂര്‍വാധികം ശക്തിയോടെ സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.
2010ല്‍ 12,000 കടന്ന സ്വര്‍ണവില 2015 ആകുമ്പോഴേക്കും 20,000നോട് അടുത്ത് എത്തി. 2020ല്‍ 32000 കടന്ന് കുതിച്ച സ്വര്‍ണവില ഏതാനും വര്‍ഷങ്ങള്‍ക്കകമാണ് 50,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. കൃത്യമായി പറഞ്ഞാല്‍ 2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് പവന് 50,400 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീടുള്ള മാസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. തൊട്ടടുത്ത മാസമായ ഏപ്രിലില്‍ തന്നെ 51000 കടന്നു. അതേമാസം തന്നെ 52,000, 53,000, 54,000 എന്ന നിലവാരവും മറികടന്ന് കുതിപ്പ് തുടര്‍ന്നു. 2024 മെയ് മാസത്തിലാണ് സ്വര്‍ണവില ആദ്യമായി 55,000 കടന്നത്.
തുടര്‍ന്ന് 60,000 ആകാന്‍ ഏഴ് മാസം എടുത്തു. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.
ഈ വര്‍ഷം ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. സെപ്റ്റംബറില്‍ 80,000 തൊട്ടു. സെപ്റ്റംബര്‍ 9നാണ് പുതിയ ഉയരം കുറിച്ചത്. 80,000 കടന്നപ്പോള്‍ മുതല്‍ തന്നെ വൈകാതെ തന്നെ സ്വര്‍ണവില ഒരു ലക്ഷം തൊടുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവെയ്ക്കുന്നതാണ് ഡിസംബര്‍ 23ലെ സര്‍വകാല റെക്കോര്‍ഡ്.
ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രണ്ടുമാസത്തിനകമാണ് സ്വര്‍ണവില ഒരു ലക്ഷം കടന്ന് പുതിയ ഉയരം കുറിച്ചത്. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത.



by Midhun HP News | Dec 28, 2025 | Latest News, കേരളം
കൊച്ചി: ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ബാങ്കിങ് മേഖല. ആദ്യമായി സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. പ്രവാസികളുമായുള്ള സംസ്ഥാനത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തെ അടിവരയിടുന്നതാണ് ഈ കണക്ക്.
2025 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 3,03,464.57 കോടി രൂപയാണ് പ്രവാസി നിക്ഷേപം. മൂന്ന് മാസം മുമ്പ് ഇത് 2,86,987.21 കോടി രൂപയായിരുന്നു. ഒറ്റ പാദത്തില്‍ 16,476.79 കോടി രൂപ അഥവാ 5.75 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രവാസി നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 6,634.92 കോടി അല്ലെങ്കില്‍ 2.31 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. തുടര്‍ന്ന് ശക്തമായ തിരിച്ചുവരവാണ് പ്രവാസി നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ് പ്രവാസി നിക്ഷേപം. 2015 മാര്‍ച്ചിലാണ് കേരളത്തിലെ പ്രവാസി നിക്ഷേപം ആദ്യമായി ഒരു ലക്ഷം കോടി രൂപയിലെത്തിയത്. 2020 മാര്‍ച്ചില്‍ ഇത് ഇരട്ടിയായി. പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലെത്താന്‍ വീണ്ടും അഞ്ചുവര്‍ഷമെടുത്തു.
രൂപ ദുര്‍ബലമായതും ആകര്‍ഷകമായ നിക്ഷേപ നിരക്കുകളും മഹാമാരിയ്ക്ക് ശേഷം പണമടയ്ക്കല്‍ കൂടിയതുമാണ് പ്രവാസി നിക്ഷേപം ഉയരാന്‍ കാരണമെന്ന് ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍ പറയുന്നു. യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപ ദുര്‍ബലമായത് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിച്ചതിന് കാരണമായതായി ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ ലയബിലിറ്റി ആന്റ് ഫീ പ്രൊഡക്ട്‌സ് കണ്‍ട്രി ഹെഡ് ജോയ് പി വി പറഞ്ഞു.
പ്രവാസി നിക്ഷേപത്തില്‍ ഫെഡറല്‍ ബാങ്ക് ആണ് മുന്നില്‍. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഫെഡറല്‍ ബാങ്കില്‍ 85,250 കോടിയുടെ പ്രവാസി നിക്ഷേപമാണ് ഉള്ളത്. എസ്ബിഐ 80,234 കോടി, കനറാ ബാങ്ക് 21,914 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 18,338 കോടി, ഐസിഐസിഐ ബാങ്ക് 13,242 കോടി എന്നിങ്ങനെയാണ് ഫെഡറല്‍ ബാങ്കിന് തൊട്ടുപിന്നിലുള്ള മറ്റു ബാങ്കുകളിലെ പ്രവാസി നിക്ഷേപം.



by Midhun HP News | Dec 28, 2025 | Latest News, കേരളം
കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 31ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.
ടോള്‍നിരക്ക് രണ്ടുദിവസത്തിനകം വിജ്ഞാപനം ചെയ്യും. പന്തീരാങ്കാവിലെ ടോള്‍പ്ലാസയില്‍ ട്രയല്‍ റണ്‍ ഇന്നോ നാളെയോ തുടങ്ങാനും തീരുമാനമായി. ഒളവണ്ണ ടോള്‍ പ്ലാസ എന്നു പേരു മാറ്റിയിട്ടുണ്ട്. കാര്‍ ജീപ്പ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 90 രൂപയാണ് ടോള്‍നിരക്ക് വരിക. ഇരുവശത്തേയ്ക്കും 135 രൂപയാണ് ഈടാക്കുക. ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍, മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 145 രൂപയും ഇരുവശത്തേയ്ക്കും 215 രൂപയുമാണ് ടോള്‍നിരക്ക് വരിക. ബസിന് ഒരു വശത്തേയ്ക്ക് 300 രൂപ വരും. ഇരുവശത്തേയ്ക്കുമായി 455 രൂപയാണ് ടോള്‍നിരക്കായി ചുമത്തുക.



by Midhun HP News | Dec 28, 2025 | Latest News, കേരളം
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.
വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മകനാണ് മുറ്റത്ത് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മേരി ചെറിയ മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവരുടെ കുടുംബം അടുത്തിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അവിടേയ്ക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം. വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.



by Midhun HP News | Dec 28, 2025 | Latest News, കേരളം
കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ട്രേഡ് യൂണിയൻ നേതാവാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു.
സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.1935 ൽ ജനിച്ച കെ എം സുധാകരന് ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ സുധാകരൻ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി.
1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കെഎസ്കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍ തടവിൽ കഴിഞ്ഞിട്ടുണ്ട്.



by Midhun HP News | Dec 27, 2025 | Latest News, കേരളം
കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം
മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകടം ഉണ്ടായതിന് പിന്നാലെ ഇരുവരും ലോറിക്കടിയില്‍ കുടുങ്ങിപ്പോയി. ഏറെ നേരം പണിപ്പെട്ടാണ് ഇവരെ പുറത്തെത്തിച്ചത്. രണ്ടുപേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Recent Comments