ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

ശബരിമല: ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു.

തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാനായെന്ന്് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പൊലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദര്‍ശനം ഉറപ്പാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു.

സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്കു രുചികരമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നില്‍. പരാതികള്‍ അപ്പേപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് ബോര്‍ഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേര്‍ വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. കോടതിയുടെ സമയോചിത നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുപോകുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല.

അരവണ പ്രസാദം ആദ്യം മുപ്പതും നാല്‍പതും നല്‍കിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതില്‍ ഭക്തര്‍ക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച നട അടയ്ക്കുമ്പോള്‍ മുതല്‍ അരവണയുടെ ഉല്‍പാദനത്തില്‍ വര്‍ധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക് ജനുവരി 20ന് ശേഷം തപാല്‍മാര്‍ഗം അയക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിക്കും. ഡിസംബര്‍ 29ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ജയകുമാര്‍ പറഞ്ഞു.

മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്. 29ന് തിരുവനന്തപുരത്ത്് വനംവകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങള്‍ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

കോട്ടയം: കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തു. ഇതോടെ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്തായി. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

എട്ട് അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും ബിജെപിയ്ക്ക് മൂന്നും അംഗങ്ങളും ഉണ്ടായിരുന്നു. യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗത്തിനാണ് വോട്ട് ചെയ്തത്. ഇതോടെ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം എത്തി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ സ്വതന്ത്ര അംഗം എ പി ഗോപിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍

സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഎം ആരോപിച്ചിരുന്നു.

റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; പലയിടത്തും വിമതരും സ്വതന്ത്രരും നിര്‍ണായകം

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; പലയിടത്തും വിമതരും സ്വതന്ത്രരും നിര്‍ണായകം

കൊച്ചി: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റുമാരാണ് ഇന്ന് നിശ്ചയിക്കപ്പെടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍,14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. വിമതന്മാരും സ്വതന്ത്രരുമാകും പല സ്ഥലങ്ങളിലും നിര്‍ണായകമാകുക. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളുടേയും നഗര സഭകളുടേയും അധ്യക്ഷന്‍മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.

‘ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് വോട്ട് ചെയ്യും. ഇപ്പോഴും കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ തേറമ്പിലിനെ അറിയിച്ചിരുന്നു. അദ്ദേഹം മാറിനില്‍ക്കരുതെന്ന് അറിയിച്ചു. എന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അദ്ദേഹം മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്പത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും. പത്തുവര്‍ഷം ഇവിടെ പ്രതിപക്ഷ നേതാവായിരുന്ന ഒരു മഹാന്‍ ഉണ്ടല്ലോ? രാജന്‍ പല്ലന്റെ പല കാര്യങ്ങളും പറയേണ്ടിവരും. എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ അതില്‍ പ്രധാന പങ്ക് രാജന്‍ പല്ലന്റെതായിരിക്കും. എല്ലാം സമയമാകുമ്പോള്‍ പുറത്തുപറയും. തൃശൂര്‍ മേയറെ തീരുമാനിക്കുന്നത് കെസി വേണുഗോപാലും ദീപാദാസ് മുന്‍ഷിയുമാണെങ്കില്‍ അത് താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?’- ലാലി ജെയിംസ് പറഞ്ഞു.