പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; പലയിടത്തും വിമതരും സ്വതന്ത്രരും നിര്‍ണായകം

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; പലയിടത്തും വിമതരും സ്വതന്ത്രരും നിര്‍ണായകം

കൊച്ചി: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റുമാരാണ് ഇന്ന് നിശ്ചയിക്കപ്പെടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍,14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. വിമതന്മാരും സ്വതന്ത്രരുമാകും പല സ്ഥലങ്ങളിലും നിര്‍ണായകമാകുക. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളുടേയും നഗര സഭകളുടേയും അധ്യക്ഷന്‍മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.

‘ മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് വോട്ട് ചെയ്യും. ഇപ്പോഴും കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ തേറമ്പിലിനെ അറിയിച്ചിരുന്നു. അദ്ദേഹം മാറിനില്‍ക്കരുതെന്ന് അറിയിച്ചു. എന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അദ്ദേഹം മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്പത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും. പത്തുവര്‍ഷം ഇവിടെ പ്രതിപക്ഷ നേതാവായിരുന്ന ഒരു മഹാന്‍ ഉണ്ടല്ലോ? രാജന്‍ പല്ലന്റെ പല കാര്യങ്ങളും പറയേണ്ടിവരും. എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ അതില്‍ പ്രധാന പങ്ക് രാജന്‍ പല്ലന്റെതായിരിക്കും. എല്ലാം സമയമാകുമ്പോള്‍ പുറത്തുപറയും. തൃശൂര്‍ മേയറെ തീരുമാനിക്കുന്നത് കെസി വേണുഗോപാലും ദീപാദാസ് മുന്‍ഷിയുമാണെങ്കില്‍ അത് താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?’- ലാലി ജെയിംസ് പറഞ്ഞു.

41ദിവസം നീണ്ട വ്രതകാലം; ഇന്ന് മണ്ഡലപൂജ, തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

41ദിവസം നീണ്ട വ്രതകാലം; ഇന്ന് മണ്ഡലപൂജ, തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി. ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയിൽ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.

മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നടപടി സ്വീകരിച്ചത്.

കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍. സുബ്രഹ്മണ്യനെതിരെ ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. കേസെടുത്തിട്ടും പോസ്റ്റ് നീക്കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുക.

ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എഐ നിര്‍മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് എതിരെ കേസില്ല. വീഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ല. മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമാണ് നടക്കുന്നത്. നിയമ നടപടികളെ നേരിടും. ജാമ്യം ലഭിക്കുമെങ്കില്‍ എടുക്കും, അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും എന്‍ സുബ്രഹ്മണ്യന്‍ മാധ്യമങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍.സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ചിത്രം എഐ നിര്‍മിതമാണെന്ന നിലയിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

കാലം കാത്തുവച്ച കാവ്യനീതി; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

കാലം കാത്തുവച്ച കാവ്യനീതി; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. കാലം കാത്തുവച്ച കാവ്യനീതിയാണ് തന്റെ മേയര്‍ സ്ഥാനമെന്ന് ദിയ പറഞ്ഞു.എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നേട്ടവും ദിയ സ്വന്തമാക്കി. പാല എംഎല്‍എ മാണി സി കാപ്പന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

കാലം കാത്തുവച്ച കാവ്യനീതിയാണെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ദിയയുടെ പ്രതികരണം. ഒത്തിരി സന്തോഷം തോന്നുന്നു. ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ദിയ പറഞ്ഞു. പ്രതിപക്ഷവും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പുളിക്കക്കണ്ടം ബിജു, പുളിക്കക്കണ്ടം, ബിനു, പുളിക്കക്കണ്ടം ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രയായ മായ രാഹുലും വിജയിച്ചിരുന്നു. സ്വതന്ത്രര്‍ പിന്തുണ നല്‍കിയതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇതാദ്യമാണ് പാലാ നഗരസഭ കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാകുന്നത്. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.

ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാര്‍ഡില്‍ നിന്നാണ് മകള്‍ ദിയ ജയിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.

മുന്നണികള്‍ മാറിമാറി മത്സരിച്ച ചരിത്രമാണ് ബിനു പുളിക്കക്കണ്ടത്തിന്റേത്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ബിനു ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു എതിരാളി. 2020ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തിലായിരുന്നു ബിനുവിന്റെ മത്സരം.

സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. എന്നാല്‍ ജോസ് കെ മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണ ബിനു വീണ്ടും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബിജു പുളിക്കക്കണ്ടം ദീര്‍ഘനാള്‍ കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

വി കെ മിനിമോള്‍ കൊച്ചി മേയര്‍; സൗമിനി ജെയിനുശേഷം നഗരത്തെ നയിക്കാന്‍ വനിത

വി കെ മിനിമോള്‍ കൊച്ചി മേയര്‍; സൗമിനി ജെയിനുശേഷം നഗരത്തെ നയിക്കാന്‍ വനിത

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, കലക്ടര്‍ മുമ്പാകെ വി കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍.

മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. ഇടതുമുന്നണിക്ക് വേണ്ടി ജഗദംബികയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. 22 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച പ്രിയ പ്രശാന്തിന് ആറു വോട്ടുകളും ലഭിച്ചു. ദീപ്തിമേരി മോള്‍ വര്‍ഗീസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പിന് ശേഷം മിനിമോളെ അഭിനന്ദിച്ചു.

വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും, ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ചുമതലയേറ്റശേഷം മിനിമോള്‍ പറഞ്ഞു. ഇടതുമുന്നണി ഭരണം തകര്‍ത്താണ് യുഡിഎഫ് കൊച്ചി കോര്‍പ്പറേഷനില്‍ വന്‍ വിജയം നേടിയത്. മേയര്‍ പദവിയില്‍ ടേം അവസ്ഥയില്‍ വീതം വെപ്പിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും.