അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ പരാജയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് പരാജയത്തിന് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ‘തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവര്‍ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു അവര്‍ക്ക്’- വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

‘അധികാരത്തില്‍ ഇരിക്കുമ്പോള്‍ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് ചര്‍ച്ചാവിഷയമായത്. ഇതാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്. എന്തെല്ലാം നല്ല നേട്ടങ്ങള്‍ ചെയ്തിട്ടും അത് താഴെത്തട്ടില്‍ അറിയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറേണ്ടതുണ്ട്’- വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ ബിജെപി വോട്ടുഷെയര്‍ വര്‍ദ്ധിപ്പിച്ചുവെന്നത് നേരുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

കൊച്ചി: ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പുതിയ സിനിമ റിലീസായിട്ടുണ്ട്. ഇതിന്റെ പ്രമോഷനായി വിദേശത്തേക്ക് പോകേണ്ടതുണ്ട്. ഇതിനായി പാസ്‌പോര്‍ട്ട് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചത്. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനായിയെന്നും, അതിനാല്‍ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ അപ്പീല്‍ പോകുന്നുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനാല്‍ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ച് പാസ്‌പോര്‍ട്ട് വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് കോടതി കസ്റ്റഡിയിലായിരുന്നതിനാല്‍, ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയാണ് ദിലീപ് വിദേശയാത്രകള്‍ നടത്തിയിരുന്നത്.

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച, ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും ആര്‍ വി ബാബു ചോദിച്ചു.

ഈ പാട്ട് വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, സിപിഎമ്മിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. ഈ പാട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് ‘സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്നതാണ്. സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിഞ്ഞിരിക്കുന്നതെന്നും ആര്‍ വി ബാബു പറഞ്ഞു.

പാട്ടെഴുതിയത് ലീഗുകാരന്‍ ആയിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്. ഈ സര്‍ക്കാരിനു കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ വരച്ചുകാട്ടുന്ന പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്ന കാര്യത്തില്‍ സംശയമില്ലെന്നും ആര്‍ വി ബാബു പറഞ്ഞു.

ആ പാട്ട് മതപരമാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് വി കെ സനോജ് പറയുന്നത്. മതപരമായ എന്താണ് ആ പാട്ടിനകത്തുള്ളത്? മതപരമാണെങ്കിൽ അത് ആരെയാണ് വ്രണപ്പെടുത്തുന്നത്?. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യത്തിൽ സനോജും സിപിഎമ്മും ഇതുവരെ എടുത്ത നിലപാട് എന്തായിരുന്നു?. ശബരിമലയുടെ വിഷയത്തിൽ പോലും വിശ്വാസികളുടെ വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ സമീപനം എന്തായിരുന്നു?. വിശ്വാസികളെ വ്രണപ്പെടുത്തുന്ന പാട്ടിനെതിരെ പരാതി കൊടുക്കുമെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു അബ്രഹാമിന്റെ പ്രസ്താവന വായിച്ചപ്പോൾ ചിരിയാണ് തോന്നിയത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കന്മാർ വിശ്വാസികളെ പറഞ്ഞ അസഭ്യങ്ങൾക്കും പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും കയ്യും കണക്കുമുണ്ടോ?. ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്?. എസ്എഫ്ഐ അടക്കമുള്ള സിപിഎമ്മിന്റെ കാളികൂളി സംഘങ്ങളൊക്കെ ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്. ശ്രീമതി ടീച്ചറുടെയും പിണറായി വിജയന്റെയും പ്രസ്താവനകൾ ഒക്കെ വിശ്വാസികളെ ഏതൊക്കെ തരത്തിൽ വ്രണപ്പെടുത്തിയിട്ടുണ്ടെന്നും ആർ വി ബാബു പറഞ്ഞു.

ഹൈന്ദവ സമൂഹം ആരാധിക്കുന്ന സരസ്വതിദേവി, പാർവതി ദേവി, ലക്ഷ്മീദേവി എന്നിവരുടെ നഗ്നചിത്രം വരച്ച് ആക്ഷേപിച്ച എം എഫ് ഹുസൈനെ രവിവർമ്മ പുരസ്കാരം നൽകി ആദരിക്കാൻ ശ്രമിച്ചത് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. അതെന്തിനു വേണ്ടിയിട്ടായിരുന്നു? ക്ഷേത്രങ്ങളിൽ അടക്കം നഗ്നചിത്രങ്ങൾ ഒരുപാടുണ്ട്. പക്ഷേ സരസ്വതിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാനാകുമോ?. ലക്ഷ്മിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാൻ സാധിക്കുമോ?. ഇത്തരത്തിൽ ചിത്രം വരച്ച ആൾക്ക് അവാർഡ് കൊടുത്ത പാർട്ടിയാണ് ‘ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്, ഞങ്ങൾ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യും’ എന്നു പറയുന്നത്. ഇത് ആരെ പറ്റിക്കാനാണെന്നും ആർ വി ബാബു ചോദിക്കുന്നു.

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലാണ് കിഫ്ബിയുടെ ചെയര്‍മാനായത്. ഔദ്യോഗിക തലത്തിലുള്ള നിലപാടാണ് ഇതില്‍ സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസാല ബോണ്ടു വഴി സമാഹരിച്ച ഏതാണ്ട് 2000 കോടി രൂപയില്‍ 450 കോടിയോളം രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഭൂമി വാങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല നടത്തിയതെന്നും, ഭൂമി ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനപദ്ധതികളുടെ ഭാഗമായിട്ടാണെന്നുമായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വാദം പരിഗണിച്ച് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെ എം എബ്രാഹമിനുമെതിരെ നോട്ടീസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതില്‍ തുടര്‍വാദം ജനുവരിയില്‍ നടക്കുമെന്നും കോടതി അറിയിച്ചു.

മസാലബോണ്ട് വഴി വിദേശത്തു നിന്നും സമാഹരിച്ച പണം ഫെമ ചട്ടം ലംഘിച്ച് ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു എന്ന ആക്ഷേപത്തില്‍ കിഫ്ബിക്കെതിരായ നോട്ടീസില്‍ തുടര്‍നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനമായി പറയാനാവില്ലെന്ന വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അഡ്ജുഡിക്കേഷന്‍ അതോറിറ്റിക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. ദിലീപും നടിയും ഏതാനും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. കാവ്യ മാധവനുമായിട്ടുള്ള വിവാഹേതര ബന്ധം നടിക്ക് അറിയാമായിരുന്നു. അക്കാര്യം തന്നോട് പറഞ്ഞത് നടിയാണെന്ന വിചാരമാണ് വൈരാഗ്യത്തിന് കാരണമെന്നും വിചാരണക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി.

1998 ഒക്ടോബര്‍ 20 നാണ് ദിലീപുമായിട്ടുള്ള വിവാഹം നടക്കുന്നതെന്ന് മഞ്ജു പറഞ്ഞു. തുടര്‍ന്ന് ദിലീപിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. 2012 ഫെബ്രുവരി 12 ന് കാവ്യ മാധവനുമായുള്ള ചില സ്വകാര്യ സന്ദേശങ്ങള്‍ ദിലീപിന്‍റെ പഴയ മൊബൈല്‍ ഫോണില്‍ കണ്ടു. തുടര്‍ന്ന് ദിലീപിനെ വിളിച്ചെങ്കിലും കിട്ടിയില്ല. കാവ്യയെ വിളിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

അതിനുശേഷം കാവ്യയുടെ അമ്മയെ വിളിച്ചപ്പോള്‍, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമണത്തിന് ഇരയായ നടിക്കും ഗായിക റിമി ടോമിക്കും അറിയാമെന്നും കാവ്യയുടെ അമ്മ പറഞ്ഞതായി മഞ്ജു വെളിപ്പെടുത്തി. എന്നാല്‍ റിമി ടോമിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം മഞ്ജു സുഹൃത്തുക്കളായ നടിമാരായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവരുമായി പങ്കുവെച്ചു. മഞ്ജുവിന്റെ മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് ഫെബ്രുവരി 14 ന് മഞ്ജു അക്രമത്തിനിരയായ നടിയുടെ വീട്ടിലെത്തി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിച്ചു. സത്യം തുറന്നുപറയാന്‍ പിതാവ് നിര്‍ദേശിച്ച പ്രകാരം, യുവനടി തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മഞ്ജുവിനോട് പറഞ്ഞു. ഇതിനുശേഷം സംയുക്തയുടെ വീട്ടിലെത്തിയ മഞ്ജു വീണ്ടും കാവ്യയുടെ അമ്മയെ വിളിച്ചു. ഈ ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കിയതായി കാവ്യയുടെ അമ്മ അറിയിച്ചു. തൊട്ടടുത്ത ദിവസം മഞ്ജു ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഇക്കാര്യങ്ങളെല്ലാം ദിലീപിന്റെ സഹോദരങ്ങളോട് പറഞ്ഞു.

രണ്ടു ദിവസത്തിനുശേഷം ദിലീപ് എത്തിയപ്പോള്‍ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ഫോണില്‍ മെസ്സേജ് അയച്ചതിനെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് മറുപടി നല്‍കിയത്. അതിജീവിതയായ നടി പക്വതയില്ലാത്ത പെണ്‍കുട്ടിയാണ്. അവള്‍ പറയുന്നതൊന്നും കണക്കിലെടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു. ഈ വിവാഹേതര ബന്ധമാണ് ദിലീപുമായുള്ള തന്റെ ദാമ്പത്യബന്ധം തകര്‍ത്തത്. തുടര്‍ന്ന് താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ച് താന്‍ പോകുകയായിരുന്നു എന്നും മഞ്ജു കോടതിയില്‍ പറഞ്ഞു.

ദിലീപിന്റെ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മഞ്ജു കരഞ്ഞതായി, ഗീതു മോഹന്‍ദാസ് കോടതിയില്‍ പറഞ്ഞു. ഫോണില്‍ സന്ദേശങ്ങള്‍ കണ്ടകാര്യം അടക്കം പറഞ്ഞിരുന്നു. 2009 നുശേഷം കാവ്യയുമായുള്ള സുഹൃദ് ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഗീതു മോഹന്‍ദാസ് കോടതിയെ അറിയിച്ചു. എന്നാല്‍ കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നാണ് വിചാരണ കോടതി നിരീക്ഷിച്ചത്. സംയുക്തയുടെ വീട്ടില്‍ വെച്ച് ദിലീപ്, കാവ്യ, കാവ്യയുടെ അമ്മ എന്നിവരുമായി മഞ്ജു വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നത് പൊലീസ് രേഖകളില്‍ കാണാനില്ലെന്നും കോടതി പറയുന്നു.

ദിലീപും കാവ്യയും ആക്രമണത്തിന് ഇരയായ നടിയും തന്റെ സുഹൃത്തുക്കളാണെന്നും, മഞ്ജു വാര്യരെ അറിയാമെന്നും റിമി ടോമി കോടതിയില്‍ പറഞ്ഞു. 2010-11 കാലയളവില്‍ ഒരുമിച്ച് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ഇക്കാര്യം ചോദിച്ച് മഞ്ജു വിളിച്ചിരുന്നുവെന്നും റിമി ടോമി കോടതിയില്‍ മൊഴി നല്‍കി. കാവ്യയുടെ അമ്മയും മഞ്ജുവുമായുള്ള സംഭാഷണ വിവരങ്ങള്‍ കോടതിയില്‍ പറഞ്ഞില്ല. ദിലീപുമായി നിരന്തരം കാണാറുള്ള കാര്യം കാവ്യയും കോടതിയില്‍ നിഷേധിച്ചു. തനിക്കോ ദിലീപിനോ നടിയുമായി ശത്രുത ഇല്ലെന്നും കാവ്യ അറിയിച്ചു.

ദിലീപിന്റെ ഫോണില്‍ സന്ദേശങ്ങള്‍ കണ്ട കാര്യവും, പിന്നീട് ആക്രമണത്തിന് ഇരയായ നടിയുടെ വീട്ടില്‍ പോയ കാര്യവും മഞ്ജു വാര്യര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണ രേഖകളില്‍ ഇക്കാര്യം ഇല്ലാത്തത് വൈരുധ്യത്തിന് തുല്യമായ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ദിലീപിന് തന്നോട് ശത്രുതയുണ്ടെന്ന അതിജീവിതയുടെ വാക്കാലുള്ള മൊഴി അല്ലാതെ, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നും വിചാരണക്കോടതി വിധിയില്‍ സൂചിപ്പിച്ചു.

‘ലീഗ് എല്ലാം മലപ്പുറത്തേയ്ക്ക് ഊറ്റിയെടുക്കുന്നു, കോണ്‍ഗ്രസ് കാഴ്ചക്കാര്‍’; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

‘ലീഗ് എല്ലാം മലപ്പുറത്തേയ്ക്ക് ഊറ്റിയെടുക്കുന്നു, കോണ്‍ഗ്രസ് കാഴ്ചക്കാര്‍’; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

‘ഒരു മതത്തിന്റെയും വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ വിശ്വാസം ആരുടെമേലും അടിച്ചേല്‍പ്പിക്കാറില്ല. ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ പോകുന്നു. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നയമാണ് എസ്എന്‍ഡിപിക്ക്.ഞങ്ങള്‍ ഒരു ജാതിക്കും എതിരല്ല. ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടുവേട്ടയാടുന്നു. ലീഗുകാരാണ് എന്നെ വേട്ടയാടുന്നത്. മുസ്ലീങ്ങളില്‍ എത്രയോ നല്ല ആളുകള്‍ ഉണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യുന്നത് മുസ്ലീമാണ്. ഞങ്ങളുടെ കേസ് മുഴുവന്‍ നടത്തി കൊണ്ടിരിക്കുന്നത് ആരാണ്? മുസ്ലീമാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണി എന്നും പറഞ്ഞു ഇടതുപക്ഷത്തെ ഇറക്കുന്നതിന് വേണ്ടി ഞങ്ങള്‍ എവിടെയെല്ലാമാണ് സമരം നടത്തിയത്. മുന്നില്‍ നിന്നത് ഞാനാണ്. ആളും അര്‍ഥവും നല്‍കിയത് ഞാനാണ്. സമരം നടത്തി യുഡിഎഫ് അധികാരത്തില്‍ വന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയ ശേഷം ഈഴവ സമുദായത്തിന് നീതി ലഭിച്ചില്ല. ഞങ്ങളെ പരിഗണിക്കാമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചു. എന്നാല്‍ അവര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി അവരുടെ കുറവുകള്‍ പരിഹരിച്ചു. എന്നാല്‍ ഞങ്ങളുടെ കുറവുകള്‍ പരിഹരിച്ചില്ല. ഞങ്ങള്‍ക്കും ഉണ്ടായിരുന്നല്ലോ നരേന്ദ്രന്‍ കമ്മീഷന്‍. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ കുറവ് പരിഹരിക്കാന്‍ എന്തുകൊണ്ട് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ അവര്‍ പറഞ്ഞില്ല. അധികാരത്തില്‍ വന്നശേഷം മുസ്ലീങ്ങളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് ഉത്തരവിറക്കി.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവ സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ? പിന്നാക്ക സമുദായത്തിന്റെ കുറവ് നരേന്ദ്ര കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ചെയ്തില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഉത്തരമില്ല. ശങ്കര്‍ സാറിന് ശേഷം ഈഴവ സമുദായത്തിന് എന്തുകിട്ടി? ഞാന്‍ എന്തുതെറ്റു ചെയ്തു? സ്‌കൂളും കോളജും താ എന്ന് ചോദിച്ചതാണോ തെറ്റ്. മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒന്നുമില്ലല്ലോ, വയനാട് ഒന്നുമില്ലല്ലോ.കാസര്‍കോടും ഒന്നുമില്ലല്ലോ. മൂന്ന് ജില്ലകളിലും ഒന്നുമില്ലല്ലോ. നോക്കാം എന്ന് പറഞ്ഞതല്ലാതേ ഒന്നും ചെയ്തില്ല’- ലീഗിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

‘ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലും ഉണ്ടായിരുന്നില്ല. അധികാരത്തില്‍ ഇരുന്ന് കൊണ്ട് അവരുടെ വകുപ്പ് അവരുടെ സമുദായത്തിന്റെ വകുപ്പ് ആയി കണ്ട് എല്ലാം ഒപ്പിട്ടെടുത്തു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്,ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനാധിപത്യത്തെ തകര്‍ത്തവരാണ്. മലപ്പുറത്ത് പ്രഖ്യാപിച്ചില്ലേ അവരുടെ മന്ത്രിമാരെയും വകുപ്പിനെയും. കോണ്‍ഗ്രസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ? ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ചാണ് നേടിയെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാതെ മന്ത്രിമാരെ പ്രഖ്യാപിക്കുകയും അഞ്ചാമത്തെ മന്ത്രിയെയും കൂടി എടുത്തു. ഇന്ത്യയില്‍ ഇങ്ങനെ ഒരു ചരിത്രമുണ്ടോ? നീതിയും ന്യായവും വിട്ട് ഒന്നും ചെയ്യില്ല എന്ന് പറയുന്ന ലീഗില്‍ സമ്പന്നര്‍ക്ക് മാത്രമല്ലേ മാര്‍ഗമുള്ളൂ. ലീഗുകാര്‍ക്ക് എത്ര കോളജുണ്ട്. മലപ്പുറത്ത് 17 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ എസ്എന്‍ഡിപിക്ക് അത്രയെ ഉള്ളൂ. 17 കോളജുകളും സമ്പന്നരുടെ ട്രസ്റ്റുകള്‍ക്ക് ആണ് കൊടുത്തിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ ആളുകള്‍ക്കല്ല നല്‍കിയത്. ലീഗ് എന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുകയാണ്. സമ്പന്നരെ സഹായിക്കുന്ന നിലപാടാണ് ലീഗുകാര്‍ക്ക്. തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ അവര്‍ എന്നെ സമീപിച്ചു. വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കാശ് ചോദിച്ചവരാണ് അവര്‍. ഒന്നാംകിട നേതാക്കളാണ് എന്നെ സമീപിച്ചത്.

വെള്ളാപ്പള്ളി പറയുന്നത് സാധിച്ചു തരാം എന്നാണ് അവര്‍ വാഗ്ദാനം ചെയ്തത്. കുറവുകള്‍ പരിഹരിക്കാം എന്നും പറഞ്ഞു. ഈ സര്‍ക്കാര്‍ പോയി നമ്മുടെ ഭരണം വരാന്‍ ഒരുമിച്ചു പോകണം എന്നും പറഞ്ഞു. എന്നാല്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നും പറഞ്ഞു. നിങ്ങളെ വിശ്വസിച്ചാല്‍ സമുദായം എന്നെ വിശ്വസിക്കില്ല എന്നും പറഞ്ഞു. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാര്‍ ആളും അര്‍ഥവും കൊടുത്തവരാണ് ലീഗുകാര്‍’- വെള്ളാപ്പള്ളി പറഞ്ഞു.