by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. ദിലീപും നടിയും ഏതാനും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. കാവ്യ മാധവനുമായിട്ടുള്ള വിവാഹേതര ബന്ധം നടിക്ക് അറിയാമായിരുന്നു. അക്കാര്യം തന്നോട് പറഞ്ഞത് നടിയാണെന്ന വിചാരമാണ് വൈരാഗ്യത്തിന് കാരണമെന്നും വിചാരണക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി.
1998 ഒക്ടോബര്‍ 20 നാണ് ദിലീപുമായിട്ടുള്ള വിവാഹം നടക്കുന്നതെന്ന് മഞ്ജു പറഞ്ഞു. തുടര്‍ന്ന് ദിലീപിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. 2012 ഫെബ്രുവരി 12 ന് കാവ്യ മാധവനുമായുള്ള ചില സ്വകാര്യ സന്ദേശങ്ങള്‍ ദിലീപിന്‍റെ പഴയ മൊബൈല്‍ ഫോണില്‍ കണ്ടു. തുടര്‍ന്ന് ദിലീപിനെ വിളിച്ചെങ്കിലും കിട്ടിയില്ല. കാവ്യയെ വിളിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
അതിനുശേഷം കാവ്യയുടെ അമ്മയെ വിളിച്ചപ്പോള്‍, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമണത്തിന് ഇരയായ നടിക്കും ഗായിക റിമി ടോമിക്കും അറിയാമെന്നും കാവ്യയുടെ അമ്മ പറഞ്ഞതായി മഞ്ജു വെളിപ്പെടുത്തി. എന്നാല്‍ റിമി ടോമിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം മഞ്ജു സുഹൃത്തുക്കളായ നടിമാരായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവരുമായി പങ്കുവെച്ചു. മഞ്ജുവിന്റെ മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് ഫെബ്രുവരി 14 ന് മഞ്ജു അക്രമത്തിനിരയായ നടിയുടെ വീട്ടിലെത്തി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിച്ചു. സത്യം തുറന്നുപറയാന്‍ പിതാവ് നിര്‍ദേശിച്ച പ്രകാരം, യുവനടി തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മഞ്ജുവിനോട് പറഞ്ഞു. ഇതിനുശേഷം സംയുക്തയുടെ വീട്ടിലെത്തിയ മഞ്ജു വീണ്ടും കാവ്യയുടെ അമ്മയെ വിളിച്ചു. ഈ ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കിയതായി കാവ്യയുടെ അമ്മ അറിയിച്ചു. തൊട്ടടുത്ത ദിവസം മഞ്ജു ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഇക്കാര്യങ്ങളെല്ലാം ദിലീപിന്റെ സഹോദരങ്ങളോട് പറഞ്ഞു.
രണ്ടു ദിവസത്തിനുശേഷം ദിലീപ് എത്തിയപ്പോള്‍ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ഫോണില്‍ മെസ്സേജ് അയച്ചതിനെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് മറുപടി നല്‍കിയത്. അതിജീവിതയായ നടി പക്വതയില്ലാത്ത പെണ്‍കുട്ടിയാണ്. അവള്‍ പറയുന്നതൊന്നും കണക്കിലെടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു. ഈ വിവാഹേതര ബന്ധമാണ് ദിലീപുമായുള്ള തന്റെ ദാമ്പത്യബന്ധം തകര്‍ത്തത്. തുടര്‍ന്ന് താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ച് താന്‍ പോകുകയായിരുന്നു എന്നും മഞ്ജു കോടതിയില്‍ പറഞ്ഞു.
ദിലീപിന്റെ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മഞ്ജു കരഞ്ഞതായി, ഗീതു മോഹന്‍ദാസ് കോടതിയില്‍ പറഞ്ഞു. ഫോണില്‍ സന്ദേശങ്ങള്‍ കണ്ടകാര്യം അടക്കം പറഞ്ഞിരുന്നു. 2009 നുശേഷം കാവ്യയുമായുള്ള സുഹൃദ് ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഗീതു മോഹന്‍ദാസ് കോടതിയെ അറിയിച്ചു. എന്നാല്‍ കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നാണ് വിചാരണ കോടതി നിരീക്ഷിച്ചത്. സംയുക്തയുടെ വീട്ടില്‍ വെച്ച് ദിലീപ്, കാവ്യ, കാവ്യയുടെ അമ്മ എന്നിവരുമായി മഞ്ജു വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നത് പൊലീസ് രേഖകളില്‍ കാണാനില്ലെന്നും കോടതി പറയുന്നു.
ദിലീപും കാവ്യയും ആക്രമണത്തിന് ഇരയായ നടിയും തന്റെ സുഹൃത്തുക്കളാണെന്നും, മഞ്ജു വാര്യരെ അറിയാമെന്നും റിമി ടോമി കോടതിയില്‍ പറഞ്ഞു. 2010-11 കാലയളവില്‍ ഒരുമിച്ച് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ഇക്കാര്യം ചോദിച്ച് മഞ്ജു വിളിച്ചിരുന്നുവെന്നും റിമി ടോമി കോടതിയില്‍ മൊഴി നല്‍കി. കാവ്യയുടെ അമ്മയും മഞ്ജുവുമായുള്ള സംഭാഷണ വിവരങ്ങള്‍ കോടതിയില്‍ പറഞ്ഞില്ല. ദിലീപുമായി നിരന്തരം കാണാറുള്ള കാര്യം കാവ്യയും കോടതിയില്‍ നിഷേധിച്ചു. തനിക്കോ ദിലീപിനോ നടിയുമായി ശത്രുത ഇല്ലെന്നും കാവ്യ അറിയിച്ചു.
ദിലീപിന്റെ ഫോണില്‍ സന്ദേശങ്ങള്‍ കണ്ട കാര്യവും, പിന്നീട് ആക്രമണത്തിന് ഇരയായ നടിയുടെ വീട്ടില്‍ പോയ കാര്യവും മഞ്ജു വാര്യര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണ രേഖകളില്‍ ഇക്കാര്യം ഇല്ലാത്തത് വൈരുധ്യത്തിന് തുല്യമായ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ദിലീപിന് തന്നോട് ശത്രുതയുണ്ടെന്ന അതിജീവിതയുടെ വാക്കാലുള്ള മൊഴി അല്ലാതെ, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നും വിചാരണക്കോടതി വിധിയില്‍ സൂചിപ്പിച്ചു.



by Midhun HP News | Dec 18, 2025 | Latest News, കേരളം
ആലപ്പുഴ: ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
‘ഒരു മതത്തിന്റെയും വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ വിശ്വാസം ആരുടെമേലും അടിച്ചേല്‍പ്പിക്കാറില്ല. ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ പോകുന്നു. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നയമാണ് എസ്എന്‍ഡിപിക്ക്.ഞങ്ങള്‍ ഒരു ജാതിക്കും എതിരല്ല. ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടുവേട്ടയാടുന്നു. ലീഗുകാരാണ് എന്നെ വേട്ടയാടുന്നത്. മുസ്ലീങ്ങളില്‍ എത്രയോ നല്ല ആളുകള്‍ ഉണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യുന്നത് മുസ്ലീമാണ്. ഞങ്ങളുടെ കേസ് മുഴുവന്‍ നടത്തി കൊണ്ടിരിക്കുന്നത് ആരാണ്? മുസ്ലീമാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണി എന്നും പറഞ്ഞു ഇടതുപക്ഷത്തെ ഇറക്കുന്നതിന് വേണ്ടി ഞങ്ങള്‍ എവിടെയെല്ലാമാണ് സമരം നടത്തിയത്. മുന്നില്‍ നിന്നത് ഞാനാണ്. ആളും അര്‍ഥവും നല്‍കിയത് ഞാനാണ്. സമരം നടത്തി യുഡിഎഫ് അധികാരത്തില്‍ വന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയ ശേഷം ഈഴവ സമുദായത്തിന് നീതി ലഭിച്ചില്ല. ഞങ്ങളെ പരിഗണിക്കാമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചു. എന്നാല്‍ അവര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി അവരുടെ കുറവുകള്‍ പരിഹരിച്ചു. എന്നാല്‍ ഞങ്ങളുടെ കുറവുകള്‍ പരിഹരിച്ചില്ല. ഞങ്ങള്‍ക്കും ഉണ്ടായിരുന്നല്ലോ നരേന്ദ്രന്‍ കമ്മീഷന്‍. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ കുറവ് പരിഹരിക്കാന്‍ എന്തുകൊണ്ട് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ അവര്‍ പറഞ്ഞില്ല. അധികാരത്തില്‍ വന്നശേഷം മുസ്ലീങ്ങളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് ഉത്തരവിറക്കി.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവ സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ? പിന്നാക്ക സമുദായത്തിന്റെ കുറവ് നരേന്ദ്ര കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ചെയ്തില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഉത്തരമില്ല. ശങ്കര്‍ സാറിന് ശേഷം ഈഴവ സമുദായത്തിന് എന്തുകിട്ടി? ഞാന്‍ എന്തുതെറ്റു ചെയ്തു? സ്‌കൂളും കോളജും താ എന്ന് ചോദിച്ചതാണോ തെറ്റ്. മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒന്നുമില്ലല്ലോ, വയനാട് ഒന്നുമില്ലല്ലോ.കാസര്‍കോടും ഒന്നുമില്ലല്ലോ. മൂന്ന് ജില്ലകളിലും ഒന്നുമില്ലല്ലോ. നോക്കാം എന്ന് പറഞ്ഞതല്ലാതേ ഒന്നും ചെയ്തില്ല’- ലീഗിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു.
‘ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലും ഉണ്ടായിരുന്നില്ല. അധികാരത്തില്‍ ഇരുന്ന് കൊണ്ട് അവരുടെ വകുപ്പ് അവരുടെ സമുദായത്തിന്റെ വകുപ്പ് ആയി കണ്ട് എല്ലാം ഒപ്പിട്ടെടുത്തു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്,ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനാധിപത്യത്തെ തകര്‍ത്തവരാണ്. മലപ്പുറത്ത് പ്രഖ്യാപിച്ചില്ലേ അവരുടെ മന്ത്രിമാരെയും വകുപ്പിനെയും. കോണ്‍ഗ്രസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ? ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ചാണ് നേടിയെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാതെ മന്ത്രിമാരെ പ്രഖ്യാപിക്കുകയും അഞ്ചാമത്തെ മന്ത്രിയെയും കൂടി എടുത്തു. ഇന്ത്യയില്‍ ഇങ്ങനെ ഒരു ചരിത്രമുണ്ടോ? നീതിയും ന്യായവും വിട്ട് ഒന്നും ചെയ്യില്ല എന്ന് പറയുന്ന ലീഗില്‍ സമ്പന്നര്‍ക്ക് മാത്രമല്ലേ മാര്‍ഗമുള്ളൂ. ലീഗുകാര്‍ക്ക് എത്ര കോളജുണ്ട്. മലപ്പുറത്ത് 17 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ എസ്എന്‍ഡിപിക്ക് അത്രയെ ഉള്ളൂ. 17 കോളജുകളും സമ്പന്നരുടെ ട്രസ്റ്റുകള്‍ക്ക് ആണ് കൊടുത്തിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ ആളുകള്‍ക്കല്ല നല്‍കിയത്. ലീഗ് എന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുകയാണ്. സമ്പന്നരെ സഹായിക്കുന്ന നിലപാടാണ് ലീഗുകാര്‍ക്ക്. തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ അവര്‍ എന്നെ സമീപിച്ചു. വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കാശ് ചോദിച്ചവരാണ് അവര്‍. ഒന്നാംകിട നേതാക്കളാണ് എന്നെ സമീപിച്ചത്.
വെള്ളാപ്പള്ളി പറയുന്നത് സാധിച്ചു തരാം എന്നാണ് അവര്‍ വാഗ്ദാനം ചെയ്തത്. കുറവുകള്‍ പരിഹരിക്കാം എന്നും പറഞ്ഞു. ഈ സര്‍ക്കാര്‍ പോയി നമ്മുടെ ഭരണം വരാന്‍ ഒരുമിച്ചു പോകണം എന്നും പറഞ്ഞു. എന്നാല്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നും പറഞ്ഞു. നിങ്ങളെ വിശ്വസിച്ചാല്‍ സമുദായം എന്നെ വിശ്വസിക്കില്ല എന്നും പറഞ്ഞു. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാര്‍ ആളും അര്‍ഥവും കൊടുത്തവരാണ് ലീഗുകാര്‍’- വെള്ളാപ്പള്ളി പറഞ്ഞു.
by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ കരിപ്പൂരില്‍ എത്തേണ്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. യാത്രാമധ്യേ യന്ത്രത്തകരാര്‍ പൈലറ്റ് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കി. സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് വിഭാഗം വിമാനത്താവളത്തില്‍ എത്തി.
ലാന്‍ഡിങ് ഗിയറിന്റെ തകരാറും രണ്ടു ടയറുകള്‍ പൊട്ടിയതുമാണ് സാങ്കേതികത്തകരാറിന് കാരണമെന്നാണ് പ്രാഥമിക വിവരം. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. പൈലറ്റ് യഥാസമയം യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍അപകടം ഒഴിവായത്.



by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്ന് അവസാനിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും കേസ് ഡയറിയും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാല്‍, ലൈംഗികാതിക്രമത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും രാഹുല്‍ ഇടപെട്ടതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവച്ചത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ മുന്‍ ഉത്തരവ് തുടരാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മറുപടി നല്‍കാന്‍ സമയം വേണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.



by Midhun HP News | Dec 18, 2025 | Latest News, കേരളം
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉൾപ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് നടപടി.
മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തവർക്കെതിരെയും കേസെടുക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മാര്‍ട്ടിന്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായതോടെയാണ് അതിജീവിത പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും അതിജീവിത പൊലീസില്‍ ഹാജരാക്കിയിരുന്നു. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിൽ മാർട്ടിൻ ആരോപിക്കുന്നത്.



by Midhun HP News | Dec 17, 2025 | Latest News, കേരളം
കോട്ടയം: മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. കർമ്മയോദ്ധ എന്ന ചിത്രത്തിന്റെ തിരക്കഥയെ സംബന്ധിച്ചുള്ള നിയമപോരാട്ടത്തിലാണ് മേജർ രവിക്ക് തിരിച്ചടി നേരിട്ടത്. സിനിമയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്സ്യൽ കോടതി വിധിച്ചു.
പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 13 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി. 2012 ലായിരുന്നു കർമ്മയോദ്ധ പുറത്തിറങ്ങിയത്. സിനിമയിൽ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഴ്സ്യല്‍ കോടതി ജഡ്ജി മനീഷ് ഡി എയുടെ വിധി.
സിനിമയുടെ റിലീസിന് ഒരു മാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചു ലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്.എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.



Recent Comments