അഞ്ചുതെങ്ങ് മണ്ണാർക്കുളത്ത് ആൾതാമസമില്ലാത്ത വീടിന് തീ പിടിച്ചു

അഞ്ചുതെങ്ങ് മണ്ണാർക്കുളത്ത് ആൾതാമസമില്ലാത്ത വീടിന് തീ പിടിച്ചു

അഞ്ചുതെങ്ങ് മണ്ണാർക്കുളത്ത് ആൾതാമസമില്ലാത്ത വീടിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടേയായിരുന്നു സംഭവം. അഞ്ചുതെങ്ങ് മണ്ണാർക്കുളം ജെൻക്ഷന് സമീപത്തെ ആളൊഴിഞ്ഞ വീടിനാണ് തീപ്പിടിച്ചത്.

അഞ്ചുതെങ്ങ് മണ്ണാർക്കുകം സ്വദേശി ജോബായയുടെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടിനായിരുന്നു തീപിടിച്ചത്, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, വീടിനുള്ള സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു.

3 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. അഞ്ചുതെങ്ങ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വർക്കല നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ പാരിസ്ഥിതിക അനുമതിയും പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണം ആരംഭിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ഇതിന്റെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്നത്. കൊങ്കണ്‍ പാതയൊക്കേ നിര്‍മ്മിച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് മുന്‍പരിചയം ഉണ്ട് എന്നതടക്കമുള്ള വിഷയങ്ങള്‍ കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.

എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു

എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു

തൃശൂര്‍: മേയര്‍ എംകെ വര്‍ഗീസ് ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു. വൈകീട്ട് നാലിനാണ് അഞ്ചുവര്‍ഷം താന്‍ ചുക്കാന്‍ പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും അദ്ദേഹം ഇറങ്ങുക. തൃശൂര്‍ കണ്ട ഒമ്പതു മേയര്‍മാരില്‍ ഏറ്റവും ഭാഗ്യവാന്‍ എന്ന വിശേഷണമാണ് വര്‍ഗീസിനുള്ളത്.

മുന്‍ സൈനികന്‍ കൂടിയായ വര്‍ഗീസ് കോണ്‍ഗ്രസ്സുകാരനാണ്. രണ്ടു തവണ കൗണ്‍സിലറാവുകയും ചെയ്തിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചെത്തിയ വര്‍ഗീസ് അപ്രതീക്ഷിതമായി മേയര്‍ ആകുകയായിരുന്നു.

എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച സ്വന്തമാക്കുകയായിരുന്നു. രണ്ടരവര്‍ഷം എന്നു പറഞ്ഞാണ് മേയര്‍ പദവിയില്‍ ഭരണം ആരംഭിച്ചതെങ്കിലും, ഭാഗ്യം വീണ്ടും വര്‍ഗീസിന്റെ തുണയ്ക്കെത്തുകയായിരുന്നു.

പുല്ലഴി ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതോടെയാണ് വര്‍ഗീസ് ചോദ്യംചെയ്യപ്പെടാത്ത മേയറായി മാറിയത്. വിവാദങ്ങളുടെ കൂട്ടുകാരനായും വര്‍ഗീസ് അഞ്ചുവര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞു. പൊലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്നതു മുതല്‍ സുരേഷ്ഗോപിയെ വാനോളം പുകഴ്ത്തിയതു വരെയുള്ള വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ആകാശപ്പാത മുതല്‍ ഐഎം വിജയന്‍ സ്പോര്‍ട്ട്സ് കോംപ്ലക്സ് വരെയുള്ള വികസന നേട്ടങ്ങളും പടിയിറങ്ങുമ്പോള്‍ എം കെ വര്‍ഗീസിന് പറയാനുണ്ട്.

പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (PSC) ആരോഗ്യ, ജലസേചന വകുപ്പുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍) എന്നി തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 14.01.2026.

സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
1. വകുപ്പ് : ആരോഗ്യ വകുപ്പ്

2. ഉദ്യോഗപേര് : സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍

3. ശമ്പളം : ₹ 59,300 – 1,20,900/-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 01.01.2025 – ല്‍ 44 (നാല്പത്തിനാല്) വയസ്സ് തികയാന്‍ പാടില്ല.

7. യോഗ്യതകള്‍ : 1. കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്നി ശാഖകളിൽ എഞ്ചിനീയറിങ്ങോ അല്ലെങ്കിൽ ഡിപ്ലോമയോ പാസായിരിക്കണം. 2. ഒരു ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും ബോഡി നിര്‍മാണത്തിലുള്ള പരിചയം ഉള്‍പ്പെടെ (a) ബിരുദധാരികള്‍ക്ക് 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം (b) ഡിപ്ലോമക്കാര്‍ക്ക് 8 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2025-12/noti-536-25.pdf

അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)
1. വകുപ്പ് : ജലസേചന വകുപ്പ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)

3. ശമ്പളം : ₹ 55,200 – 1,15,300/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-36 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1989 -നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

7. യോഗ്യതകള്‍ : (I) കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള സിവില്‍ എഞ്ചിനീയറിങിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും യോഗ്യത . അല്ലെങ്കില്‍ (ii) ഇൻഡ്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ സിവില്‍ എഞ്ചിനീയറിങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-537-25.pdf

യുഎസ് പൗരനെ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണവും കവർന്നു; 2 പേർ പിടിയിൽ

യുഎസ് പൗരനെ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണവും കവർന്നു; 2 പേർ പിടിയിൽ

കൊച്ചി: യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദ്ദിച്ച് പണവും സ്വർണ മോതിരവുമടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരന്റെ പക്കൽ നിന്നാണ് ഇരുവരും ചേർന്നു പണവും സാധനങ്ങളും തട്ടിയെടുത്തത്.

യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രൊഫഷണലുമായ ഒഡിഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്തു ചുറ്റിത്തിരിയുകയായിരുന്ന ആദർശ് സഹായത്തിനു എത്തുകയായിരുന്നു.

പിന്നീട് അനധികൃത മദ്യം വാങ്ങി നൽകിയ ആദർശും മദ്യപിക്കാൻ യുഎസ് പൗരനൊപ്പം ഹോട്ടൽ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയിൽത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് സൂചനകൾ.

വാതിലിൽ മുട്ടുന്നതു കേട്ട് താൻ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന ആൾ തന്നെ കയറിപ്പിടിച്ചെന്നും ഈ സമയം ആദർശ് പുറകിൽ നിന്നു പിടിച്ചെന്നുമാണ് യുഎസ് പൗരൻ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. തങ്ങൾ പറയുന്നതനുസരിച്ചാൽ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി.

തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. മൊത്തം 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

ഹോട്ടൽ ജീവനക്കാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പൊലീസ് എത്തുന്നത്. സെൻട്രൽ പൊലീസിന്റെ പരിശോധനയിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആദർശ് മരടിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇയാൾ രക്ഷപെട്ടു. ഒരു കിലോമീറ്ററോളം ഇയാളെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശും കുമ്പളങ്ങിയിൽ വച്ച് പിടിയിലായി.

പള്ളുരുത്തിയിൽ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ആദർശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്. യുഎസ് പൗരനിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണ മോതിരവും പ്രതികളിൽ നിന്നു കണ്ടെത്തി.

ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; സ്വര്‍ണവില 99,000ല്‍ താഴെ

ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; സ്വര്‍ണവില 99,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. 98,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 12,270 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇന്ന് ഒരു ലക്ഷവും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ആയിരത്തിലധികം രൂപ കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.