കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. നേതാക്കള്‍ പല താത്പര്യങ്ങള്‍ പ്രകടിപ്പിച്ചതോടെ മേയര്‍ ആരെന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ഗ്രൂപ്പുതാത്പര്യങ്ങള്‍ക്കപ്പുറം നേതാക്കള്‍ക്ക് വ്യക്തിതാത്പര്യംകൂടി വന്നതോടെ ചര്‍ച്ച അനിശ്ചിതത്തിലായി.

മൂന്നുപേരുകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ. മിനിമോള്‍, ഷൈനിമാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. ലത്തീന്‍ സമുദായത്തില്‍നിന്ന് മേയര്‍ സ്ഥാനത്തിനായി ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം സമുദായപ്രതിനിധികള്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ലത്തീന്‍ സമുദായത്തില്‍നിന്ന് എറണാകുളത്തുനിന്നുവേണോ, കൊച്ചിയില്‍നിന്നുവേണോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിന് തന്നെയാണ് ആദ്യ പരിഗണന. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം.

കെപിസിസി എഐസിസി നേതൃത്വങ്ങളില്‍ ദീപ്തിക്കുളള സ്വാധീനം മനസിലാക്കിയാണ് കൗണ്‍സിലര്‍മാരുടെ തലയെണ്ണിയുളള തീരുമാനം വേണമെന്ന ആവശ്യം ശക്തമാക്കുന്നത്. സമുദായ നേതാക്കളെ ഇറക്കിയുളള സമ്മര്‍ദത്തിനും നീക്കം നടക്കുന്നുണ്ട്. തര്‍ക്കം വന്നാല്‍ രണ്ടര വര്‍ഷം വീതം മേയര്‍ പദവി വീതിച്ചു നല്‍കുന്ന കാര്യവും നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് മേയറെങ്കില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുളള ഡെപ്യൂട്ടി മേയറെ നിയോഗിക്കുന്നതിനെ കുറിച്ചാണ് മറ്റൊരു ചര്‍ച്ച. മുതിര്‍ന്ന നേതാവ് കെവിപി കൃഷ്ണകുമാറും, യുവകൗണ്‍സിലര്‍ ദീപക് ജോയിയുമാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഒന്നരമണിക്കൂറിന് ശേഷം താഴെയിറക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ താഴെയിറക്കിയത് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്. ആലുവ വഴി തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് യുവാവ് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. റെയില്‍വേയുടെ വൈദ്യുതലൈനിലേക്ക്(ഓവര്‍ഹെഡ് ലൈന്‍) ചാടുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ അപ്പോള്‍ ചാടി മരിക്കുമെന്ന് യുവാവ് വിളിച്ചു പറഞ്ഞു. ഇതോടെ അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശ്ശൂര്‍, തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

അഗ്‌നിരക്ഷാസേന എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരെ വീഡിയോ കോളില്‍ വിളിച്ചു നല്‍കി അനുനയിപ്പിക്കാനായി ശ്രമം. ഇതിനിടെ യുവാവിന്റെ ശ്രദ്ധമാറിയ നിമിഷം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പാലത്തില്‍നിന്ന് മേല്‍ക്കൂരയിലേക്ക് ചാടിയിറങ്ങി. തുടര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും മേല്‍ക്കൂരയില്‍നിന്ന് താഴെയിറക്കുകയുമായിരുന്നു. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ദീര്‍ഘദൂര ട്രെയിനുകളടക്കം പല സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടു.

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി: ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്. എന്നാല്‍ ഗാനത്തിനെതിരെ പരാതി കൊടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എംപിമാര്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചപ്പോഴും ഈ ഗാനമാണ് ഇട്ടത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്ത് അയ്യപ്പനെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു. ഭക്തനെന്ന നിലയില്‍ അയപ്പന്റെ പേര് ഗാനത്തില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഗാനം പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ഗാനം നീക്കം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പട്ടു.

ഗാനം നിര്‍മിച്ചതിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ സംബന്ധിച്ചും ആരാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പ്രശാന്ത് ഡിജിപിക്ക് പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്.

കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേര്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ എട്ട് പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.

ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്

ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്

ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഹിന്ദിയിലാണ് ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്കും ബിഗ് ബോസ് എത്തി. മലയാളത്തില്‍ ഏഴ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് അവതാരകന്‍.

താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം കുറയ്ക്കുക മാത്രമല്ല ബിഗ് ബോസ് ചെയ്യുന്നത്., പുതിയ താരങ്ങളെ സൃഷ്ടിക്കുകയും ബിഗ് ബോസ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരെ മലയാളികളുടെ വീടുകളിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്. തനിക്ക് ബിഗ് ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ഒരു ദിവസം 45000 രൂപയായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നാണ് മഞജു പത്രോസ് പറയുന്നത്. അമ്പത് ദിവസം ബിഗ് ബോസില്‍ നിന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.

‘എനിക്ക് അന്ന് ഒരു ദിവസം 45000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്‌മെന്റ്. ആ പൈസ കൊണ്ട് ഞാന്‍ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വച്ചു. അന്‍പതാമത്തെ ദിവസമാണ് ബിഗ് ബോസില്‍ നിന്നും ഞാന്‍ എവിക്ട് ആകുന്നത്’ എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍ മൂലം പകുതി വഴിയ്ക്ക് നിര്‍ത്തേണ്ടി വന്ന സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു പത്രോസ്. ഈയ്യടുത്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചത്. നടി അനുമോള്‍ ആണ് ഈ സീസണിലെ വിജയി.