വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ രാഹുലിനെ കണ്ടെത്തുന്നതിന് വേണ്ടി പിന്തുടര്‍ന്നുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പുതിയ അന്വേഷണ സംഘം. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും.

പതിനൊന്ന് ദിവസമായിട്ടും രാഹുല്‍ എവിടെ ആണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പലപ്പോഴും രാഹുല്‍ എവിടെ ആണ് എന്ന വിവരം ലഭിച്ച് അവിടെ എത്തുന്നതിന് അല്‍പ്പം മുന്‍പ് രാഹുല്‍ അവിടെ നിന്ന് കടന്നുകളയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തവണയെങ്കിലും രാഹുലിന്റെ തൊട്ടടുത്ത് വരെ അന്വേഷണ സംഘം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണം സംഘത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ രാഹുലിന് അപ്പോള്‍ തന്നെ ലഭിക്കുന്നത് കൊണ്ടാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചത്. പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

രാഹുലിനെതിരായ ഒന്നാമത്തെ കേസില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ നാളെ രാഹുലിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ രാഹുലിന് എതിരെ എന്തെങ്കിലും ഒരു തെളിവ് അധികമായി ഹാജരാക്കി കേസ് ശക്തമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവില്‍ കേസില്‍ എഫ്‌ഐആര്‍ ഇട്ടതല്ലാതെ, കൂടുതല്‍ മുന്നോട്ടുപോയിട്ടില്ല. എത്രയും പെട്ടെന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിത്തം, പതിനഞ്ചോളം മത്സബന്ധന ബോട്ടുകളും ചീനവലകളും കത്തിനശിച്ചു

കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിത്തം, പതിനഞ്ചോളം മത്സബന്ധന ബോട്ടുകളും ചീനവലകളും കത്തിനശിച്ചു

കൊല്ലം: കുരീപ്പുഴയില്‍ അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനബോട്ടുകള്‍ക്ക് തീപിടിച്ചു. തീരത്ത് കെട്ടിയിട്ടിരുന്ന 10 ബോട്ടുകള്‍ കത്തിനശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവില്‍ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അഗ്നിബാധ ഉണ്ടായത്.

6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാരണം വ്യക്തമായിട്ടില്ല. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് നശിച്ചവയില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും അടുപ്പിച്ച സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. തീപടര്‍ന്നതോടെ 8 ബോട്ടുകള്‍ സ്ഥലത്തുനിന്ന് മാറ്റാനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സമീപത്തുള്ള ചീനവലകള്‍ക്കും തീപിടിച്ചിട്ടുണ്ട്.

രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം വൈകിയതും നാശനഷ്ടം വര്‍ധിപ്പിച്ചു. പ്രദേശത്തേക്ക് വഴിയില്ലാത്തതും പൊലീസ് ഉള്‍പ്പെടെയുള്ളവരെ പ്രദേശത്ത് എത്തുന്നത് വൈകിപ്പിച്ചു. പാചകവാതകത്തിന്റെ സാന്നിധ്യം മൂലം ബോട്ടുകള്‍ വേഗത്തില്‍ പൂര്‍ണമായി കത്തി. പലതും വെള്ളത്തിലേക്ക് താഴ്‌ന്നെന്നും നാട്ടുകാര്‍ പറയുന്നു.

നവംബര്‍ 22ന് സമാനമായ കുരീപ്പുഴയില്‍ ഉണ്ടായിരുന്നു. അന്ന് രണ്ട് മത്സ്യബന്ധനബോട്ടുകള്‍ക്കാണ് തീപിടിച്ചത്. ആന്ധ്രാസ്വദേശികളായ രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാന്‍ കൊല്ലപ്പെട്ടു

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാന്‍ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ആരോഗ്യ നിലയ്ക്ക് പ്രശ്‌നമില്ലെന്നാണ് റിപ്പോര്‍ട്ട്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്‍സെസിന് വേണ്ടി മുള്ളി വന മേഖലയില്‍ എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്‍സസിനായി പോയിരുന്നത്. അച്യുതന്‍, കണ്ണന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.

കാളിമുത്തുവിന്റെ മൃതശരീരം വനത്തിന് പുറത്തേക്ക് എത്തിച്ചു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെൻസസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരിൽ രണ്ടുപേർ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

‘സര്‍ക്കാരിന്റെ പെടലിക്ക് ഇടേണ്ട; ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല’

‘സര്‍ക്കാരിന്റെ പെടലിക്ക് ഇടേണ്ട; ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല’

തൃശൂര്‍: കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സര്‍ക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കില്‍ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. അതിന് അവര്‍ക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തില്‍ ചില പാളിച്ചകള്‍ പറ്റി എന്നതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും പിണറായി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ദേശീയപാത തകര്‍ന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഡിസൈന്‍ മുതല്‍ എല്ലാം നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. ഇതിന്റെ സാങ്കേതികമായ പരിശോധന നടത്തേണ്ടത് അവരാണ്. ഏതെങ്കിലും ഒരിടത്ത് പ്രശ്‌നമുണ്ടായി എന്നതുകൊണ്ട് എല്ലായിടത്തും ദേശീയപാത തകരാറാലായി എന്നുകാണേണ്ടതില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് മൈലക്കാടിന് സമീപം ദേശീയപാതയുടെ പാര്‍ശ്വ ഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇതിന്റെ ആഘാതത്തില്‍ സര്‍വീസ് റോഡും തകര്‍ന്നു. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ഇവിടെ ദേശീയപാത നിര്‍മാണ ചുമതല. തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.

തദ്ദേശതെരഞ്ഞെടുപ്പ്: തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളില്‍ അഞ്ച് ദിവസം ഡ്രൈഡേ

തദ്ദേശതെരഞ്ഞെടുപ്പ്: തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളില്‍ അഞ്ച് ദിവസം ഡ്രൈഡേ

തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാലാണിത്.

എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടിവരും.

11-ന് വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ഒന്‍പതിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈഡേ. ഈ ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള മദ്യശാലകളും അടച്ചിടേണ്ടി വരും.

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 11.40-ന് പുറപ്പെടും.

അടുത്തദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ ഡിസംബര്‍ 24,31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും.

ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.

ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 13-ന് രാത്രി 10-ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10-ന് കൊല്ലത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്‌പെഷല്‍ ഡിസംബര്‍ 15-ന് രാവിലെ 2.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30-ന് ചാര്‍ലപ്പള്ളിയില്‍ എത്തും.