by Midhun HP News | Dec 6, 2025 | Latest News, കേരളം
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ആരോഗ്യ നിലയ്ക്ക് പ്രശ്‌നമില്ലെന്നാണ് റിപ്പോര്‍ട്ട്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്‍സെസിന് വേണ്ടി മുള്ളി വന മേഖലയില്‍ എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്‍സസിനായി പോയിരുന്നത്. അച്യുതന്‍, കണ്ണന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
കാളിമുത്തുവിന്റെ മൃതശരീരം വനത്തിന് പുറത്തേക്ക് എത്തിച്ചു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെൻസസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരിൽ രണ്ടുപേർ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.



by Midhun HP News | Dec 6, 2025 | Latest News, കേരളം
തൃശൂര്‍: കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സര്‍ക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കില്‍ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. അതിന് അവര്‍ക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തില്‍ ചില പാളിച്ചകള്‍ പറ്റി എന്നതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും പിണറായി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ദേശീയപാത തകര്‍ന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഡിസൈന്‍ മുതല്‍ എല്ലാം നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. ഇതിന്റെ സാങ്കേതികമായ പരിശോധന നടത്തേണ്ടത് അവരാണ്. ഏതെങ്കിലും ഒരിടത്ത് പ്രശ്‌നമുണ്ടായി എന്നതുകൊണ്ട് എല്ലായിടത്തും ദേശീയപാത തകരാറാലായി എന്നുകാണേണ്ടതില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് മൈലക്കാടിന് സമീപം ദേശീയപാതയുടെ പാര്‍ശ്വ ഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇതിന്റെ ആഘാതത്തില്‍ സര്‍വീസ് റോഡും തകര്‍ന്നു. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ഇവിടെ ദേശീയപാത നിര്‍മാണ ചുമതല. തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.



by Midhun HP News | Dec 6, 2025 | Latest News, കേരളം
തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാലാണിത്.
എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടിവരും.
11-ന് വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ഒന്‍പതിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈഡേ. ഈ ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള മദ്യശാലകളും അടച്ചിടേണ്ടി വരും.



by Midhun HP News | Dec 6, 2025 | Latest News, കേരളം
കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 11.40-ന് പുറപ്പെടും.
അടുത്തദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ ഡിസംബര്‍ 24,31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 13-ന് രാത്രി 10-ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10-ന് കൊല്ലത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്‌പെഷല്‍ ഡിസംബര്‍ 15-ന് രാവിലെ 2.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30-ന് ചാര്‍ലപ്പള്ളിയില്‍ എത്തും.



by Midhun HP News | Dec 6, 2025 | Latest News, കേരളം
ചെന്നൈ: ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ മലയാളിയായ പി ആര്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു.

മത്സരത്തില്‍ ആദ്യ പകുതിയില്‍ ബെല്‍ജിയം സ്‌കോര്‍ ചെയ്തു. 13-ാം മിനിറ്റില്‍ ഗാസ്പാര്‍ഡിലൂടെയയിരുന്നു ലീഡ്. ഒരു ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറ്റം ശക്തമാക്കി. ഒരു പരിധി വരെ ഇന്ത്യയുടെ ആക്രമണങ്ങളെ ബെല്‍ജിയം പ്രതിരോധിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായിരുന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 45-ാം മിനിറ്റില്‍ രോഹിത്താണ് ലക്ഷ്യം കണ്ടത്.

എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡെടുത്തു. തിവാരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മത്സരം ഇന്ത്യ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ബെല്‍ജിയം സമനിലയിലാക്കി. നേതന്‍ റൊഗെയാണ് ലക്ഷ്യം കണ്ടത്. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ബെല്‍ജിയത്തെ കീഴടക്കി ഇന്ത്യ സെമി ടിക്കറ്റെടുത്തു.

by Midhun HP News | Dec 6, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്ന സാഹചര്യത്തില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടേണ്ടിവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എസി. ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവ ഉള്‍പ്പെടുന്നു.

114 ട്രിപ്പുകളിലാണ് 116 കോച്ചുകള്‍ കൂട്ടിയത്. ഓരോ ട്രിപ്പിലും പരമാവധി 4,000 പേര്‍ക്കുവരെ യാത്രചെയ്യാനും മൊത്തം 4,89,288 യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും. ഓരോ ട്രെയിനിലും 18 കോച്ചുകള്‍ വീതമുള്ള 30 പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12696) എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍കൊല്ലം അനന്തപുരി എക്സ്പ്രസ് (20635) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് (20636) ഒന്പതുമുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22639) ആറുമുതലും ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണ് സ്ലീപ്പര്‍ കോച്ച് കൂട്ടിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076), കോഴിക്കോട് തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് (12075) എന്നിവയ്ക്ക് 7 മുതല്‍ 11 വരെ ഒരു ചെയര്‍ കാറും അധികമായി അനുവദിച്ചു.
Recent Comments