by Midhun HP News | Dec 1, 2025 | Latest News, കേരളം
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. തട്ടിപ്പ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) പിടിച്ചെടുത്ത വസ്തുവകകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പണം തിരികെ കിട്ടാനായിട്ടുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീണ്ടുപോകാന്‍ ഇടയാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തില്‍ ബാങ്കാണ് പ്രാഥമിക പരാതിക്കാരെന്ന്, പിഎംഎല്‍എ (പണമിടപാട് തടയല്‍ നിയമം) കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. പിടിച്ചെടുത്ത സ്വത്തുക്കള്‍ ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിയമപരമായി അവകാശമുണ്ടെന്നും ഇഡി അറിയിച്ചു.
പണം, ജംഗമ ആസ്തികള്‍, സ്ഥാവര സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആസ്തികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്. പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം 128.82 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. ഇത് ബാങ്കിന് കൈമാറാന്‍ തയ്യാറാണെന്നും അതുവഴി സ്ഥിര നിക്ഷേപം ശരിയായ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയുമെന്നും ഇഡി അറിയിച്ചു.

2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (കണ്ടുകെട്ടിയ സ്വത്ത് പുനഃസ്ഥാപിക്കല്‍) നിയമ പ്രകാരം, കോടതിയെ സമീപിക്കാനും, സ്വത്തുക്കള്‍ ഔപചാരികമായി പുനഃസ്ഥാപിക്കാനോ വിട്ടുകൊടുക്കാനോ ആവശ്യപ്പെടാനും ബാങ്കിന് അവസരമുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്തികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ബാങ്കിന്റെ ‘മനസ്സില്ലായ്മ’ പരിഹാര പ്രക്രിയയില്‍ പ്രധാന തടസ്സമായി മാറിയിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ സമാനമായ നിക്ഷേപ തട്ടിപ്പു നടന്ന കണ്ട്‌ല സഹകരണ ബാങ്കില്‍, നിക്ഷേപകരുടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ജപ്തി ചെയ്ത എല്ലാ ആസ്തികളും പുനഃസ്ഥാപിച്ചാല്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും ഇഡി വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, ഇഡിയുടെ സത്യവാങ്മൂലത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചതായും കരുവന്നൂര്‍ ബാങ്ക് വ്യക്തമാക്കുന്നു.


സത്യവാങ്മൂലത്തില്‍ പേരുള്ള വ്യക്തികള്‍ മറുപടി നല്‍കുന്നതിനായി ബാങ്ക് കാത്തിരിക്കുകയാണ്. പരാതിയില്‍ നിരവധി പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതി അവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും ബാങ്കിന്റെ അഭിഭാഷകന്‍ അനില്‍ നായര്‍ പറഞ്ഞു. ഏകദേശം 120 കോടി രൂപയുടെ സ്വത്തുക്കള്‍ പുനഃസ്ഥാപിക്കാന്‍ ഇഡി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ ഈ ആസ്തികളില്‍ പലതിനും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീലാല്‍ ആര്‍ എല്‍ പറഞ്ഞു. കേസുകളില്ലാത്ത വസ്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഇഡി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഇപ്പോള്‍ കടകളില്‍ സാമ്പാറില്‍ മുങ്ങിത്തപ്പിയാല്‍ പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ്. രുചി അല്‍പ്പം കുറഞ്ഞാലും തല്‍ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നില്‍ക്കുകയാണ്. വലിയ കടകളില്‍ പോലും ഏതാനും കിലോ മുരിങ്ങക്കായ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.മണ്ഡലകാലത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍ വില ഉയരുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം 500 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായതോടെ ഉല്‍പ്പാദനവും കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് പ്രധാനമായി തമിഴ്‌നാട്ടില്‍ നിന്നാണ് മുരിങ്ങക്കായ എത്തുന്നത്.



by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവില. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 1, 2025 | Latest News, കേരളം
ഗുരുവായൂര്‍: വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.
രാവിലെ ആറരയ്ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ വി.ഐ.പികള്‍ക്ക് ഉള്‍പ്പെടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. ഊട്ടിനുള്ള വരി 2ന് അവസാനിപ്പിക്കും.
സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്തമയ പൂജയോടെ ഏകാദശി ആഘോഷിക്കും. ഓരോ 5 പൂജകള്‍ കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ദര്‍ശനം. കാലത്തെ ശീവേലിക്ക് ഒപ്പം പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി എഴുന്നള്ളിപ്പിന് കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണക്കോലം വഹിക്കും. പഞ്ചവാദ്യം അകമ്പടിയാകും.കുറൂരമ്മ ഹാളില്‍ ഏകാദശി സുവര്‍ണ മുദ്ര അക്ഷരശ്ലോക മത്സരം ഉച്ചയ്ക്ക് 1ന്.15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നാളെ രാത്രി സമാപിക്കും. രാത്രി 8.30ന് സംഗീതോത്സവത്തിലെ അണിയറ പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് ചെമ്പൈയുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ പാടുന്നതോടെ സമാപനമാകും.
തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷം ക്ഷേത്രം കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ വേദജ്ഞര്‍ക്ക് ദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ഊട്ട് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ അന്നലക്ഷ്മി ഹാളില്‍ നടക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്ര ആരംഭിക്കും. 8.30ന് കേശവ പ്രതിമയ്ക്കു മുന്നില്‍ ഗജവന്ദനം.ചെമ്പൈ സംഗീതോത്സവ വേദിയില്‍ രാവിലെ 9ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം.



by Midhun HP News | Nov 30, 2025 | Latest News, കേരളം
കാസർകോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു. വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരൻ പുറത്തുപോയ സമയത്താണ് മൂന്ന് നാടോടി സ്ത്രീകൾ വീട്ടിലെത്തുന്നത്. ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു. പുതിയ സ്‌പിളിറ്റ് എസി വാങ്ങിയപ്പോൾ പഴയത് ഊരിവെച്ചതാണ് സ്ത്രീകൾ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ എസി കളനാട്ട് പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ 5200 രൂപക്ക് വിറ്റതായി മനസ്സിലായി. നാടോടി സ്ത്രീകളെയും, വിൽപ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നൽകാതിരുന്നതിനാൽ, നാടോടി സ്ത്രീകളെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.



by Midhun HP News | Nov 30, 2025 | Latest News, കേരളം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാംത്സംഗക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാടെത്തി. തിരുവനന്തപുരത്തുള്ള പൊലീസ് സംഘമാണ് പാലക്കാട്ടെത്തിയത്. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്‌ലാറ്റിലെത്തി തെളിവെടുത്തു. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.
രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ലാറ്റില്‍ തന്നെയുണ്ട്. ഫ്‌ലാറ്റില്‍ വീണ്ടും പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാന്‍ യുവതിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി.
യുവതി കൂടുതല്‍ തെളിവുകള്‍ കൈമാറി
ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.



Recent Comments